നിഫ്റ്റിയിലും സെൻസെക്സിലും മികച്ച മുന്നേറ്റം; സമാധാന പ്രതീക്ഷയിൽ ഇന്ത്യൻ വിപണി കുതിക്കുന്നു

ഐടി കമ്പനികളുടെ ഓഹരികൾ ഇന്ന് മുന്നേറി. ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികളും ഇന്നു നല്ല നേട്ടത്തിലാണ്
stock market rally
canva
Published on

പശ്ചിമേഷ്യൻ സമാധാന പ്രതീക്ഷയിൽ ഓഹരികൾ ഉയർന്നു വ്യാപാരം തുടങ്ങിയിട്ടു കൂടുതൽ മുന്നേറി. എന്നാൽ മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികൾ ചെറിയ നേട്ടമേ കുറിച്ചുള്ളു. ആഭ്യന്തര വിപണിയിലെ പ്രധാന ഓഹരി സൂചികകളായ സെൻസെക്സ് 77,249-ഉം നിഫ്റ്റി 24,149-ഉം വരെ ഉയർന്നു. പിന്നീട് നേട്ടം കുറച്ചു.

ഐടി കമ്പനികളുടെ ഓഹരികൾ ഇന്ന് മുന്നേറി. പശ്ചിമേഷ്യയിൽ സമാധാനം കൈവരുന്നത്, ഐടി കമ്പനികളുടെ ബിസിനസ് സാധ്യതകൾ വർധിപ്പിക്കും എന്നാണ് വിലയിരുത്തൽ. അതുപോലെ ഓയിൽ മാർക്കറ്റിംഗ് കമ്പനികളുടെ ഓഹരികളും ഇന്നു നല്ല നേട്ടത്തിലാണ്.

ജിയോ ഐ.പി.ഒ നടപടികളിലേക്ക് കടന്നതിനെ തുടർന്ന് റിലയൻസ് ഇൻഡസ്ട്രീസ് ഓഹരി 2 ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. ടാറ്റാ മോട്ടോഴ്‌സ് പാസഞ്ചർ വെഹിക്കിൾ, ബജാജ് ഓട്ടോ തുടങ്ങിയ മുൻനിര ഓഹരികളും ഇന്നു മികച്ച മുന്നേറ്റം നടത്തി.

നവരത്ന പദവി ലഭിച്ചതിനെ തുടർന്നു ഗാർഡൻ റീച്ച് ഷിപ്പ് ബിൽഡേഴ്സും ചെന്നൈ പെട്രോയും അഞ്ചു ശതമാനം വരെ ഉയർന്നു. ആവാസ് ഹൗസിംഗ് ഫിനാൻസ് വായ്പകളുടെ ഇനം തെറ്റായി രേഖപ്പെടുത്തിയത് അടക്കമുളള കാര്യങ്ങളിൽ, നാഷണൽ ഹൗസിംഗ് ബാങ്ക് അന്വേഷണം ആരംഭിച്ചതായ റിപ്പോർട്ടിനെ തുടർന്ന് ഓഹരിവില ഏഴു ശതമാനം വരെ ഇടിഞ്ഞു.

ഹൈപ്പർ നെക്സ്റ്റ് കമ്പനിയുടെ വലിയ ഡാറ്റാ സെൻ്ററുകൾക്കു വേണ്ട ബായ്ക്ക്-അപ് പവർ പ്രോജക്റ്റ് കോൺട്രാക്റ്റ് കിർലോസ്കർ ഓയിൽ എൻജിൻസിനു കിട്ടി. മൂന്നു ഡാറ്റാ സെൻ്ററുകൾ ഇപ്പോൾ നിർമാണത്തിലുണ്ട്. ഇതോടെ കിർലോസ്കർ ഓയിൽ ഓഹരി 20 ശതമാനം കുതിച്ചുയർന്നു.

ടെക്‌സ്മാകോ റെയിൽ ജെ.എസ്.ഡബ്ള്യു റെയിലിൽ നിന്ന് 251 കോടിയുടെ കരാർ നേടി. ഓഹരി നാലു ശതമാനം ഉയർന്നു. എൻ.എം.ഡി.സിയിൽ നിന്ന് 2,977 കോടി രൂപയുടെ കരാർ ലഭിച്ച ആർ.വി.എൻ.എൽ ഓഹരി മൂന്നു ശതമാനം മുന്നേറി.

വോൾട്ടാസ് ഈ സാമ്പത്തിക വർഷം 10 ലക്ഷം എയർ കണ്ടീഷണറുകൾ വിറ്റ് റെക്കോഡ് കുറിച്ചു. ഓഹരി അഞ്ചു ശതമാനം കുതിച്ചു. വോൾട്ടാസിനു വേണ്ടി എ.സിയും മറ്റും നിർമിക്കുന്ന ഇപായ്ക്ക് ഡ്യൂറബിൾ 10 ശതമാനം ഉയർന്നു. ന്യൂ ഇന്ത്യ അഷ്വറൻസ് ഓഹരി ആറു ശതമാനം നേട്ടം ഉണ്ടാക്കി. എൻ.എസ്.ഇയുടെ ഐ.പി.ഒയിൽ കമ്പനിക്കു വലിയ നേട്ടം ഉണ്ടാകും എന്നതാണു പ്രതീക്ഷ.

രൂപ ഇന്നു തുടക്കത്തിൽ ദുർബലമായി. പിന്നീടു തിരിച്ചു കയറി. നാലു പൈസ കൂടി 94.36 രൂപയിൽ ഓപ്പൺ ചെയ്ത ഡോളർ പിന്നീടു 94.24 രൂപയിലേക്കു താഴ്ന്നു. വീണ്ടും കയറ്റിറക്കങ്ങൾ ആയി. ഡോളർ 94.46 രൂപ വരെ കയറി.

സ്വർണം ലോക വിപണിയിൽ ഔൺസിന് 4,174 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 320 രൂപ കൂടി 1,07,440 രൂപ ആയി. ക്രൂഡ് ഓയിൽ വില വീണ്ടും കുറഞ്ഞു. ബ്രെൻ്റ് ഇനം 79.25 ഡോളറിലും ഡബ്ള്യു.ടി.ഐ ഇനം ക്രൂഡ് ഓയിൽ നിരക്ക് 76.51 ഡോളറിലും എത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com