

താഴ്ന്നു വ്യാപാരം തുടങ്ങുമെന്നു ഗിഫ്റ്റ് നിഫ്റ്റി സൂചിപ്പിച്ചെങ്കിലും ഇന്ത്യൻ വിപണി രാവിലെ മികച്ച നേട്ടത്തിൽ ഓപ്പൺ ചെയ്തു. എന്നാൽ ഒരു മണിക്കൂർ കഴിഞ്ഞപ്പോൾ വിപണിയുടെ നേട്ടം തീരെ കുറവായി. മുഖ്യസൂചികകൾ നേട്ടം കുറച്ചപ്പോഴും ബാങ്ക് നിഫ്റ്റിയും മിഡ് ക്യാപ്, സ്മോൾ ക്യാപ് സൂചികകളും ഒരു ശതമാനത്തിലധികം ഉയർന്നു നിന്നു.
ആഭ്യന്തര വിപണിയെ സഹായിക്കുന്ന പല പുതിയ വിവരങ്ങളും വന്നതു, രാവിലെ നല്ല നേട്ടത്തിൽ വ്യാപാരം തുടങ്ങാൻ സഹായിച്ചു. ടെലികോം കമ്പനികൾക്ക് ചുമത്തിയ ഒറ്റത്തവണ സ്പെക്ട്രം ചാർജ് അസാധുവാണെന്നു ബോംബെ ഹൈക്കോടതി വിധിച്ചു. വോഡഫോൺ ഐഡിയയ്ക്കും ഭാരതി എയർടെലിനും ഇതു നേട്ടമാണ്. വോഡഫോൺ ഐഡിയ ഓഹരി മൂന്നു ശതമാനം വരെ ഉയർന്നു.
എച്ച്-1ബി വീസയ്ക്ക് ഒരു ലക്ഷം ഡോളർ ഫീസ് യു.എസ് കോടതി റദ്ദാക്കി. അപ്പീലിനു സാധ്യത ഉണ്ടെങ്കിലും ഐടി സേവന കമ്പനികൾക്കു രാവിലെ വില ഉയരാൻ ഇതു വഴിതെളിച്ചു. പിന്നീട് ഐടി ഓഹരികൾ പലതും താഴ്ന്നു.
ബാങ്കുകളിൽ ജൂൺ എട്ടു മുതൽ ഉള്ള വിദേശനാണ്യ (എഫ്.സി.എൻ.ആർ) നിക്ഷേപങ്ങൾക്ക് സ്വാപ്, ഹെഡ്ജിംഗ് ഇളവുകൾ റിസർവ് ബാങ്ക് പ്രഖ്യാപിച്ചു. നിശ്ചിത കാലത്തിനു ശേഷം തിരിച്ചു നൽകാൻ കരാർ ഉണ്ടാക്കി ഡോളർ വാങ്ങുന്നതാണ് സ്വാപ്. വിദേശ കറൻസിയുടെ വിനിമയ നിരക്ക് മാറുമ്പോഴുള്ള നഷ്‌ടത്തിനുള്ള ഇൻഷ്വറൻസാണ് ഹെഡ്ജിംഗ്. സെപ്റ്റംബർ 30 വരെ എടുക്കുന്ന വിദേശനാണ്യ നിക്ഷേപങ്ങളുടെ ഹെഡ്ജിംഗിനു റിസർവ് ബാങ്ക് ഫീസ് ഒഴിവാക്കും. ഹെഡ്ജിംഗിൽ ചെറിയ ലാഭവും ലഭിക്കും.
കമ്പനികളുടെ വിദേശ കറൻസി വായ്പാ ബോണ്ടുകൾക്കും ഈ സൗകര്യങ്ങൾ നൽകും. ഈ വഴികളിലെല്ലാം കൂടി 5,000 കോടി ഡോളർ എങ്കിലും ബാങ്കുകൾ സമാഹരിക്കും എന്നാണു പ്രതീക്ഷ. ബാങ്ക് ഓഹരികൾ കുതിച്ചു. ഫെഡറൽ ബാങ്ക് ഇന്നു രാവിലെ 311.90 രൂപ വരെ ഉയർന്നു പുതിയ റെക്കോർഡ് വില കുറിച്ചു.
ഇൻഡിഗോ വിമാനസർവീസ് നടത്തുന്ന ഇൻ്റർ ഗ്ലോബ് ഏവിയേഷന് വിദേശ ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകി. എച്ച്.എസ്.ബി.സി 5,545 രൂപയും ഗോൾഡ്മാൻ സാക്സ് 5,309 രൂപയും ലക്ഷ്യവില നിർണയിച്ചു.
ഐ.ഡി.എഫ്.സി ഫസ്റ്റ് ബാങ്കിന് 26 ശതമാനം നേട്ടത്തോടെ 90 രൂപ ലക്ഷ്യവില നിശ്ചയിച്ച എച്ച്.എസ്.ബി.സി വാങ്ങൽ ശിപാർശ നൽകി.
ആഫ്രിക്കയിലെ ഡെംഗി പനിക്കുള്ള യൂറോപ്യൻ യൂണിയൻ്റെ വാക്സിൻ പരീക്ഷണത്തിൽ പങ്കാളിയായ പാനേഷ്യ ബയോടെക് ഓഹരി ഇന്നു രാവിലെ 10 ശതമാനം കുതിച്ചുയർന്നു. കമ്പനി നാലാം പാദ വരുമാനം 25.82 ശതമാനം വർധിച്ചപ്പോൾ അറ്റാദായം 127.51 ശതമാനം ഉയർന്നു.
പ്രതിരോധ കമ്പനികൾ ഇന്നു മുന്നേറി. ഡ്രോൺ നിർമാതാക്കളും ഇലക്ടോണിക് കമ്യൂണിക്കേ ഷൻ നിർമാതാക്കളുമാണു നേട്ടത്തിനു മുന്നിൽ. പരസ് ഡിഫൻസ്, ഐഡിയ ഫോർജ്, എംടാർ ടെക്, ഡാറ്റാ പാറ്റേൺസ് തുടങ്ങിയവ എട്ടു ശതമാനം വരെ കുതിച്ചു.
രൂപ ഇന്നു രാവിലെ നേട്ടത്തിലായി. ഡോളർ 24 പൈസ കുറഞ്ഞ് 95.47 രൂപയിൽ ഓപ്പൺ ചെയ്തു. 95.43 രൂപയിലേക്കു താഴ്ന്ന ഡോളർ പിന്നീട് 95.65 രൂപയിലേക്കു കയറി.
സ്വർണം ലോക വിപണിയിൽ ഔൺസിന് 4335 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 1080 രൂപ വർധിച്ച് 1,12,320 രൂപ ആയി.
ക്രൂഡ് ഓയിൽ വില രാവിലെ അൽപം താഴ്ന്നു. ബ്രെൻ്റ് ഇനം ക്രൂഡ് 93.44 ഡോളറിലും ഡബ്ള്യുടിഐ ഇനം 90.32 ഡോളറിലും എത്തി.
Read DhanamOnline in English
Subscribe to Dhanam Magazine