4 ദിവസത്തെ വിപണി തകർച്ചയിൽ ₹11 ലക്ഷം കോടിയുടെ ഇടിവ്; നിക്ഷേപകർ വാറൻ ബഫറ്റിന്റെ വഴി തേടണോ?

സെൻസെക്സും നിഫ്റ്റി 50 യും നാല് ദിവസത്തിനുള്ളിൽ ഇടിഞ്ഞത് മൂന്ന് ശതമാനത്തിലധികം
Warren Buffett
Image courtesy: Canva
Published on

ഇന്ത്യൻ ഓഹരി വിപണിയിലുണ്ടായ കനത്ത ഇടിവിനെത്തുടർന്ന് വെറും നാല് വ്യാപാര സെഷനുകളിലായി നിക്ഷേപകർക്ക് 11 ലക്ഷം കോടി രൂപയാണ് നഷ്ടമായത്. പശ്ചിമേഷ്യയിലെ സംഘർഷങ്ങൾ, ക്രൂഡ് ഓയിൽ വിലയിലെ വർദ്ധനവ്, രൂപയുടെ മൂല്യത്തകർച്ച, വിദേശ നിക്ഷേപകരുടെ (FIIs) വൻതോതിലുള്ള പണം പിൻവലിക്കൽ എന്നിവ വിപണിയെ കടുത്ത സമ്മർദ്ദത്തിലാക്കി. സെൻസെക്സും നിഫ്റ്റി 50-യും നാല് ദിവസത്തിനുള്ളിൽ മൂന്ന് ശതമാനത്തിലധികം ഇടിഞ്ഞു.

ബിഎസ്ഇയിൽ ലിസ്റ്റ് ചെയ്ത കമ്പനികളുടെ ആകെ വിപണി മൂല്യം മെയ് 6-ലെ 473 ലക്ഷം കോടിയിൽ നിന്ന് മെയ് 12 ആയപ്പോഴേക്കും 462 ലക്ഷം കോടിയായി താഴുകയും ചെയ്തു. നിഫ്റ്റി നിലവിൽ 23,600 എന്ന നിലവാരത്തിന് താഴെയാണ്, ഇത് ഇനിയും 23,100 വരെ താഴാൻ സാധ്യതയുണ്ടെന്ന് വിപണി വിദഗ്ധരുടെ മുന്നറിയിപ്പുളളത്. ഇന്നും (ചൊവ്വാഴ്ച) രാവിലത്തെ സെഷനില്‍ സെന്‍സെക്സ് 1.20 ശതമാനം ഇടിഞ്ഞ് 75,100 ലാണ് എത്തിയിരിക്കുന്നത്.

തീരുമാനം സമയപരിധി അനുസരിച്ച്

ഈ സാഹചര്യത്തിൽ, നിക്ഷേപകർ ലോകപ്രശസ്ത നിക്ഷേപകനായ വാറൻ ബഫറ്റിന്റെ തന്ത്രം പിന്തുടരണോ എന്ന ചോദ്യം ഉയരുന്നുണ്ട്. ബഫറ്റിന്റെ കമ്പനിയായ ബെർക് ഷെയര്‍ ഹാത്തവേ (Berkshire Hathaway) നിലവിൽ ഏകദേശം 397 ബില്യൺ ഡോളറിലധികം പണമാണ് (Cash pile) കരുതിവെച്ചിരിക്കുന്നത്. വിപണിയിൽ ഇനിയും നീണ്ടുനിൽക്കുന്ന ഇടിവുണ്ടായേക്കാം (Prolonged downtrend) എന്ന നിഗമനത്തിലാണ് ബഫറ്റ് വൻതോതിൽ പണം കൈവശം വെക്കുന്നത്.

എങ്കിലും, എല്ലാ നിക്ഷേപകരും പൂർണമായും പണം കൈവശം വെച്ച് വിപണിയിൽ നിന്ന് മാറി നിൽക്കണമെന്ന് ഇതിന് അർത്ഥമില്ലെന്ന് അനലിസ്റ്റുകള്‍ ചൂണ്ടിക്കാട്ടുന്നു. നിക്ഷേപകരുടെ സമയപരിധിയെ (Time horizon) അടിസ്ഥാനമാക്കിയായിരിക്കണം തീരുമാനം എടുക്കേണ്ടത്. ദീർഘകാല നിക്ഷേപകർക്ക് ഇത്തരം ഇടിവുകൾ മികച്ച ഗുണനിലവാരമുള്ള ഓഹരികൾ ആകർഷകമായ വിലയിൽ വാങ്ങാനുള്ള അവസരമാണ് (Buy the dip).

നിക്ഷേപകർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ:

സന്തുലിത സമീപനം: വിപണിയിൽ നിന്ന് പൂർണമായും പുറത്തുപോകാതെ, ശക്തമായ മേഖലകളിൽ നിക്ഷേപം തുടരുന്നതാണ് ഉചിതം.

മേഖലാപരമായ തിരഞ്ഞെടുപ്പ്: ഫാർമ, ഹെൽത്ത് കെയർ, എഫ്എംസിജി മേഖലകൾ നിലവിൽ കരുത്ത് കാണിക്കുന്നുണ്ട്. എന്നാൽ ക്രൂഡ് ഓയിൽ വിലയെ നേരിട്ട് ബാധിക്കുന്ന മേഖലകൾ, ബാങ്കിംഗ്, ഐടി എന്നിവയിൽ ജാഗ്രത വേണം.

ഹെഡ്ജിംഗ്: നിലവിലുള്ള നിക്ഷേപങ്ങളെ സംരക്ഷിക്കാൻ 'പ്രൊട്ടക്റ്റീവ് പുട്ട്' (Protective puts) പോലുള്ള മാർഗങ്ങൾ ഉപയോഗിക്കാവുന്നതാണ്. (ഓഹരി വിപണിയിൽ പെട്ടെന്നുണ്ടാകുന്ന വിലയിടിവിൽ നിന്ന് സ്വന്തം ഓഹരികളെ സംരക്ഷിക്കാനായി നിക്ഷേപകർ ഉപയോഗിക്കുന്ന പ്രധാന റിസ്ക് മാനേജ്മെന്റ് തന്ത്രമാണ് പ്രൊട്ടക്റ്റീവ് പുട്ട്).

പശ്ചിമേഷ്യയിലെ യുഎസ്-ഇറാൻ സംഘർഷങ്ങൾ അവസാനിക്കുകയോ എണ്ണവില കുറയുകയോ ചെയ്താൽ വിപണി വേഗത്തിൽ തിരിച്ചുവരാൻ സാധ്യതയുണ്ട്. അതിനാൽ പൂർണമായും പണം മാത്രമായി കൈവശം വെക്കാതെ, വിപണിയിലെ നല്ല അവസരങ്ങൾ കൂടി പ്രയോജനപ്പെടുത്തുന്ന രീതിയിലുള്ള സന്തുലിതമായ ഒരു പോർട്ട്‌ഫോളിയോ ആണ് നിലവിലെ സാഹചര്യത്തിൽ നിക്ഷേപകർക്ക് ഗുണകരമാകുക.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com