

പശ്ചിമേഷ്യയിലെ സംഘർഷം അവസാനിപ്പിക്കുന്നതിനായി യു.എസ് മുന്നോട്ടുവെച്ച സമാധാന നിർദ്ദേശങ്ങൾ ഇറാൻ അംഗീകരിച്ചുവെന്ന വാർത്തകളെ തുടർന്ന് വെള്ളിയാഴ്ച (ജൂൺ 12) ഇന്ത്യൻ വിപണിയിൽ ശക്തമായ മുന്നേറ്റത്തിന് സാക്ഷ്യംവഹിച്ചു. ഇതോടെ ആഴ്ച കാലയളവിൽ എൻ.എസ്.ഇയുടെ മുഖ്യ ഓഹരി സൂചികയായ നിഫ്റ്റിയിൽ 256 പോയിന്റ് (1.09%) നേട്ടം കരസ്ഥമാക്കി. തൊട്ടുമുമ്പത്തെ ആഴ്ചയിൽ പ്രകടമായ ദുർബല പ്രകടനത്തിന് (Bearish) ശേഷം ആഭ്യന്തര വിപണി വീണ്ടും ശക്തമായ മുന്നേറ്റത്തിന്റെ (Bullish) പാതയിലേക്ക് തിരിച്ചെത്തുന്നതായാണ് സാങ്കേതിക സൂചകങ്ങൾ വ്യക്തമാക്കുന്നത്.
ടെക്നിക്കൽ അനാലിസിസ് പ്രകാരം, വിപണിയിലെ ഹ്രസ്വകാല ട്രെൻഡുകളെ വിലയിരുത്താൻ സഹായിക്കുന്ന എക്‌സ്‌പൊണൻഷ്യൽ മൂവിംഗ് ആവറേജിൽ (EMA) പോസിറ്റീവ് ക്രോസ്ഓവർ (Crossover) ദൃശ്യമായിട്ടുണ്ട്. ചാർട്ടുകളിൽ ബ്ലൂ ഇ.എം.എ താഴെ നിന്നും ഗ്രീൻ ഇ.എം.എ-യെ മറികടന്ന് മുകളിലേക്ക് പോയത്, വരാനിരിക്കുന്ന മുന്നേറ്റത്തിന്റെ സൂചനയാണ് (താഴെ കൊടുത്തിരിക്കുന്ന ചിത്രം നോക്കുക). അതുപോലെ ട്രെൻഡിന്റെ ശക്തി അളക്കുന്ന ആവറേജ് ഡയറക്ഷണൽ ഇൻഡക്സ് (ADX), നിലവിൽ 21.86-ലാണ് നിൽക്കുന്നത്. ഇതും വിപണിയിൽ പുതിയൊരു ട്രെൻഡ് രൂപപ്പെടുന്നതിന്റെ ലക്ഷണങ്ങളെ സാക്ഷ്യപ്പെടുത്തുന്നു.
1. ആഭ്യന്തര സാമ്പത്തിക സൂചകങ്ങൾ: ഇന്ത്യയുടെ മൊത്തവില സൂചിക (WPI) അടിസ്ഥാനമാക്കിയുള്ള പണപ്പെരുപ്പ നിരക്ക്, തൊഴിലില്ലായ്മാ നിരക്ക്, വിദേശനാണ്യ ശേഖരം (FX Reserves), സമ്പദ്‌ഘടനയിലെ മൊത്തം പണലഭ്യത (M3 Money Supply) എന്നിവയും വരുന്ന ദിവസങ്ങളിൽ വിപണിയുടെ ഗതിയെ സ്വാധീനിക്കുന്നതാണ്.
2. ആഗോള ഘടകങ്ങൾ: യു.എസ് കേന്ദ്ര ബാങ്കായ ഫെഡറൽ റിസർവിന്റെ യോഗം ജൂൺ 16-17 തീയതികളിലായി ചേരുന്നു. എഫ്.ഒ.എം.സി യോഗത്തിൽ സ്വീകരിക്കുന്ന പലിശ നിരക്ക് തീരുമാനവും അതിനുശേഷം വിപണിയേയും സമ്പദ്ഘടനയേയും കുറിച്ച് നടത്തുന്ന പ്രസ്താവന ഏറെ നിർണായകമാണ്. ഇതിനൊപ്പം ക്രൂഡ് ഓയിൽ സംഭരണ റിപ്പോർട്ട്, യുകെ, യൂറോസോൺ എന്നിവടങ്ങളിൽ നിന്നുള്ള പണപ്പെരുപ്പ നിരക്കുകളും ബാങ്ക് ഓഫ് ഇംഗ്ലണ്ടിന്റെ പലിശ നയവും നിക്ഷേപകർ ഉറ്റുനോക്കുന്നു.
3. പശ്ചിമേഷ്യൻ സംഘർഷം: ജൂൺ 14-ന് സ്വിസർലാന്റിലെ ജനീവയിൽ വെച്ച് നടക്കുന്ന യു.എസ് - ഇറാൻ സമാധാന ചർച്ചകളുടെ അന്തിമഫലം എന്ത് തന്നെയായാലും അന്താരാഷ്ട്ര വിപണിയിൽ വലിയ ചലനങ്ങൾക്കുള്ള വഴി തെളിക്കും.
4. പുതിയ ഐ.പി.ഒ ലിസ്റ്റിംഗ്: ഉത്കൽ സ്പെഷ്യൽറ്റി ഇൻഡസ്ട്രീസ് ഓഹരികൾ ജൂൺ 17-ന് വിപണിയിൽ (എൻ.എസ്.ഇയുടെ എസ്.എംഇ പ്ലാറ്റ്ഫോമിൽ) ലിസ്റ്റ് ചെയ്യും.
ഈ കടന്നുപോകുന്ന വ്യാപാര ആഴ്ചയിലെ അവസാന സെഷനിലെ ശക്തമായ കുതിപ്പിനൊടുവിൽ 23,623-ലാണ് നിഫ്റ്റി സൂചിക ക്ലോസ് ചെയ്തത്. ഇവിടെ നിന്നും ഇനിയും മുന്നേറാനുള്ള ശ്രമമാണ് ഉണ്ടാകുന്നതെങ്കിൽ 23,793—23,925—24,192 എന്നി നിലവാരങ്ങളായിരിക്കും പ്രധാന പ്രതിരോധ കടമ്പകളാകാൻ (റെസിസ്റ്റൻസ്) സാധ്യത. മറിച്ച് വിപണിയിൽ വിൽപ്പന സമ്മർദം നേരിടുകയാണെങ്കിൽ നിഫ്റ്റിയുടെ 23,357—22,781—22,519 എന്നീ നിലവാരങ്ങളിൽ നിന്നും പിന്തുണ (സപ്പോർട്ട്) പ്രതീക്ഷിക്കാം.
അതേസമയം നിഫ്റ്റി സൂചികയ്ക്ക് വരും ദിവസങ്ങളിൽ തൊട്ടുമുന്നിലുള്ള പ്രതിരോധ കടമ്പകൾ മറികടക്കാൻ സാധിക്കുന്നുണ്ടെങ്കിൽ വിപണിയിൽ അനുകൂല തരംഗം ശക്തമാകും. എന്നിരുന്നാലും, ജൂൺ 14-ന് ജനീവയിൽ നിശ്ചയിച്ചിരിക്കുന്ന യു.എസ് — ഇറാൻ സമാധാന ചർച്ചയുകളുടെ അന്തിമ ഫലവും ആഗോള കേന്ദ്ര ബാങ്കുകളുടെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകളുമായിരിക്കും പുതിയ വ്യാപാര ആഴ്ചയിൽ വിപണിയുടെ ഭാവിഗതി നിർണയിക്കുക.
(Disclaimer: വിപണിയുടെ ഭാവിഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. പൂർവകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അംഗീകൃത അനലിസ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ മാർഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine