നിഫ്റ്റി റിപ്പോർട്ട്: ഈയാഴ്ച വിപണി എങ്ങനെയാകും? തിരിച്ചടിയാണോ കാത്തിരിക്കുന്നത്?

ഈയാഴ്ച ശ്രദ്ധിക്കേണ്ട നിഫ്റ്റി സൂചികയുടെ പ്രധാന സപ്പോർട്ട് ലെവലുകൾ: 23,925 — 23,793 — 23,357; റെസിസ്റ്റൻസ് ലെവലുകൾ: 24,192 — 24,335 — 24,425 എന്നിങ്ങനെയാകുന്നു.
stock market outlook
canva
Published on

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ഏപ്രിൽ 27-30) ഇന്ത്യൻ ഓഹരി വിപണിയിൽ പ്രകടമായത് കടുത്ത അനിശ്ചിതത്വം. എൻ.എസ്.ഇയുടെ മുഖ്യ അടിസ്ഥാന ഓഹരി സൂചികയായ നിഫ്റ്റിയുടെ ടെക്നിക്കൽ അനാലിസിസ് പ്രകാരം, വീക്കിലി ചാർട്ടിൽ (Weekly Chart) 'സ്പിന്നിംഗ് ടോപ്പ്' പാറ്റേണിലുള്ള കാൻഡിൽ സ്റ്റിക്ക് ആണ് രൂപപ്പെട്ടത്. ആഭ്യന്തര വിപണി ഈയാഴ്ചയിൽ (മേയ് 4-8) ഏത് ദിശയിലേക്ക് നീങ്ങുമെന്ന കാര്യത്തിലുള്ള അവ്യക്തത നിലനിർത്തുന്നതിന്റെ സൂചനയാണിത്. ഈയൊരു പശ്ചാത്തലത്തിൽ നിഫ്റ്റി സൂചികയുടെ മുന്നിലുള്ള സാധ്യതകളും ഈയാഴ്ച വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങളും നിക്ഷേപകർ ശ്രദ്ധിക്കേണ്ട മറ്റ് കാര്യങ്ങളും അറിയാം.

കഴിഞ്ഞയാഴ്ച സംഭവിച്ചതെന്ത്?

കടന്നുപോയ വ്യാപാര ആഴ്ചയിൽ നിഫ്റ്റി സൂചികയിൽ 99.6 പോയിന്റ് (ഏകദേശം 0.42%) നേരിയ നേട്ടം മാത്രമാണ് രേഖപ്പെടുത്താൻ സാധിച്ചത്. എന്നിരുന്നാലും വിപണിയിൽ തലപൊക്കിയ കടുത്ത ചാഞ്ചാട്ടം (Volatility) കാരണം, ടെക്നിക്കൽ അനാലാസിസ് അടിസ്ഥാനമാക്കി ട്രേഡ് എടുക്കുന്ന നിരവധി ട്രേ‍ഡർമാരുടെ സ്റ്റോപ്പ് ലോസ്സുകൾ ഹിറ്റ് ചെയ്തു നഷ്ടത്തിന്റെ കയ്പ്പുനീർ രുചിച്ചിട്ടുണ്ട്.

ഉദ്ദാഹരണത്തിന്, ഏപ്രിൽ 27-ന് (തിങ്കൾ) നിഫ്റ്റി സൂചിക 194 പോയിന്റ് (0.81%) ഉയർന്നു. എന്നാൽ ഏപ്രിൽ 28-ന് (ചൊവ്വ) തലേന്നത്തെ നേട്ടത്തിന്റെ പകുതിയോളം നഷ്ടപ്പെടുത്തി. ഏപ്രിൽ 29 (ബുധൻ) 181 പോയിന്റ് (0.76%) വർധനവ് രേഖപ്പെടുത്തി. എന്നാൽ ഏപ്രിൽ 30-ന് (വ്യാഴം) ബുധനാഴ്ച കരസ്ഥമാക്കി നേട്ടം പൂർണ്ണമായും നഷ്ടപ്പെടുത്തി.

ഇത്തരത്തിൽ ദിവസേന പ്രകടമായ ഈ കയറ്റിറക്കങ്ങൾ, വിപണിയുടെ അടുത്ത ദിശയെ കുറിച്ചുള്ള അനിശ്ചിതത്വം അല്ലെങ്കിൽ ഒരു കൺസോളിഡേഷനെയാണ് സൂചിപ്പിക്കുന്നത്. ഇനി വരുന്ന ആഴ്ചകളിൽ കാഴ്ചവെക്കുന്ന പ്രകടനമാകും വിപണിയിൽ ശക്തമായ ഒരു ദിശാമാറ്റത്തിനുള്ള (Directional move) വഴിയൊരുക്കുമെന്ന് പ്രതീക്ഷിക്കാം.

Nifty Weekly Chart

ഈയാഴ്ച എങ്ങനെയാകും?

വിപണിയിൽ പ്രകടമാകുന്ന നീക്കത്തിന്റെ (ട്രെൻഡ്) ശക്തി എത്രത്തോളമുണ്ടെന്ന് മനസ്സിലാക്കാൻ സഹായിക്കുന്ന പ്രധാന ടെക്നിക്കൽ ഇൻഡിക്കേറ്ററായ എ.ഡി.എക്സ് (Average Directional Index) പ്രകാരം, നിഫ്റ്റി സൂചികയുടെ ഡെയ്‍ലി ചാർട്ടിലെ മൂല്യം 17.6 ആണ്. എ.ഡി.എക്സ് സൂചിക 20 നിലവാരത്തിന് താഴെ നിൽക്കുന്നത്, ഇപ്പോഴുള്ള ട്രെൻഡിന്റെ കരുത്ത് കുറവാണെന്നതിനെ സൂചിപ്പിക്കുന്നു. എപ്പോഴാണോ പുതിയൊരു ട്രെൻഡ് (ബുള്ളിഷോ ബെയറിഷോ) ആരംഭിക്കുന്നത്, അപ്പോഴാകും എ.ഡി.എക്സ് 20-ന് മുകളിലേക്ക് ഉയരാൻ സാധ്യതയുള്ളത്. നിലവിൽ നിഫ്റ്റി സൂചികയിലുള്ള കാഴ്ചപ്പാട് ബെയറിഷ് (ഇടിവിനുള്ള സാധ്യത) ആണ്.

ഈയാഴ്ച ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങൾ

കമ്പനികളുടെ മാർച്ച് പാദഫലം (Q4 Results): കൊട്ടക് മഹീന്ദ്ര ബാങ്ക്, എൽ & ടി, എം & എം, ബജാജ് ഓട്ടോ, ടൈറ്റൻ കമ്പനി, ബി.എച്ച്.ഇ.എൽ, അംബുജ സിമന്റ്സ്, പഞ്ചാബ് നാഷണൽ ബാങ്ക്, ബ്ലൂ സ്റ്റാർ, ബി.എസ്.ഇ, കല്ല്യാൺ ജൂവലേഴ്സ് തുടങ്ങിയ പ്രധാന കമ്പനികൾ ഈയാഴ്ച മാർച്ച് സാമ്പത്തിക പാദത്തിലെ പ്രവർത്തന ഫലങ്ങൾ പ്രഖ്യാപിക്കുന്നതാണ്.

സാമ്പത്തിക ഡാറ്റ: ഏപ്രിൽ മാസത്തെ ജി.എസ്.ടി വരുമാനം, ആഭ്യന്തര വിമാന സർവീസുകളിലെ കാ‌ർ​ഗോ/ പാസഞ്ചർ ലോഡ് ഫാക്ടർ എന്നിവ വിപണി കണക്കിലെടുക്കും.

തിരഞ്ഞെടുപ്പ് ഫലം: പശ്ചിമ ബംഗാൾ, അസം, തമിഴ്നാട്, കേരളം, പുതുച്ചേരി എന്നിവിടങ്ങളിലേക്ക് നടന്ന നിയമസഭാ തിരഞ്ഞെടുപ്പിന്റെ വോട്ടെണ്ണൽ മെയ് 4-ന് നടക്കും.

ആഗോള വിപണി: യുഎസ് — ഇറാൻ സംഘർഷം ശമനമില്ലാതെ തുടരുന്നത് ആ​ഗോള വിപണിയിൽ ആശങ്ക നിലനിർത്തുന്നു. എന്നിരുന്നാലും യു.എസ് വിപണി സർവ്വകാല റെക്കോഡ് നിലവാരത്തിലാണ് വ്യാപാരം തുടരുന്നത് എന്നതും ശ്രദ്ധേയം.

യു.എസിലെ സർവീസ് സെക്ടറിന്റെ പ്രകടനത്തെ കുറിച്ചുള്ള ഉൾക്കാഴ്ച പകരുന്ന പ്രധാനപ്പെട്ട പ്രതിമാസ ഇക്കോണമിക് ഡാറ്റകളിലൊന്നായ എസ്&പി ​ഗ്ലോബൽ സർവീസസ് പി.എം.ഐ മേയ് 5-ന് പ്രസിദ്ധീകരിക്കും. യു.എസിലെ ക്രൂഡ് ഓയിൽ സംഭരണ അളവ് മേയ് 6-ന് പുറത്തുവിടും. തൊഴിലില്ലായ്മ നിരക്ക് മേയ് 8-നും പ്രസിദ്ധീകരിക്കും.

ശ്രദ്ധിക്കേണ്ട നിഫ്റ്റി ലെവലുകൾ

ഈയാഴ്ചയിലേക്ക് നിഫ്റ്റി സൂചികയിൽ ശ്രദ്ധിക്കേണ്ട പ്രധാന സപ്പോർട്ട് & റെസി​സ്റ്റൻസ് നിലവാരങ്ങൾ താഴെ ചേർക്കുന്നു.

  • സപ്പോർട്ട് ലെവലുകൾ: 23,925 — 23,793 — 23,357.

  • റെസിസ്റ്റൻസ് ലെവലുകൾ: 24,192 — 24,335 — 24,425.

(Disclaimer: വിപണിയുടെ ഭാവി​ഗതിയെ സംബന്ധിച്ച കാഴ്ചപ്പാട് വിശദമാക്കുന്ന ഈ ടെക്നിക്കൽ അനാലിസിസ് പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ഇവിടെ നൽകിയ ടെക്നിക്കൽ അനാലിസിസ് ഇൻഡിക്കേറ്റർ ഉപയോ​ഗപ്പെടുത്തിയുള്ള ട്രേഡിൽ നിന്നും ഉറപ്പായും ലാഭം കിട്ടുമെന്ന പ്രതീക്ഷവെക്കരുത്. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. മുൻകാല പ്രകടനം ഭാവിയിൽ ലാഭം നേടിത്തരുമെന്നതിന് ഉറപ്പൊന്നുമല്ല. കൂടാതെ, സെബി അം​ഗീകൃത അനലി​സ്റ്റ് എന്ന പദവി, വിപണിയിൽ നിന്നും ലാഭം നേടിത്തരും എന്നതിനുളള ​ഗ്യാരണ്ടിയല്ലെന്നും നിക്ഷേപകർ ഓർക്കുക. ഓഹരിയിലോ ഡെറിവേറ്റീവ് കോൺട്രാക്ടുകളിലോ വ്യാപാരം ആരംഭിക്കുന്നതിന് മുമ്പേ, അതുമായി ബന്ധപ്പെട്ട റിസ്ക് ഘടകങ്ങൾ മനസ്സിലാക്കുക. നിക്ഷേപവുമായി ബന്ധപ്പെട്ട തീരുമാനം എടുക്കുന്നതിന് മുൻപ് സ്വന്തം നിലയിൽ കൂടുതൽ പഠനം നടത്തുകയോ സെബി അം​ഗീകൃത സാമ്പത്തിക വിദ​ഗ്ധരുടെ മാർ​ഗനിർദേശം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്. ബാലചന്ദ്രൻ ആർ.വി.യുടെ സെബി ആർ.ഐ.എ ലൈസൻസ് INA000021757 എന്നാകുന്നു.)

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com