

ക്രൂഡ് ഓയിൽ വിലയിടിവും മൂലധനാദായ നികുതിയിൽ (LTCG Tax) ഇളവിനുള്ള സാധ്യതയും ഇന്ത്യൻ ഓഹരി വിപണിയെ രണ്ടാം ദിവസവും ഒരു ശതമാനത്തിലധികം കുതിപ്പിലാക്കി. രാവിലെ നിഫ്റ്റി സൂചിക 23,648ഉം സെൻസെക്സ് 76,477ഉം വരെ കുതിച്ചുയർന്നു. മിഡ് ക്യാപ്, സ്മോൾ ക്യാപ് ഓഹരികളും ഉയർന്നു. ഫാർമയും ഹെൽത്ത് കെയറും ഒഴികെ എല്ലാ മേഖലകളും നേട്ടത്തിലായി. ബാങ്ക്, ധനകാര്യ സേവനം, ഓട്ടോ, എഫ്എംസിജി, റിയൽറ്റി, ഓയിൽ, ഐടി, കാപ്പിറ്റൽ മാർക്കറ്റ്, പ്രതിരോധ, ടൂറിസം ഓഹരികൾ മുന്നേറി.
നാലു പാദങ്ങളിൽ തുടർച്ചയായി നഷ്ടത്തിലായിരുന്ന കിറ്റെക്സ് ഗാർമെൻ്റ്സ് ലാഭത്തിലേക്കു തിരിച്ചു വന്നു. രണ്ടാം പാദത്തിൽ വിറ്റു വരവ് 66.28 ശതമാനം വർധിപ്പിച്ച കമ്പനി 13.71 കോടി രൂപ അറ്റാദായം ഉണ്ടാക്കി. ഓഹരി 16 ശതമാനം കുതിച്ചു. വിറ്റുവരവ് നാലു ശതമാനം കുറഞ്ഞെങ്കിലും വസ്ത്ര കയറ്റുമതിക്കാരായ ട്രൈഡൻ്റ് ലിമിറ്റഡിൻ്റെ രണ്ടാം പാദ അറ്റാദായം 94 ശതമാനം കുതിച്ചുയർന്നു. ഓഹരി 12 ശതമാനം വരെ കയറി.
രണ്ടാം പാദത്തിൽ ലാഭം കുത്തനേ ഇടിഞ്ഞെങ്കിലും ഐടിസി ഓഹരിക്ക് പ്രമുഖ ബ്രോക്കറേജുകൾ വാങ്ങൽ ശിപാർശ നൽകി. ഓഹരിക്ക് ജെഫറീസ് 350 രൂപയും സിഎൽഎസ്എ 390 രൂപയും ലക്ഷ്യവില നിർണയിച്ചു. ഓഹരി ഒരു ശതമാനം വരെ ഉയർന്നു. മികച്ച രണ്ടാം പാദ റിസൽട്ടിനെ തുടർന്നു മാരികോയുടെ ലക്ഷ്യവില ഗോൾഡ്മാൻ സാക്സ് 950 രൂപയായി ഉയർത്തി. ഓഹരി എട്ടു ശതമാനം കയറി.
വരുമാനം 20.7 ശതമാനം കൂടിയപ്പോൾ അറ്റാദായം ഇരട്ടിയിലധികമാക്കിയ വിആർഎൽ ലോജിസ്റ്റിക്സ് ഓഹരി 14 ശതമാനം കുതിച്ചു. വരുമാന പ്രതീക്ഷ താഴ്ത്തിയ കെഇസി ഇൻ്റർനാഷണൽ ഓഹരി എട്ടു ശതമാനം ഇടിഞ്ഞു.
രൂപ ഇന്നു നല്ല നേട്ടത്തോടെ വ്യപാരം തുടങ്ങി. ഡോളർ 24 പൈസ കുറഞ്ഞ് 94.66 രൂപയിൽ ഓപ്പൺ ചെയ്തു. ഡോളർ 94.61 രൂപയിലേക്കു താഴ്ന്നിട്ട് 94.83 രൂപയിലേക്കു കയറി. ലോക വിപണിയിൽ സ്വർണം താഴ്ന്നു 3926 ഡോളറിൽ എത്തി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 200 രൂപ വർധിച്ച് 1,02,400 രൂപയായി. ക്രൂഡ് ഓയിൽ വില അൽപം ഉയർന്നു. ബ്രെൻ്റ് ഇനം ക്രൂഡ് ഓയിൽ 105.26 ഡോളറിലും ഡബ്ള്യുടിഐ ഇനം ക്രൂഡ് ഓയിൽ 97.08 ഡോളറിലും എത്തി.
Indian equity benchmarks extended their rally for a second consecutive session, with gains across most sectors and sharp moves in select stocks.
Read DhanamOnline in English
Subscribe to Dhanam Magazine