

ഓഹരികൾ തിരിച്ചു കയറുകയും രൂപ റെക്കോർഡ് താഴ്ചയിലേക്കു പതിക്കുകയും ചെയ്തു. വെള്ളിയാഴ്ച (2026 മാർച്ച് 20) രാവിലെ വിപണി ഒരു ശതമാനത്തിലധികം ഉയർന്നു. എല്ലാ മേഖലകളും മുന്നേറി. സെൻസെക്സ് 75,200 നും നിഫ്റ്റി 23,300 നും മുകളിൽ എത്തിയിട്ടു താഴ്ന്നു.
രൂപ ഇന്നു രാവിലെ ഇടിഞ്ഞു. ഡോളർ 93 രൂപ കടന്നു. രാവിലെ ഡോളർ 26 പൈസ കൂടി 92.89 രൂപ എന്ന റെക്കോർഡിൽ ഓപ്പൺ ചെയ്തു. പിന്നീട് 93.24 രൂപയിലേക്കു കയറി. റിസർവ് ബാങ്ക് സജീവമായി വിപണിയിലുണ്ട്. ഗൾഫ് യുദ്ധം തുടങ്ങിയ ശേഷം രൂപ രണ്ടു ശതമാനം താഴ്ചയിലായി.
ക്രൂഡ് ഓയിൽ വില താഴ്ന്ന സാഹചര്യത്തിൽ ഓയിൽ മാർക്കറ്റിംഗ് കമ്പനികൾ നാലു ശതമാനം വരെ ഉയർന്നു. എഫ്എസിടി അടക്കമുള്ള രാസവള കമ്പനികളും രാവിലെ നേട്ടത്തിലായി. മുന്ദ്ര പവർ പ്ലാൻ്റിലെ വൈദ്യുതി നൽകാൻ ഗുജറാത്ത് ഗവണ്മെൻ്റുമായി ടാറ്റാ പവർ കരാർ ഒപ്പിട്ടു. വേറേ സംസ്ഥാന ഗവണ്മെൻ്റുകളുമായും കരാറിൽ ഏർപ്പെടും എന്നു കമ്പനി അറിയിച്ചു. ടാറ്റാ പവർ നാലു ശതമാനത്തിലധികം നേട്ടം കുറിച്ചു.
എച്ച്ഡിഎഫ്സി ബാങ്ക് ഓഹരി ഇന്നു രാവിലെയും താഴ്ന്നു. ഇന്നലെ 5.3 ശതമാനം ഇടിഞ്ഞ ഓഹരി രാവിലെ 781 രൂപവരെ താഴ്ന്നു. ഐസിഐസിഐ ബാങ്ക് ഒന്നര ശതമാനം ഉയർന്നു. ഫെഡറൽ ബാങ്ക് മൂന്നു ശതമാനം കുതിച്ചു.
പൊതുമേഖലാ ബാങ്കുകൾ ഇന്നു മികച്ച മുന്നേറ്റം നടത്തി. കനറാ ബാങ്ക്, യൂണിയൻ ബാങ്ക്, സെൻട്രൽ ബാങ്ക്, ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവ നാലു ശതമാനത്തിലധികം കയറി. എസ്ബിഐയും പിഎൻബിയും ബാങ്ക് ഓഫ് ബറോഡയും മൂന്നു ശതമാനം ഉയർന്നു. ടാറ്റാ സ്റ്റീൽ അടക്കം സ്റ്റീൽ, മെറ്റൽ കമ്പനികൾ ഇന്നു നല്ല കയറ്റത്തിലാണ്. ഐടിക്കും രാവിലെ നല്ല കുതിപ്പുണ്ടായി.
സ്വർണവില താഴ്ന്നതിൻ്റെ പേരിൽ മുത്തൂറ്റ്, മണപ്പുറം ഓഹരികൾ ഒരു ശതമാനം താഴ്ന്നു. സ്വർണം രാജ്യാന്തര വിപണിയിൽ ഔൺസിന് 4722 ഡോളറിലേക്ക് കയറി. കേരളത്തിൽ 22 കാരറ്റ് സ്വർണം പവന് 480 രൂപ കൂടി 1,10,680 രൂപയായി.
എംസിഎക്സിൽ 24 കാരറ്റ് സ്വർണം 10 ഗ്രാമിന് 1,47,938 രൂപ വരെ വില കയറി. ക്രൂഡ് ഓയിൽ രാവിലെ താഴ്ന്നിട്ടു വീണ്ടും കയറി. ബ്രെൻ്റ് ഇനം 107.56 ഡോളർ വരെ എത്തി. രാവിലെ 105 ഡോളർ വരെ താഴ്ന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine