

കഴിഞ്ഞ മൂന്ന് വ്യാപാര സെഷനുകളിലെ തുടര്‍ച്ചയായ നഷ്ടക്കച്ചവടത്തിന് വിരാമമിട്ട് ഇന്ത്യന്‍ വിപണി സൂചികകള്‍. സെന്‍സെക്‌സ് 319 പോയിന്റ് ഉയര്‍ന്ന് 83,535.35ലും നിഫ്റ്റി 82 പോയിന്റ് ഉയര്‍ന്ന് 25,574.35ലും വ്യാപാരം അവസാനിപ്പിച്ചു. ബി.എസ്.ഇ മിഡ്ക്യാപ് സൂചികകള്‍ 0.62 ശതമാനം മുന്നേറ്റം കാഴ്ചവച്ചപ്പോള്‍ സ്‌മോള്‍ ക്യാപ് സൂചിക 0.82 ശതമാനം ഇടിഞ്ഞു.
യു.എസില്‍ 40 ദിവസം നീണ്ടു നിന്ന ഷട്ട്ഡൗണ്‍ ഏതാണ്ട് അവസാനിക്കുന്നുവെന്ന സൂചനകള്‍ ഉയര്‍ന്നത് ഏഷ്യന്‍ വിപണികളെ നേട്ടത്തിലാക്കി. ആഗോള വിപണികളില്‍ നിന്നുള്ള പോസിറ്റീവ് സൂചനകള്‍ മുന്‍നിര ഓഹരികളായ ഇന്‍ഫോസിസ്, റിലയന്‍സ് ഇന്‍ഡസ്ട്രീസ് എന്നിവയുടെ പ്രകടനത്തിലും പ്രതിഫലിച്ചു.
യു.എസില്‍ നിന്ന് വരുമാനത്തിന്റെ മുഖ്യ പങ്കും നേടുന്ന ഐ.ടി കമ്പനി ഓഹരികള്‍ ഉണര്‍വിലായത് ഐ.ടി സൂചികയില്‍ 1.6 ശതമാനം മുന്നേറ്റത്തിന് വഴിയൊരുക്കി.
രണ്ടാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലങ്ങള്‍ കാഴ്ചവച്ചതും പുതിയ ഓര്‍ഡറുകള്‍ ലഭിച്ചതും എച്ച്.സി.എല്‍ ടെക്‌നോളജീസ്ഓ ഹരികളെ 12 ശതമാനം ഉയര്‍ത്തി.
ബജാജ് ഫിനാന്‍സ്, ഏഷ്യന്‍ പെയിന്റ്‌സ്, ടാറ്റ മോട്ടോഴ്‌സ് പാസഞ്ചര്‍ വെഹിക്കിള്‍സ് എന്നിവ ഒന്നു മുതല്‍ 2.5 ശതമാനം വരെ ഉയര്‍ന്നു.
ഇന്ത്യന്‍ മെറ്റല്‍സ് ഓഹരികള്‍ ഇന്നും മുന്നേറ്റത്തിലായിരുന്നു. ഓഹരി 11 ശതമാനം കയറി.
ഹോസ്പിറ്റാലിറ്റി വിഭാഗത്തിലെ ഏറ്റെടുക്കല്‍ പ്രഖ്യാപനത്തെ തുടര്‍ന്ന് ഡ്രീംസ്‌ഫോക്‌സ് സര്‍വീസസ് 10 ശതമാനം നേട്ടത്തിലായി.
മികച്ച ഡിമാന്‍ഡിന്റെ കരുത്തില്‍ രണ്ടാം പാദ ഫലം മൂന്ന് ഇരട്ടിയായത് നൈക ഓഹരികളെ 5.8 ശതമാനം ഉയര്‍ത്തി. നാല്‍കോ, യൂനോ മൈന്‍ഡ, ടോറന്റ് ഫാര്‍മ എന്നിവ അഞ്ച് മുതല്‍ 10 ശതമാനം വരെ ഉയര്‍ന്നു.
പ്രതിരോധ മേഖലയിലെ ഓഹരികളായ ഹിന്ദുസ്ഥാന്‍ ഏയ്‌റോനോട്ടിക്‌സ് (HAL), ഭാരത് ഡൈനാമിക് എന്നിവ 4-5 ശതമാനം നേട്ടത്തിലാണ്.
സ്വര്‍ണ പണയ കമ്പനികളുടെ ഓഹരികള്‍ ഇന്നും മുന്നേറി. മുത്തൂറ്റ് ഫിനാന്‍സ്, മണപ്പുറം ഫിനാന്‍സ് ഓഹരികള്‍ മൂന്ന് ശതമാനത്തിനടുത്ത് നേട്ടത്തിലായി.
ടാറ്റയ്ക്ക് കിഴിലെ വസ്ത്ര ബ്രാന്‍ഡായ ട്രെന്റ് 2021 മുതലുള്ള ഏറ്റവും കുറഞ്ഞ പാദവരുമാനവളര്‍ച്ച രേഖപ്പെടുത്തിയത് ഓഹരിയെ 7.4 ശതമാനം ഇടിവിലാക്കി. നിഫ്റ്റിയില്‍ ഇന്ന് ഏറ്റവും ഇടിവ് നേരിട്ട ഓഹരിയാണിത്. 2026 സാമ്പത്തിക വര്‍ഷത്തെ ഗൈഡന്‍സ് പിന്‍വലിച്ചത് എന്‍.സി.സി ഓഹരികളെ നാല് ശതമാനം ഇടിവിലാക്കി,
വില വര്‍ധന അനുവദിച്ചേക്കില്ലെന്ന റിപ്പോര്‍ട്ടുകള്‍ ഹോസ്പിറ്റല്‍ ഓഹരികളെ സമ്മര്‍ദ്ദത്തിലാക്കി. മാക്‌സ് ഹെല്‍ത്ത്‌കെയര്‍ മൂന്ന് ശതമാനം ഇടിഞ്ഞു.
ഇന്ന് ഓഹരി വിപണിയില്‍ കന്നിയങ്കം കുറിച്ച ലെന്‍സ്‌കാര്‍ട്ട് ഓഹരികള്‍ ഐ.പി.ഒ വിലയില്‍ നിന്ന് താഴ്ന്നാണ് ലിസ്റ്റിംഗ് നടത്തിയതെങ്കിലും പിന്നീട് ഉയര്‍ന്നു.
കേരള ഓഹരികളില്‍ ഇന്ന് ശതമാനക്കണക്കില്‍ വലിയ വളര്‍ച്ച കാഴ്ച വെച്ചത് പ്രൈമ അഗ്രോയാണ്. ഓഹരി വില 10 ശതമാനം ഉയര്‍ന്നു. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ്, അബേറ്റ് ഇന്‍ഡസ്ട്രീസ് എന്നിവ നാല് ശതമാനത്തിലധികം ഉയര്‍ന്നു. ഈസ്‌റ്റേണ്‍ ട്രെഡ്‌സ്, ഇസാഫ് എന്നിവയും മോശമല്ലാത്ത പ്രകടനം കാഴ്ചവച്ചു.
ടി.സിഎം ഓഹരികള്‍ ഇന്ന് അഞ്ച് ശതമാനം ഇടിവുമായി നഷ്ടത്തില്‍ മുന്നിലെത്തി. ഹാരിസണ്‍സ് മലയാളം, കൊച്ചിന്‍ മിനറല്‍സ് ആന്‍ഡ് റൂട്ടൈല്‍, എ.വി.റ്റി നാച്വറല്‍ പ്രോഡക്ട്‌സ് എന്നിവയും നഷ്ടത്തിന് കൊടിപിടിച്ചവരില്‍ ഉള്‍പ്പെടുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine