നാലാം നാളും കരകയറാതെ സൂചികകള്‍, ചുങ്ക ഭീതിയില്‍ കളം വിട്ട് വിദേശികള്‍, ലാഭം കുറഞ്ഞിട്ടും മുന്നേറി ഓല, ആഡ്‌ടെക്കും കേരള ആയുര്‍വേദയും മുന്നോട്ട്

ടി.സി.എസ് നല്‍കിയ നിരാശയില്‍ ഒരു ശതമാനം ഇടിഞ്ഞ് ഐ.ടി സൂചികകള്‍
നാലാം നാളും കരകയറാതെ സൂചികകള്‍, ചുങ്ക ഭീതിയില്‍ കളം വിട്ട് വിദേശികള്‍, ലാഭം കുറഞ്ഞിട്ടും മുന്നേറി ഓല, ആഡ്‌ടെക്കും കേരള ആയുര്‍വേദയും മുന്നോട്ട്
Published on

ആഗോള വ്യാപാര ചുങ്ക ആശങ്കകളില്‍ തട്ടി ഇന്നും ഓഹരി വിപണിക്ക് വീഴ്ച. സെന്‍സെക്‌സ് 247.01 പോയിന്റ് ഇടിഞ്ഞ് 82,253.46ലും നിഫ്റ്റി 67.55 പോയിന്റ് താഴ്ന്ന് 25,082.30ലുമെത്തി.

തുടര്‍ച്ചയായ നാലാമത്തെ വ്യാപാര ദിനത്തിലാണ് സൂചികകള്‍ ഇടിവു രേഖപ്പെടുത്തുന്നത്. നാല് ദിവസം കൊണ്ട് സെന്‍സെക്‌സും നിഫിറ്റിയും രണ്ട് ശതമാനത്തോളം ഇടിഞ്ഞു.

അതേസമയം, നിഫ്റ്റി മിഡ്, സ്‌മോള്‍ ക്യാപ് സൂചികകള്‍ മെച്ചപ്പെട്ട നേട്ടം കാഴ്ചവയ്ക്കുന്നുണ്ട്. ഇന്ന് ഇരു സൂചികകളും അര ശതമാനത്തോളം ഉയര്‍ന്നു.

Perfromance of Nifty Indices
വിവിധ ഓഹരി സൂചികകളുടെ പ്രകടനം

എങ്ങും വ്യാപാരയുദ്ധ ആശങ്കകള്‍

ഓഗസ്റ്റ് ഒന്നുമുതല്‍ യൂറോപ്യന്‍ യൂണിയനും മെക്‌സിക്കോയ്ക്കും 30 ശതമാനം ഇറക്കുമതി തീരുവ ഏര്‍പ്പെടുത്തുമെന്ന യു.എസ് പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന്റെ പുതിയ പ്രഖ്യാപനമാണ് നിക്ഷേപകരെ സമ്മര്‍ദ്ദത്തിലാക്കിയത്. വ്യാപാര പങ്കാളികളുമായുള്ള ഈ ചുങ്കപ്പോര് പ്രതീക്ഷിക്കുന്നതിനേക്കാള്‍ കൂടുതല്‍ പ്രത്യാഘാതങ്ങള്‍ സൃഷ്ടിക്കാമെന്നതും ആഗോള വളര്‍ച്ചയെ ആഴത്തില്‍ ബാധിക്കുമെന്നതുമാണ് ആശങ്കയ്ക്ക് കാരണം. എന്നാല്‍ ഇന്ത്യയുമായുള്ള വ്യാപാരക്കരാര്‍ ഇതുവരെ യാഥാര്‍ത്ഥ്യമായിട്ടില്ല. 20 ശതമാനത്തില്‍ താഴെയായിരിക്കും ഇന്ത്യക്കുള്ള നിരക്കുകളെന്നാണ് പ്രതീക്ഷിക്കുന്നത്.

അതേസമയം, ഇന്ത്യ അമേരിക്കയുമായി ഒരു വ്യാപാര കരാറില്‍ ഒപ്പുവെച്ചാലും 2026 സാമ്പത്തിക വര്‍ഷത്തില്‍ ആറു ശതമാനത്തിലേറെ വളര്‍ന്നാലും ഭൗമരാഷ്ട്രീയ സംഘര്‍ഷങ്ങള്‍ പോലുള്ള ആഗോള പ്രശ്നങ്ങള്‍ ബാധിച്ചേക്കാമെന്ന് വിദഗ്ധര്‍ മുന്നറിയിപ്പ് നല്‍കുന്നുണ്ട്.

വീഴ്ചയ്ക്ക് പിന്നില്‍ ഇക്കാരണങ്ങളും

ബെഞ്ച് മാര്‍ക്ക് സൂചികകളിലെ വീഴ്ചക്ക് പ്രധാന കാരണം പല റീട്ടെയില്‍ നിക്ഷേപകരും ഇപ്പോള്‍ മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികളില്‍ കൂടുതല്‍ ശ്രദ്ധ കേന്ദ്രീകരിക്കുന്നതാണെന്ന് വിദഗ്ദ്ധര്‍ പറയുന്നു. കൂടുതല്‍ റീട്ടെയില്‍ നിക്ഷേപകര്‍ നല്ല വരുമാനം പ്രതീക്ഷിച്ച് മിഡ്, സ്‌മോള്‍ ക്യാപ് ഓഹരികള്‍ വാങ്ങുന്നതിനാല്‍ ഹ്രസ്വകാലത്തേക്ക് ഈ വിഭാഗം മികച്ച പ്രകടനം കാഴ്ചവയ്ക്കുമെന്നാണ് കരുതുന്നത്.

വിദേശ പോര്‍ട്ട്ഫോളിയോ നിക്ഷേപകര്‍ (Foreign portfolio investors /FPIs) തുടര്‍ച്ചയായി നാലു മാസം ഇന്ത്യന്‍ ഓഹരികള്‍ വാങ്ങിയ ശേഷം ഇപ്പോള്‍ വിറ്റഴിച്ചുകൊണ്ടിരിക്കുകയാണ്. ലാര്‍ജ് ക്യാപുകളില്‍ എഫ്പിഐകള്‍ക്ക് കൂടുതല്‍ പങ്കാളിത്തം ഉള്ളത് ബെഞ്ച്മാര്‍ക്കുകളെയും സമ്മര്‍ദ്ദത്തിലാക്കുന്നു. ജൂലൈ 11 വരെ 10,000 കോടിയിലധികം മൂല്യമുള്ള ഓഹരികള്‍ എഫ്പിഐകള്‍ വിറ്റഴിച്ചതായാണ് കണക്കുകള്‍ കാണിക്കുന്നത്.

ഇതിനിടെ കമ്പനികളുടെ ഒന്നാം പാദത്തിലെ വരുമാനം സമ്മിശ്രമായിരിക്കുമെന്ന നിഗമനങ്ങളാണ് വരുന്നത്. കമ്പനികളുടെ യഥാര്‍ത്ഥ പ്രകടനവുമായി താരതമ്യപ്പെടുത്തുമ്പോള്‍ ഇന്ത്യന്‍ ഓഹരി വിലകള്‍ വളരെ ഉയര്‍ന്നതാണെന്ന അഭിപ്രായങ്ങള്‍ ഉയരുന്നതും വിപണിയെ ബാധിക്കുന്നു.

Nifty Gainers and losers
നിഫ്റ്റി ഓഹരികളിലെ കയറ്റവും ഇറക്കവും

ഓഹരികളുടെ കുതിപ്പും കിതപ്പും

ടാറ്റ കണ്‍സള്‍ട്ടന്‍സിയുടെ നിരാശ നിറഞ്ഞ ഒന്നാം പാദഫല പ്രഖ്യാപനത്തെ തുടര്‍ന്ന് ഐ.ടി ഓഹരികള്‍ ആകെ മാന്ദ്യത്തിലാണ്. നിഫ്റ്റി ഐ.ടി സൂചിക ഇന്ന് ഒരു ശതമാനത്തിലധികം താഴ്ന്നു. ഇന്‍ഫോസിസ് (1.94%), വിപ്രോ (1.88%) സെന്‍സാര്‍ ടെക്‌നോളജീസ് (1.68%), എല്‍ ആന്‍ഡ് ടി ടെക്‌നോളജീസ് (1.59%), ടി.സി.എസ് (1.58%), ടെക് മഹീന്ദ്ര (1.50%), എല്‍.ടി.ഐ മൈന്‍ഡ് ട്രീ (1.25%), എംഫസിസ് (1.10%) എന്നിവയെല്ലാം ഇടിവിലാണ്.

പ്രമുഖ ഇലക്ട്രിക് സ്‌കൂട്ടര്‍ ഉത്പാദകരായ ഓല ഇലക്ട്രിക് ഏപ്രില്‍-ജൂണ്‍ ത്രൈമാസത്തില്‍ 428 കോടി രൂപ നഷ്ടം രേഖപ്പെടുത്തിയിട്ടും ഓഹരി വില 17 ശതമാനം ഉയര്‍ന്നു. ഓഹരി വില 46.85 രൂപയിലെത്തി. മുന്‍വര്‍ഷത്തിലെ സമാന പാദവുമായി നോക്കുമ്പോള്‍ ലാഭവും വരുമാനവും ഇടിഞ്ഞെങ്കിലും മാര്‍ച്ച് പാദത്തേക്കാള്‍ മെച്ചപ്പെട്ടുവെന്നതാണ് ഓഹരിക്ക് ഗുണമായത്. ഗ്രോസ് മാര്‍ജിനും മെച്ചപ്പെട്ടിട്ടുണ്ട്. ഇത് കൂടുതല്‍ മെച്ചപ്പെടുമെന്ന പ്രതീക്ഷ മാനേജ്‌മെന്റ് പങ്കുവച്ചതും ഓഹരിക്ക് ഗുണമായി. 58 കോടി ഓഹരികളാണ് ഇന്ന് വ്യാപാരം ചെയ്യപ്പെട്ടത്. 20 ദിവസ ശരാശരി നോക്കിയാല്‍ 3.2 കോടി ഓഹരികളാണ് വ്യാപാരം നടത്തിയിട്ടുള്ളത്.

അവന്യു സൂപ്പര്‍മാര്‍ട്ട് ഒന്നാം പാദഫല റിപ്പോര്‍ട്ടുകള്‍ക്ക് പിന്നാലെ ഇടിവിലായെങ്കിലും പിന്നീട് കരകയറി.

വി.ഐ.പി ഇന്‍ഡസ്ട്രീസിന്റെ പ്രമോട്ടറായ പിരാമല്‍ കുടുംബം വില്‍ക്കുന്ന 32 ശതമാനം വരുന്ന ഓഹരി വാങ്ങാന്‍ മള്‍ട്ടിപ്പിള്‍സ് പ്രൈവറ്റ് ഇക്വിറ്റിയും മറ്റും സമ്മതം മൂളിയത് ഓഹരിയെ അഞ്ച് ശതമാനം ഉയര്‍ത്തി.

റിയല്‍റ്റി ഓഹരികളില്‍ റാലി ഉണ്ടായതോടെ നിഫ്റ്റി റിയല്‍റ്റി സൂചിക ഉയര്‍ന്നു. മൊത്തവില പണപ്പെരുപ്പ സൂചിക പ്രതീക്ഷയിലും താഴെയായതാണ് റിയല്‍ എസ്റ്റേറ്റില്‍ മുന്നേറ്റത്തിനിടയാക്കിയത്.

സമ്മര്‍ദ്ദത്തില്‍ കേരള ഓഹരികളും

കേരള ഓഹരികളില്‍ ഇന്ന് ആഡ്‌ടെക് സിസ്റ്റംസാണ് വലിയ മുന്നേറ്റം കാഴ്ചവച്ചത്. ഓഹരി വില ഒമ്പത് ശതമാനത്തിലധികം ഉയര്‍ന്നു. മുന്നേറ്റത്തിന്റെ കാരണം വ്യക്തമല്ല.

കേരള ആയുര്‍വേദയാണ് 4.99 ശതമാനം കുതിപ്പുമായി നേട്ടത്തില്‍ രണ്ടാം സ്ഥാനത്ത്. ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍ ഓഹരി വില 4.98 ശതമാനം ഉയര്‍ച്ച രേഖപ്പെടുത്തി.

നിറ്റ ജെലാറ്റിന്‍ ഓഹരിയാണ് ഇന്ന് വീഴ്ചയില്‍ മുന്നില്‍. ആറ് ശതമാനത്തോളം വിലയിടിവ് നേരിട്ടു ഓഹരി. യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്‌സ് നാലു ശതമാനത്തിലധികം ഇടിഞ്ഞു. വെര്‍ട്ടെക്‌സ്, പി.ടി.എല്‍ എന്റര്‍പ്രൈസസ്, കിറ്റെക്‌സ് എന്നീ ഓഹരികള്‍ രണ്ട് ശതമാനത്തിലധികം ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com