വിപണിയില്‍ തളര്‍ച്ച തുടരുന്നു, വിദേശ വില്‍പ്പനയില്‍ റെക്കോഡിട്ട് 2025, സ്വര്‍ണത്തില്‍ തട്ടിവീണ് മുത്തൂറ്റും മണപ്പുറവും

തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വില്‍പ്പന തുടരുകയാണ്
വിപണിയില്‍ തളര്‍ച്ച തുടരുന്നു, വിദേശ വില്‍പ്പനയില്‍ റെക്കോഡിട്ട് 2025,
സ്വര്‍ണത്തില്‍ തട്ടിവീണ് മുത്തൂറ്റും മണപ്പുറവും
Published on

ഇന്ത്യന്‍ ഓഹരി വിപണിയില്‍ തളര്‍ച്ച വിട്ടുമാറുന്നില്ല. തുടര്‍ച്ചയായ നാലാം ദിവസവും സൂചികകള്‍ നഷ്ടത്തില്‍ വ്യാപാരം അവസാനിപ്പിച്ചു. ബിഎസ്ഇ സെന്‍സെക്‌സ് 345 പോയിന്റ് ഇടിഞ്ഞ് 82,150 എന്ന നിലവാരത്തിലാണ് ഇന്ന് ക്ലോസ് ചെയ്തത്. നിഫ്റ്റി 100 പോയിന്റിലധികം താഴ്ന്ന് 25,000 എന്ന നിര്‍ണായക നിലവാരത്തിന് താഴെയെത്തി. ചൈനീസ് വിപണിയിലേക്ക് വിദേശ നിക്ഷേപകര്‍ പണമൊഴുക്കുന്നത് ഇന്ത്യന്‍ വിപണിക്ക് വലിയ തിരിച്ചടിയാവുകയാണ്. ഇന്ത്യന്‍ വിപണിയില്‍ നിന്ന് ലാഭമെടുത്ത് കുറഞ്ഞ മൂല്യമുള്ള ചൈനീസ് ഓഹരികളിലേക്ക് നിക്ഷേപകര്‍ മാറുന്നതാണ് നിലവിലെ പ്രതിസന്ധിക്ക് ഒരു പ്രധാന കാരണം.

തുടര്‍ച്ചയായ രണ്ടാമത്തെ മാസവും വിദേശ നിക്ഷേപക സ്ഥാപനങ്ങള്‍ ഇന്ത്യന്‍ ഓഹരിവിപണിയില്‍ വില്‍പ്പന തുടരുകയാണ്. ഡിസംബറില്‍ ഇതുവരെ 22,230 കോടി രൂപയുടെ വില്‍പ്പന നടത്തി. നവംബറില്‍ 3765 കോടി രൂപയുടെ വില്‍പ്പന നടത്തിയിരുന്നു. വിദേശികള്‍ ഏറ്റവും കൂടുതല്‍ വില്‍പ്പന നടത്തിയ വര്‍ഷമെന്ന റെക്കോഡാണ് 2025 സ്വന്തമാക്കുന്നത്. വര്‍ഷം തീരാന്‍ മൂന്ന് ദിവസം ശേഷിക്കെ മൊത്തം വില്‍പ്പന 1,58,407 കോടി രൂപയായി.

മിഡില്‍ ഈസ്റ്റിലെ സംഘര്‍ഷങ്ങളും യുഎസ് ഫെഡറല്‍ റിസര്‍വിന്റെ പലിശ നിരക്ക് സംബന്ധിച്ച നിലപാടുകളും ആഗോള വിപണികളില്‍ അനിശ്ചിതത്വം സൃഷ്ടിക്കുന്നു. ഇതിന്റെ പ്രതിഫലനം ഇന്ത്യന്‍ വിപണിയിലുമുണ്ട്. രാജ്യാന്തര വിപണിയില്‍ ക്രൂഡ് ഓയില്‍ വിലയിലുണ്ടാകുന്ന ചാഞ്ചാട്ടവും ഇന്ത്യന്‍ രൂപയെയും വിപണിയെയും ഒരുപോലെ ബാധിക്കുന്നുണ്ട്.

കഴിഞ്ഞ നാല് സെഷനുകളിലായി നിക്ഷേപകരുടെ ലക്ഷക്കണക്കിന് കോടി രൂപയാണ് വിപണിയില്‍ നിന്ന് തുടച്ചുനീക്കപ്പെട്ടത്. ഇന്ന് ഒറ്റ ദിവസം കൊണ്ട് 2.08 ലക്ഷം കോടി രൂപയുടെ ഇടിവാണ് ബി.എസ്.ഇയിലെ ലിസ്റ്റഡ് കമ്പനികളുടെ വിപണി മൂല്യത്തിലുണ്ടായത്.

വന്‍കിട ഓഹരികള്‍ക്കൊപ്പം മിഡ്ക്യാപ്, സ്‌മോള്‍ക്യാപ് സൂചികകളും ഇന്ന് നഷ്ടം രേഖപ്പെടുത്തി. വിപണിയിലെ പൊതുവായ സെന്റിമെന്റ് നെഗറ്റീവ് ആയത് ചെറുകിട നിക്ഷേപകരെയും ബാധിച്ചിട്ടുണ്ട്.

പ്രമുഖ ബാങ്കിംഗ് ഓഹരികളും ഐടി കമ്പനികളും ഇന്ന് വില്‍പന സമ്മര്‍ദ്ദം നേരിട്ടു. എച്ച്ഡിഎഫ്‌സി ബാങ്ക്, ഐസിഐസിഐ ബാങ്ക് എന്നിവയിലെ ഇടിവാണ് സൂചികകളെ താഴേക്ക് വലിച്ചത്.

ഓഹരികളുടെ പ്രകടനം

വ്യാപാരത്തിന്റെ തുടക്കത്തില്‍ മുന്നേറ്റം നടത്തിയ മെറ്റല്‍ ഓഹരികള്‍ പിന്നീട് നേട്ടം കൈവിട്ടു.

ആഗോള തലത്തില്‍ ചെമ്പിന്റെ വില കുതിച്ചുയര്‍ന്നത് ഹിന്ദുസ്ഥാന്‍ കോപ്പറിന്റെ ഓഹരി വിലയെ 2010 മേയ്ക്ക് ശേഷമുള്ള ഏറ്റവും ഉയര്‍ന്ന വിലയിലെത്തിച്ചു. കഴിഞ്ഞ ഏഴ് ദിവസം കൊണ്ട് 49 ശതമാനത്തോളമാണ് ഓഹരി വില ഉയര്‍ന്നത്.

അതേസമയം, എഫ്എംസിജി മേഖലയില്‍ ടാറ്റ കണ്‍സ്യൂമര്‍ പ്രോഡക്ട്‌സ്, ഏഷ്യന്‍ പെയിന്റ്‌സ് എന്നിവ നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ വലിയ മുന്നേറ്റം നടത്തിയ റെയില്‍ ഓഹരികളില്‍ ഇന്ന് ലാഭമെടുപ്പ് ദൃശ്യമായി. ഐ.ആര്‍.എഫ്.സി, ആര്‍.വി.എന്‍.എല്‍ എന്നിവ 5 ശതമാനത്തോളം ഇടിഞ്ഞു. അഞ്ച് ദിവസം കൊണ്ട് 20.25 ശതമാനം മുന്നേറ്റം നടത്തിയ ശേഷമാണ് റെയില്‍ ഓഹരികളില്‍ ലാഭമെടുപ്പ് ഉണ്ടായത്. ടിക്കറ്റ് നിരക്കുകള്‍ വര്‍ധിപ്പിച്ചത് റെയില്‍വേയുടെ വരുമാനം വര്‍ധിപ്പിക്കുമെന്ന പ്രതീക്ഷകളാണ് ഓഹരികളെ മുന്നേറ്റത്തിലാക്കിയത്.

പ്രതിമാസ ബിസിനസ് അപ്ഡേറ്റുകള്‍ പുറത്തുവരുന്നതിന് മുന്നോടിയായി ഏഞ്ചല്‍ വണ്‍ ഓഹരികള്‍ തളര്‍ച്ച നേരിട്ടു. ഇലക്ട്രോണിക് മാനുഫാക്ചറിംഗ് മേഖലയിലെ ഡിക്‌സണ്‍ ടെക്‌നോളജീസ് 4 ശതമാനവും ആംബര്‍ എന്റര്‍പ്രൈസസ് 2 ശതമാനവും താഴ്ന്നു.

എഫ് ആന്റ് ഒ (F&O) സെഗ്മെന്റില്‍ നിന്നുള്ള ഒഴിവാക്കലിന് മുന്നോടിയായി HFCL, NCC, ടിറ്റാഗഡ് റെയില്‍ എന്നിവ 2 മുതല്‍ 5 ശതമാനം വരെ ഉയര്‍ന്നു.

പ്രൊമോട്ടര്‍ വിഹിതം വിറ്റഴിക്കുന്നു എന്ന വാര്‍ത്തയെത്തുടര്‍ന്ന് ടൈമക്‌സ് ഗ്രൂപ്പ് 7 ശതമാനം ഇടിഞ്ഞു. പ്രതിരോധ മന്ത്രാലയം 79,000 കോടി രൂപയുടെ പദ്ധതികള്‍ക്ക് അംഗീകാരം നല്‍കിയെങ്കിലും ഡിഫന്‍സ് ഓഹരികളില്‍ സമ്മിശ്ര പ്രതികരണമാണ് ഉണ്ടായത്.

ഇന്നത്തെ ഇടിവിനിടയിലും പൊതുമേഖലാ സ്ഥാപനങ്ങളുടെയും ചില ഫാര്‍മ കമ്പനികളുടെയും ഓഹരികള്‍ നേരിയ നേട്ടമുണ്ടാക്കി പ്രതിരോധം തീര്‍ത്തു.

ക്രൂഡ് ഓയില്‍ വില കുറഞ്ഞത് ഓയില്‍ മാര്‍ക്കറ്റിംഗ് കമ്പനികള്‍ക്ക് നേട്ടമായി. പാക്കേജ് പ്രതീക്ഷകളില്‍ വോഡഫോണ്‍ ഐഡിയ ഓഹരികള്‍ ശ്രദ്ധാകേന്ദ്രമായി.

കേരള ഓഹരികളും നിരാശയില്‍

വിപണിയിലെ പൊതു ട്രെന്‍ഡിന് ഒപ്പം ചുവടുവയ്ക്കുകയായിരുന്നു ഇന്ന് കേരള കമ്പനികളുടെ ഓഹരികളും. ഭൂരിഭാഗം കമ്പനികളും നഷ്ടത്തില്‍ തുടര്‍ന്നു. ഹാരിസണ്‍സ് മലയാളം, യൂണിറോയല്‍ എക്‌സ്‌പോര്‍ട്‌സ് എന്നിവ നാല് ശതമാനത്തിനു മുകളില്‍ ഉയര്‍ന്നതൊഴിച്ചാല്‍ കാര്യമായ മുന്നേറ്റങ്ങളൊന്നുമുണ്ടായില്ല.

സ്വര്‍ണ വിലയിലെ ചാഞ്ചാട്ടം ഇന്നും മണപ്പുറം ഫിനാന്‍സ്, മുത്തൂറ്റ് ഫിനാന്‍സ് ഓഹരികളെ ഇടിവിലാക്കി. രാജ്യാന്തര വിപണിയിലെ ചലനങ്ങളും ലാഭമെടുപ്പും വിപണിയെ സ്വാധീനിച്ചതോടെ ആഭ്യന്തര വിപണിയില്‍ സ്വര്‍ണ വില താഴേക്ക് പതിച്ചു. കഴിഞ്ഞ ആഴ്ചയില്‍ 1,40,465 രൂപ എന്ന സര്‍വകാല റെക്കോര്‍ഡ് തൊട്ട എം.സി.എക്‌സ് (MCX) സ്വര്‍ണവിലയില്‍ ഇന്ന് 2,800 രൂപയുടെ വരെ കുറവാണ് രേഖപ്പെടുത്തിയത്.

പ്രൈമ അഗ്രോയാണ് ഇടിവില്‍ മുന്നില്‍. ഓഹരി വില അഞ്ച് ശതമാനം താഴ്ന്നു. പോപ്പീസ് കെയറും നാല് ശതമാനത്തിലധികം ഇടിവിലാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com