ആറാം ദിനത്തിലും പച്ചതൊട്ട് വിപണി, കിറ്റെക്‌സ് ഓഹരികള്‍ അപ്പര്‍ സര്‍ക്യൂട്ടില്‍, ഇന്ന് വിപണിയില്‍ നടന്നതെന്ത്?

യു.എസില്‍ നടക്കാനിരിക്കുന്ന ജാക്ക്‌സണ്‍ ഹോള്‍ സിമ്പോസിയത്തിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍
Stock Watch update on 21 August 2025 showing Sensex at 82,000.71 up 142.87 points and Nifty at 25,083.75 up 33.20 points with intraday charts
canva, NSE, BSE
Published on

ജി.എസ്.ടി പരിഷ്‌കരണം ഗുണകരമാകുമെന്ന പ്രതീക്ഷയില്‍ ആറാം ദിവസവും നേട്ടം തുടര്‍ന്ന് ഓഹരി വിപണി. ഇന്‍ഷുറന്‍സ് പ്രീമിയത്തെ ജി.എസ്.ടിയില്‍ നിന്ന് ഒഴിവാക്കുമെന്ന വാര്‍ത്തകളും റിലയന്‍സ് ഇന്‍ഡസ്ട്രീസ് പോലുള്ള ഹെവിവെയ്റ്റ് ഓഹരികളുടെ മികച്ച പ്രകടനവും വിപണിക്ക് അനുകൂലമായി.

മുഖ്യഓഹരി സൂചികയായ സെന്‍സെക്‌സ് 142.87 പോയിന്റുകള്‍ (0.17%) നേട്ടത്തില്‍ 82,000.71 എന്ന നിലയിലെത്തി. നിഫ്റ്റിയാകട്ടെ 25.85 പോയിന്റുകള്‍ (0.13%) നേട്ടത്തില്‍ വ്യാപാരാന്ത്യം 25,083.75 എന്ന നിലയിലുമെത്തി. എന്നാല്‍ നിഫ്റ്റി മിഡ്ക്യാപ് സൂചിക 0.38 ശതമാനവും സ്‌മോള്‍ ക്യാപ് സൂചിക 0.01 ശതമാനവും നഷ്ടത്തിലായി.

സൂചികകളുടെ പ്രകടനം
സൂചികകളുടെ പ്രകടനം

ആരോഗ്യ ഇന്‍ഷുറന്‍സ് പ്രീമിയത്തിന്‍ മേലുള്ള ജി.എസ്.ടി ഒഴിവാക്കണമെന്ന മന്ത്രിസഭാ ഉപസമിതിയുടെ നിര്‍ദ്ദേശം പുറത്തുവന്നത് നിഫ്റ്റി ഫിനാന്‍ഷ്യല്‍സിനെ 0.30 ശതമാനം നേട്ടത്തിലാക്കി. ഐ.സി.ഐ.സി.ഐ പ്രുഡെന്‍ഷ്യല്‍ ലൈഫ്, എസ്.ബി.ഐ ലൈഫ് ഓഹരികളാണ് കരുത്തേകിയത്. യു.എസ് ഫെഡ് നിരക്കുകള്‍ കുറച്ചേക്കുമെന്ന സൂചനയില്‍ ഇന്നും ഐ.ടി ഓഹരികള്‍ നേട്ടമുണ്ടാക്കി. നിഫ്റ്റി ഐ.ടി സൂചിക 0.09 ശതമാനം ഉയര്‍ന്നു. നിഫ്റ്റി ഹെല്‍ത്ത്‌കെയര്‍ ഇന്‍ഡെക്‌സ്, ഫാര്‍മ ഓഹരികള്‍ക്കും ഇന്ന് മികച്ച ദിവസമായിരുന്നു. എന്നാല്‍ നിഫ്റ്റി എഫ്.എം.സി.ജി, പി.എസ്.യു ബാങ്ക്, കണ്‍സ്യൂമര്‍ ഡ്യൂറബിള്‍സ്, ഓട്ടോ എന്നീ സൂചികകള്‍ ഇന്ന് ചുവപ്പിലാണ് അവസാനിച്ചത്. ഈ മേഖലകളില്‍ നിക്ഷേപകര്‍ ലാഭമെടുപ്പ് കാര്യമായി നടത്തിയതാണ് നഷ്ടത്തിന് കാരണം.

വിപണിയില്‍ സംഭവിച്ചതെന്ത്?

ഐ.സി.ഐ.സി.ഐ ബാങ്ക്, റിലയന്‍സ് ഇന്‍ഡസ്ട്രീസ്, എല്‍ ആന്‍ഡ് ടി, ബജാജ് ഫിനാന്‍സ് എച്ച്.ഡി.എഫ്.സി ബാങ്ക് എന്നീ ഹെവിവെയ്റ്റ് ഓഹരികളാണ് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത്. ജി.എസ്.ടി പരിഷ്‌ക്കരണം, എസ് ആന്‍ഡ് പി ഇന്ത്യയുടെ ക്രെഡിറ്റ് റേറ്റിംഗ് ഉയര്‍ത്തിയത്, പണപ്പെരുപ്പ-വളര്‍ച്ച കണക്കുകള്‍ എന്നിവയും വിപണിയെ സ്വാധീനിച്ചു. എന്നാല്‍ ഇന്ത്യന്‍ ഉത്പന്നങ്ങള്‍ക്ക് യു.എസ് ഏര്‍പ്പെടുത്തിയ 50 തീരുവയുടെ സമയപരിധി ഓഗസ്റ്റ് 27ന് അവസാനിക്കുന്നതില്‍ വിപണി ആശങ്കയിലാണ്. കഴിഞ്ഞ ദിവസങ്ങളിലെ റാലിക്ക് പിന്നാലെ നിക്ഷേപകരുടെ ലാഭമെടുപ്പും ഇന്ന് വിപണിയില്‍ ദൃശ്യമായിരുന്നു. യു.എസില്‍ നടക്കാനിരിക്കുന്ന ജാക്ക്‌സണ്‍ ഹോള്‍ സിമ്പോസിയത്തിലാണ് ഇപ്പോള്‍ നിക്ഷേപകരുടെ ശ്രദ്ധ മുഴുവന്‍. യു.എസ് ഫെഡ് നിരക്ക് മാറ്റത്തെക്കുറിച്ചുള്ള വ്യക്തമായ ചിത്രം ഇതോടെ ലഭിക്കുമെന്നാണ് കരുതുന്നത്.

കമ്പനികളുടെ പ്രകടനം
കമ്പനികളുടെ പ്രകടനം

ലാഭവും നഷ്ടവും

ഫാര്‍മസ്യൂട്ടിക്കല്‍ രംഗത്തെ പ്രമുഖ കമ്പനികളായ മാന്‍കൈന്‍ഡ് ഫാര്‍മ, സിപ്‌ള, ഡോ. റെഡ്ഡീസ് ലബോറട്ടറീസ് തുടങ്ങിയ ഓഹരികളാണ് ഇന്നത്തെ നേട്ടക്കണക്കില്‍ മുന്നിലെത്തിയത്. ശരാശരി മൂന്ന് ശതമാനത്തോളമാണ് മൂന്ന് ഓഹരികളും ഉയര്‍ന്നത്. ബാങ്കിതര ധനകാര്യ സ്ഥാപനമായ (എന്‍.ബി.എഫ്.സി) ആദിത്യ ബിര്‍ള ക്യാപിറ്റലും ഇന്ന് മികച്ച നേട്ടമുണ്ടാക്കി. 2.61 ശതമാനം നേട്ടമുണ്ടാക്കിയ ഓഹരി 52 ആഴ്ചയിലെ ഏറ്റവും ഉയരത്തിലെത്തി. മറ്റൊരു എന്‍.ബി.എഫ്.സി കമ്പനിയായ എല്‍ ആന്‍ഡ് ടി ഫിനാന്‍ഷ്യല്‍സും ഇന്ന് മികച്ച നേട്ടമുണ്ടാക്കി.

കഴിഞ്ഞ ദിവസങ്ങളില്‍ കുത്തനെ ഉയര്‍ന്ന ഒല ഇലക്ട്രിക്കല്‍സ് ഓഹരികള്‍ ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലാണ്. ഓഗസ്റ്റിലെ വാഹന വില്‍പ്പന കണക്കുകള്‍ പുറത്തുവന്നതാണ് ഓഹരിക്ക് വിനയായത്. ഓഗസ്റ്റ് 20 വരെ ഒല 9,522 വണ്ടികള്‍ വിറ്റപ്പോള്‍ എതിരാളിയായ ഏതര്‍ 10,248 എണ്ണം നിരത്തിലെത്തിച്ചു. ഇതോടെ ഓഹരിയില്‍ ലാഭമെടുപ്പ് ശക്തമായി. കഴിഞ്ഞ രണ്ട് ദിവസങ്ങളിലായി ഒല ഓഹരികള്‍ 30 ശതമാനത്തോളം കുതിച്ചുയര്‍ന്നിരുന്നു. ഇക്വിറ്റി ഡെറിവേറ്റീവുകളുടെ കാലാവധി സംബന്ധിച്ച് സെബി ചെയര്‍മാന്‍ തുഹിന്‍ കാന്ത പാണ്ഡേയുടെ പ്രസ്താവന ബി.എസ്.ഇ ഓഹരികളുടെയും വില ഇടിച്ചു. ഡാബര്‍ ഇന്ത്യ, ടാറ്റ കമ്യൂണിക്കേഷന്‍സ്, വോഡഫോണ്‍ ഐഡിയ എന്നീ ഓഹരികളും ഇന്ന് നഷ്ടക്കണക്കില്‍ മുന്നിലുണ്ട്.

കേരള കമ്പനികളുടെ പ്രകടനം
കേരള കമ്പനികളുടെ പ്രകടനം

കിറ്റെക്‌സ് അപ്പര്‍സര്‍ക്യൂട്ടില്‍

രാജ്യത്തെ പ്രമുഖ വസ്ത്ര നിര്‍മാണ കമ്പനിയായ കിറ്റെക്‌സ് ഗാര്‍മെന്റ്‌സ് വീണ്ടും അപ്പര്‍ സര്‍ക്യൂട്ടിലെത്തി. ഒരോഹരിക്ക് 208.19 രൂപ എന്ന നിലയിലാണ് ഓഹരികള്‍ വ്യാപാരം നിറുത്തിയത്. വണ്ടര്‍ലാ ഹോളിഡേയ്‌സ്, യൂണിറോയല്‍ മറൈന്‍ എക്‌സ്‌പോര്‍ട്ടേഴ്‌സ്, പ്രൈമ ഇന്‍ഡസ്ട്രീസ്, പ്രൈമ അഗ്രോ, പാറ്റ്‌സ്പിന്‍ ഇന്ത്യ, സി.എസ്.ബി ബാങ്ക്, സെല്ല സ്‌പേസ്, ബി.പി.എല്‍ എന്നീ ഓഹരികളും മികച്ച നേട്ടമുണ്ടാക്കി.

ടി.സി.എം, പോപ്പീസ് കെയര്‍, ജി.ടി.എന്‍ ടെക്‌സ്റ്റൈല്‍സ് എന്നീ കമ്പനികളാണ് ശതമാനക്കണക്കില്‍ ഇന്ന് ഏറ്റവും കൂടുതല്‍ നേട്ടമുണ്ടാക്കിയത്. ആസ്റ്റര്‍ ഡി.എം ഹെല്‍ത്ത്‌കെയര്‍, എ.വി.ടി നാച്യുറല്‍ പ്രോഡക്ട്‌സ്, ഹാരിസണ്‍സ് മലയാളം, ഇന്‍ഡിട്രേഡ് ക്യാപിറ്റല്‍, മുത്തൂറ്റ് മൈക്രോഫിന്‍, നീറ്റ ജെലാറ്റിന്‍ ഇന്ത്യ, സ്റ്റെല്‍ ഹോള്‍ഡിംഗ്‌സ്, വെര്‍ടെക്‌സ് സെക്യുരിറ്റീസ് തുടങ്ങിയ ഓഹരികളും ഇന്ന് ഒരു ശതമാനത്തിലേറെ നഷ്ടത്തിലായി.

Get the latest update on India’s stock market for August 21, 2025. Sensex and Nifty movements, top gainers, losers, sector performance, and expert insights to track market trends

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com