5 കാരണങ്ങൾ; ഇന്ത്യൻ വിപണി കുതിച്ചുയർന്നു; നിഫ്റ്റി 24,000-ത്തിന് മുകളിൽ; ബാങ്കിം​ഗ് ഓഹരികളിൽ മുന്നേറ്റം

ഇന്ന് രാവിലെ മികച്ച നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയിൽ വ്യാപാരം പുനരാരംഭിച്ചത്. പിന്നീട് ഒരുഘട്ടത്തിലും തിരിച്ചടി നേരിട്ടില്ല
stock market rally
image credit : canva
Published on

ഇന്ത്യൻ ഓഹരി വിപണിയിൽ ആവേശക്കുതിപ്പ്. തിങ്കളാഴ്ചത്തെ (2026 മേയ് 25) വ്യാപാരത്തിനൊടുവിൽ പ്രധാന ഓഹരി സൂചികകളായ എൻ.എസ്.ഇ നിഫ്റ്റിയും ബി.എസ്.ഇ സെൻസെക്സും ഒന്നേകാൽ ശതമാനത്തിലേറെ നേട്ടം കരസ്ഥമാക്കി. നിഫ്റ്റി 312 പോയിന്റ് (+1.32%) കുതിച്ചുയർന്ന് 24,032-ലും സെൻസെക്സ് 1,074 പോയിന്റ് (+1.42%) മുന്നേറ്റത്തോടെ 76,489-ലും ക്ലോസിങ് കുറിച്ചു.

ഇന്ന് രാവിലെ മികച്ച നേട്ടത്തോടെയാണ് ആഭ്യന്തര വിപണിയിൽ വ്യാപാരം പുനരാരംഭിച്ചത്. പിന്നീട് ഒരുഘട്ടത്തിലും തിരിച്ചടി നേരിട്ടില്ല. എങ്കിലും ചെറിയ പരിധിക്കുള്ളിലായിരുന്നു അവസാനഘട്ടം വരെയും പ്രധാന സൂചികകൾ തങ്ങിനിന്നത്. അവസാന മണിക്കൂറിൽ ഉണർവ് കൈവരിച്ചതോടെ വിപണി കൂടുതൽ ഉയരങ്ങളിലേക്ക് നീങ്ങി. ഇന്നത്തെ ഉയർന്ന നിലവാരത്തിന് സമീപമാണ് നിഫ്റ്റിയും സെൻസെക്സും ക്ലോസ് ചെയ്തത്. ഇന്ന് വിപണിയെ നേട്ടത്തിലേക്ക് നയിച്ചത് പ്രധാനമായും അഞ്ച് ഘടകങ്ങളാണ്.

പോസിറ്റീവ് ഘടകങ്ങൾ

ക്രൂഡ് ഓയിൽ വിലയിടിവ്: ഇറാൻ യുദ്ധം അവസാനിപ്പിക്കാനുള്ള കരാർ ഉടൻ യാഥാർത്ഥ്യമായേക്കും എന്ന പ്രതീക്ഷ വീണ്ടും ശക്തമായതിനെ തുടർന്ന് രാജ്യാന്തര വിപണിയിൽ ക്രൂഡ് ഓയിൽ വിലയിൽ 6% ഇടിവ് രേഖപ്പെടുത്തി. ഇതോടെ 100 ഡോളറിന് താഴേക്ക് ക്രൂഡ് ഓയിൽ വില എത്തിച്ചേർന്നു. ഇത് അനുകൂല ഘടകമായി വിപണി ഉൾക്കൊണ്ടു.

ആ​ഗോള വിപണിയിലും ഉണർവ്: തിങ്കളാഴ്ച രാവിലെ ഏഷ്യൻ വിപണികളിലും മുന്നേറ്റം പ്രകടമായി. ജപ്പാന്റെ നിക്കൈ-225, ചൈനയിലെ എസ്.എസ്.ഇ കോംപസിറ്റ് തുടങ്ങിയ പ്രധാന സൂചികകളൊക്കെ നേട്ടത്തിലായിരുന്നു. ഹോങ്കോം​ഗ് വിപണിക്ക് ഇന്ന് അവധിയാണ്. വെള്ളിയാഴ്ച നേട്ടത്തിൽ അവസാനിപ്പിച്ച യു.എസ് വിപണിയിൽ സൂചികകളുടെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകൾ ഒന്നരശതമാനത്തോളം നേട്ടത്തിൽ തിങ്കളാഴ്ച വ്യാപാരം ആരംഭിച്ചതും ഒക്കെ ഇന്ത്യൻ വിപണിയേയും ​ഗുണപരമായി സ്വാധീനിച്ചു.

രൂപ നില മെച്ചപ്പെടുത്തി: ഫോറെക്സ് വിപണിയിൽ ഇന്ന് രാവിലെ വിനിമയ മൂല്യത്തിൽ 40 പൈസയുടെ വർധന കൈവരിച്ചുകൊണ്ട് 95.20-ലേക്ക് വരെ ഡോളറിനെതിരേ രൂപയുടെ മൂല്യം എത്തിച്ചേർന്നു. യു.എസ് ഡോളറിനെതിരേ രൂപയുടെ വിനിമയ നിരക്ക് മെച്ചപ്പെട്ടത് ഓഹരി വിപണിക്കും ​അനുകൂല ഘടകമായി ഭവിച്ചു.

ബാങ്കിം​ഗ് ഓഹരികളിൽ ഉണർവ്: ഇന്നത്തെ വ്യാപാരത്തിൽ മിക്ക ബാങ്ക് ഓഹരികളും നേട്ടത്തിലായിരുന്നു. എൻ.എസ്.ഇയുടെ ബാങ്കിം​ഗ് ഓഹരികളുടെ സൂചികയായ ബാങ്ക് നിഫ്റ്റി രണ്ടേകാൽ ശതമാനത്തിലേറെ നേട്ടം കൈവരിച്ചു.

ഇന്ത്യ—യു.എസ് വ്യാപാര കരാർ: നാല് ദിവസത്തെ സന്ദർശനത്തിന് ഇവിടേക്ക് എത്തിയ യു.എസ് വിദേശകാര്യ സെക്രട്ടറി മാർക്കോ റൂബിയോ, ഇന്ത്യയുമായുള്ള ഇടക്കാല വ്യാപാര കരാർ ഉടൻ യാഥാർത്ഥ്യമായേക്കും എന്ന സൂചന നൽകിയത് ഓഹരി വിപണിക്ക് കരുത്തേകി. യു.എസ് വ്യാപാര പ്രതിനിധി വൈകാതെ ഇന്ത്യ സന്ദർശിക്കുമെന്നാണ് വിവരം.

വിശാല വിപണി

എൻ.എസ്.ഇയിൽ ഇന്ന് മൊത്തം വ്യാപാരം ചെയ്യപ്പെട്ടത് 3,419 ഓഹരികളാണ്. ഇതിൽ 2,271 എണ്ണവും നേട്ടത്തിൽ ക്ലോസ് ചെയ്തു. 1,046 ഓഹരികൾ നഷ്ടം നേരിട്ട് വ്യാപാരം പൂ‌ർത്തിയാക്കി. 163 ഓഹരികൾ അപ്പർ സർക്യൂട്ടിലും 91 ഓഹരികൾ ലോവർ സർക്യൂട്ട് നിലവാരത്തിലും വ്യാപാരം അവസാനിപ്പിച്ചു. എൻ.എസ്.ഇയുടെ പ്രധാന ബ്രോഡർ മാർക്കറ്റ് സൂചികകളിലൊന്നായ നിഫ്റ്റി-500 ഒന്നേകാൽ ശതമാനം നേട്ടം കൈവരിച്ചു. നിഫ്റ്റി സ്മോൾ ക്യാപ്-100 സൂചിക 1.37 ശതമാനവും നിഫ്റ്റി മിഡ് ക്യാപ്-100 സൂചിക 0.94 ശതമാനം വീതവും നേട്ടം കുറിച്ചു.

എഫ്.എം.സി.ജി ഒഴികെ ബാക്കിയുള്ള പ്രധാനപ്പെട്ട എൻ.എസ്.ഇയുടെ ഓഹരി വിഭാ​ഗം (സെക്ടറൽ) സൂചികകൾ നേട്ടത്തോടെ വ്യാപാരം പൂർത്തിയാക്കി. വിപണിയിലെ ചാ‍ഞ്ചാട്ടത്തെ കുറിക്കുന്ന വിക്സ് (VIX) സൂചികയിൽ 6.74 ശതമാനം തിരുത്തൽ നേരിട്ട് 17 നിലവാരത്തിന് താഴേക്കെത്തി.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com