

കഴിഞ്ഞ വ്യാപാര ആഴ്ചയിൽ (ജൂൺ 29 - ജൂലൈ 3) ആഭ്യന്തര ഓഹരി വിപണി മികച്ച നേട്ടത്തോടെയാണ് വ്യാപാരം അവസാനിപ്പിച്ചത്. തുടക്കത്തിൽ നേരിയ അസ്ഥിരത പ്രകടമായെങ്കിലും താഴ്ന്ന നിലവാരങ്ങളിൽ നിന്നുള്ള ശക്തമായ വാങ്ങൽ താത്പര്യം വിപണിയെ കരകയറാൻ സഹായിച്ചു. പ്രതിവാര അടിസ്ഥാനത്തിൽ ബി.എസ്.ഇയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികയായ സെൻസെക്സ് 0.86 ശതമാനം ഉയർന്ന് 77,764-ലും എൻ.എസ്.ഇയുടെ ബെഞ്ച്മാർക്ക് ഓഹരി സൂചികയായ നിഫ്റ്റി 0.90 ശതമാനം നേട്ടത്തോടെ 24,271-ലും ക്ലോസ് ചെയ്തു.
അതേസമയം കഴിഞ്ഞയാഴ്ചയിലെ വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നിഫ്റ്റി സൂചിക 23,829 എന്ന താഴ്ന്ന നിലവാരത്തിലേക്ക് പതിച്ചെങ്കിലും വെള്ളിയാഴ്ചയോടെ 24,378 എന്ന ആഴ്ച കാലയളവിലെ ഉയർന്ന നിരക്കിലേക്ക് കുതിച്ചെത്തിയത് ആഭ്യന്തര വിപണിയുടെ കരുത്ത് വ്യക്തമാക്കുന്നു. റിയൽറ്റി, ഫാർമ, എഫ്.എം.സി.ജി, മെറ്റൽ തുടങ്ങിയ സെക്ടറുകളിൽ നിന്നുള്ള ഓഹരികൾ മികച്ച മുന്നേറ്റം കാഴ്ചവെച്ചപ്പോൾ ബാങ്കിംഗ്, ധനകാര്യം തുടങ്ങിയ സെക്ടറുകളിലെ ഓഹരികളിൽ ലാഭമെടുപ്പ് പ്രകടമായി. ബാങ്ക് നിഫ്റ്റി സൂചിക 0.40 ശതമാനം ഇടിവോടെ 57,939-ലാണ് കഴിഞ്ഞയാഴ്ചയിലെ വ്യാപാരം അവസാനിപ്പിച്ചത്.
പുതിയ വ്യാപാര ആഴ്ചയിൽ (ജൂലൈ 6 - 10) നിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി തുടങ്ങിയ സൂചികയുടെ നീക്കങ്ങൾ എങ്ങനെയെന്നും വിപണിയെ സ്വാധീനിക്കാവുന്ന പ്രധാന ഘടകങ്ങൾ എന്തൊക്കെയെന്നും വിശദമായി നോക്കാം.
നിഫ്റ്റി: പ്രതിവാര ചാർട്ടിൽ ബുള്ളിഷ് കാൻഡിൽ രൂപപ്പെട്ടതും തൊട്ടു മുൻ ആഴ്ചയേക്കാളും ഉയർന്ന നിരക്കിൽ ക്ലോസ് ചെയ്തതും സൂചികയിൽ പോസിറ്റീവ് ട്രെൻഡ് തുടരുന്നതിന്റെ സൂചനയാണ്. നിലവിൽ നിഫ്റ്റിക്ക് 23,770–24,000 മേഖല ശക്തമായ പിന്തുണ (Support Zone) നൽകുന്നുണ്ട്. പുതിയ ആഴ്ചയിൽ 24,575 എന്ന പ്രതിരോധ നിലവാരം മറികടക്കാൻ സാധിച്ചാൽ നിഫ്റ്റി സൂചിക 25,200 വരെ ഉയർന്നേക്കാം.
ബാങ്ക് നിഫ്റ്റി: ലാഭമെടുപ്പ് കാരണം നേരിയ തിരുത്തൽ നേരിട്ടുവെങ്കിലും ബാങ്ക് നിഫ്റ്റി സൂചിക ഇപ്പോഴും ഹ്രസ്വകാല മൂവിംഗ് ആവറേജുകൾക്ക് മുകളിലാണ് വ്യാപാരം തുടരുന്നത്. സൂചികയ്ക്ക് 57,000 നിലവാരത്തിൽ ശക്തമായ സപ്പോർട്ട് മേഖലയുണ്ട്. വരും ദിവസങ്ങളിൽ 58,700 എന്ന പ്രതിരോധം മറികടന്നാൽ മാത്രമേ ബാങ്കിംഗ് ഓഹരികളുടെ സൂചികയിൽ പുതിയൊരു മുന്നേറ്റം പ്രതീക്ഷിക്കേണ്ടതുള്ളൂ.
സെൻസെക്സ്: ഇടക്കാല ട്രെൻഡ് അനുകൂലമായി തുടരുന്ന സെൻസെക്സ് സൂചികയ്ക്ക് 76,000 നിലവാരത്തിൽ ശക്തമായ പിന്തുണയുണ്ട്. പുതിയ വ്യാപാര ആഴ്ചയിൽ സെൻസെക്സ് 78,500 മുതൽ 79,750 വരെയുള്ള ഉയർന്ന ലക്ഷ്യങ്ങളിലേക്ക് നീങ്ങാൻ സാധ്യതയുണ്ട്.
പുതിയ വ്യാപാര ആഴ്ചയിൽ (ജൂലൈ 6 - 10) വിപണിയുടെ പ്രധാന ചാലകശക്തിയായി മാറുന്നത് കോർപറേറ്റ് കമ്പനികളുടെ നടപ്പ് സാമ്പത്തിക വർഷത്തിലെ ഒന്നാം പാദ (Q1 FY27) പ്രവർത്തനഫലങ്ങളാണ്. പ്രമുഖ ഐടി, ഫിനാൻഷ്യൽ സർവീസസ് കമ്പനികളാണ് ആദ്യഘട്ടത്തിൽ പാദഫലം പ്രഖ്യാപിക്കുന്നത്. കമ്പനി മാനേജ്‌മെന്റുകൾ ഭാവി വരുമാന വളർച്ചയെയും ഡിമാൻഡിനെയും കുറിച്ച് നടത്തുന്ന വിലയിരുത്തലുകൾ ഓഹരി കേന്ദ്രീകൃത നീക്കങ്ങൾക്ക് കാരണമായേക്കും.
ഇതിനുപുറമെ, ആഗോള വിപണിയിലെ ട്രെൻഡുകൾ, ക്രൂഡ് ഓയിൽ വില, വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FII) പണമൊഴുക്ക്, ജിയോപൊളിറ്റിക്കൽ നീക്കങ്ങൾ എന്നിവയും ഇന്ത്യൻ വിപണിയുടെ ഈയാഴ്ചയിലെ ഗതിയെ നിർണയിക്കും. ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (DII) ശക്തമായ വാങ്ങൽ പിന്തുണയുള്ളതിനാൽ വിപണിയിലുണ്ടാകുന്ന ചെറിയ തിരുത്തലുകൾ മികച്ച ഓഹരികൾ താഴ്ന്ന വിലയിൽ സ്വന്തമാക്കാനുള്ള അവസരമായി ഉപയോഗിക്കാമെന്നാണ് വിലയിരുത്തൽ.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
(Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധനെ മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണമെന്ന് നിർദ്ദേശിക്കുന്നു.)
Read DhanamOnline in English
Subscribe to Dhanam Magazine