

പുതിയ വ്യാപാര ആഴ്ചയിലും (2026 മാർച്ച് 30 - ഏപ്രിൽ 2) ഇന്ത്യൻ ഓഹരി വിപണി ചാഞ്ചാട്ടത്തിന്റെ പാതയിൽ തുടരാനാണ് സാധ്യത. പ്രതികൂല ആഗോള ഘടകങ്ങളും ക്രൂഡ് ഓയിൽ വിലയക്കയറ്റവും പശ്ചിമേഷ്യയിൽ സംഘർഷം തുടരുന്നതിന്റെയും പശ്ചാത്തലത്തിൽ വിപണിയിൽ ദുർബലത പ്രകടമായേക്കും. ക്രൂഡ് ഓയിൽ ഉയർന്ന വില നിലവാരത്തിൽ തന്നെ തുടരുന്നത്, ഇന്ത്യയ്ക്ക് പണപ്പെരുപ്പ ഭീഷണിയുയർത്തുകയും രൂപയുടെ മൂല്യശോഷണത്തിന് വഴിതെളിക്കുകയും ചെയ്യുന്നു.
ഇതിനോടൊപ്പം വിദേശ നിക്ഷേപക സ്ഥാപനങ്ങളുടെ (FIIs) ശക്തമായ വിൽപ്പന സമ്മർദം കൂടിയാകുമ്പോൾ ഇന്ത്യൻ വിപണിക്ക് മുന്നേറാനുള്ള സാധ്യതകൾ പരിമിതപ്പെടുത്തുന്നു. എന്നിരുന്നാലും വിപണി ഇപ്പോൾ നേരിടേണ്ടതിലുമധികം വിൽപ്പന സമ്മർദം അഭിമുഖീകരിച്ചതിനാലുള്ള ഓവർസോൾഡ് (Oversold) നിലയുടെ സമീപത്തേക്ക് എത്തിച്ചേർന്നതിനാൽ, എന്തെങ്കിലും പോസിറ്റീവ് വാർത്തയുണ്ടായാൽ ഹ്രസ്വകാല തിരികെകയറ്റത്തിനുള്ള (Short-term Pullback) സാധ്യത മറഞ്ഞിരിപ്പുണ്ടെന്നതും വിസ്മരിക്കരുത്. പുതിയ ആഴ്ചയിലേക്കുള്ള വിപണിയുടെ സാധ്യതകളും പ്രധാന സൂചികകളായ നിഫ്റ്റി, സെൻസെക്സ്, ബാങ്ക് നിഫ്റ്റി എന്നിവയിൽ ശ്രദ്ധിക്കേണ്ട നിർണായക സപ്പോർട്ട്, റെസിസ്റ്റൻസ് ലെവലുകളും നോക്കാം.
കടുത്ത ചാഞ്ചാട്ടത്തിനും ഇടതടവില്ലാതെ നേരിടുന്ന വിൽപ്പന സമ്മർദത്തിനുമൊടുവിൽ ഇന്ത്യൻ വിപണി നഷ്ടത്തോടെയാണ് കഴിഞ്ഞ വ്യാപാര ആഴ്ചയോട് വിടപറഞ്ഞത്. ബി.എസ്.ഇ സെൻസെക്സ് 1.27% താഴ്ന്ന് 73,583 നിലവാരത്തിലും എൻ.എസ്.ഇ നിഫ്റ്റി 1.30% ഇടിഞ്ഞ് 22,820-ലും വ്യാപാരം അവസാനിപ്പിച്ചു. എൻ.എസ്.ഇ.യുടെ ബാങ്കിംഗ് ഓഹരി വിഭാഗം സൂചികയായ ബാങ്ക് നിഫ്റ്റി 2.20% നഷ്ടത്തോടെ 52,275-ലും ക്ലോസിങ് കുറിച്ചു.
മിക്ക ഓഹരി വിഭാഗങ്ങളിലും നെഗറ്റീവ് ട്രെൻഡ് പ്രകടമായിരുന്നു. ബാങ്ക്, റിയാൽറ്റി, മെറ്റൽസ്, ഫിനാൻഷ്യൽ സർവീസസ് എന്നിവയിൽ കടുത്ത നഷ്ടം നേരിട്ടു. അതേസമയം ഐ.ടി, ഫാർമ തുടങ്ങിയ സെക്ടറുകളിൽ തെരഞ്ഞെടുക്കപ്പെട്ട ഓഹരികളിൽ മാത്രം നിക്ഷേപക താത്പര്യം പ്രകടമായി.
ടെക്നിക്കൽ അനാലിസിസ് പ്രകാരം, ദുർബലത പ്രകടമാക്കുന്ന ബെയറിഷ് ട്രെൻഡിൽ തന്നെ നിഫ്റ്റി സൂചിക തുടരാനുള്ള ലക്ഷണങ്ങളാണ് കാണിക്കുന്നത്. പ്രധാനപ്പെട്ട ഹ്രസ്വകാല മൂവിംഗ് ആവറേജ് നിലവാരങ്ങൾക്ക് താഴെയായാണ് നിഫ്റ്റി ഇപ്പോൾ വ്യാപാരം ചെയ്യപ്പെടുന്നത്. പ്രധാന മൊമന്റം ഇൻഡിക്കേറ്ററുകളിൽ നിന്നും നെഗറ്റീവ് സൂചനകളാണ് ലഭിക്കുന്നത്. നിഫ്റ്റിയുടെ ആഴ്ചക്കാലയളവിലെ (Weekly) ചാർട്ടിൽ നെഗറ്റീവ് ക്യാൻഡിൽ തെളിഞ്ഞിട്ടുള്ളതും താഴ്ന്ന നിലവാരത്തിന് സമീപം ക്ലോസിങ് കുറിച്ചതും ഒക്കെ സൂചികയിൽ ദുർബലത തുടരാനുള്ള സാധ്യതയിലേക്ക് വിരൽചൂണ്ടുന്നു.
ഇനി താഴേക്ക് നോക്കിയാൽ, നിഫ്റ്റിക്ക് തൊട്ടടുത്ത് പ്രതീക്ഷിക്കാവുന്ന സപ്പോർട്ട് നിലവാരം ഉള്ളത് 22,500-ലാണ്. ഇവിടവും തകർക്കപ്പെട്ടാൽ 21,750 നിലവാരത്തിലേക്ക് നിഫ്റ്റി പിന്തള്ളപ്പെടാം. അതേസമയം 22,500 നിലവാരം തകരാതെ കാത്തുസൂക്ഷിക്കാനായാൽ വിപണി ഒരു സ്ഥിരതയാർജിക്കൽ (Consolidation) ഘട്ടത്തിലേക്ക് പ്രവേശിക്കാം. തുടർന്ന് നിഫ്റ്റി മുന്നോട്ടേക്ക് തന്നെ നീങ്ങാൻ ശ്രമിച്ചാൽ, പ്രതിരോധം പ്രതീക്ഷിക്കേണ്ട ആദ്യ കടമ്പ 23,000 - 23,800 മേഖലയിൽ നിന്നാണ്. ഇതും മറികടക്കാൻ സാധിച്ചാൽ വിപണിയുടെ ശക്തമായ തിരിച്ചുവരവിനുള്ള കളമൊരുങ്ങും. അതുവരെ, നിഫ്റ്റിയുടെ ട്രെൻഡ്, സ്ഥിരതയാർജിക്കാനുള്ള പ്രവണതയിലോ ദുർബലമായോ തുടരാനാണ് സാധ്യത.
കഴിഞ്ഞയാഴ്ച 2.20% താഴ്ന്ന 52,274-ലാണ് ബാങ്ക് നിഫ്റ്റി ക്ലോസ് ചെയ്തത്. ടെക്നിക്കൽ ഇൻഡിക്കേറ്ററുകളിൽ നിന്നും ലഭിക്കുന്ന സൂചനകൾ പ്രകാരം, ബാങ്ക് നിഫ്റ്റി ദുർബല പ്രകടനം തുടരാനാണ് സാധ്യത. സൂചികയുടെ തൊട്ടടുത്തുള്ള പ്രതിരോധ മേഖല 54,350 ആണ്. ഇവിടം മറികടക്കാൻ സാധിച്ചില്ലെങ്കിൽ സൂചികയിൽ കൂടുതൽ സമ്മർദം നേരിടാം. ഇത് 52,000 - 51,000 നിലവാരത്തിലേക്ക് വരെ ബാങ്ക് നിഫ്റ്റിയെ തള്ളിയിടാം. എന്നാൽ 54,350 നിലവാരം മറികടക്കുകയും അതിന് മുകളിൽ നിലനിൽക്കാനും സാധിച്ചാൽ ബാങ്ക് നിഫ്റ്റിയുടെ ഹ്രസ്വകാല സാധ്യതകൾ ശോഭനമാകും.
കഴിഞ്ഞയാഴ്ച 1.27% നഷ്ടത്തോടെ 73,583-ലാണ് സെൻസെക്സ് ക്ലോസിങ് കുറിച്ചത്. ടെക്നിക്കൽ അനാലിസിസ് പ്രകാരം, സൂചികയുടെ ഹ്രസ്വകാല സാധ്യതകൾ ദുർബലമാണ്. പ്രധാനപ്പെട്ട റെസിസ്റ്റൻസ് ലെവലുകൾക്ക് താഴെ വ്യാപാരം ചെയ്യപ്പെടുന്നതിനാൽ പ്രത്യേകിച്ചും. സെൻസെക്സ് സൂചികയുടെ തൊട്ട് മുമ്പിലുള്ള പ്രതിരോധ കടമ്പ 74,500-ലാണ്. ഇതിന് താഴെ തുടരുന്നിടത്തോളം സൂചികയുടെ ട്രെൻഡ് നെഗറ്റീവായിരിക്കാനാണ് സാധ്യത. ഇനി താഴേക്ക് പോയാൽ തൊട്ടടുത്തുള്ള സപ്പോർട്ട് നിലവാരം 71,300 ആണ്. ഇവിടെയെത്തിയാൽ നിക്ഷേപക താത്പര്യം ഉണരുമെന്നാണ് പ്രതീക്ഷ.
[ലേഖനം തയ്യാറാക്കിയത്: റിസർച്ച് ഡെസ്ക്; മൈഇക്വിറ്റിലാബ്.കോം (MyEquityLab.com); സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് (Registration No: INH000023843).]
Disclaimer: ഈ ലേഖനം പഠനാവശ്യാർത്ഥം നൽകുന്നതാണ്. ഇത് എന്തെങ്കിലും നിക്ഷേപം നടത്തുന്നതിനായോ വിൽക്കുന്നതിനോ ഉള്ള ഉപദേശമോ ശുപാർശയോ അല്ല. ഓഹരി വിപണിയിലെ നിക്ഷേപം ലാഭനഷ്ട സാധ്യതകൾക്ക് വിധേയമാണ്. വായനക്കാർ നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിന് മുമ്പ് സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരിൽ നിന്നും മാർഗനിർദേശം തേടുകയോ അല്ലെങ്കിൽ വിപണിയെ കുറിച്ച് സ്വന്തം നിലയിൽ കൂടുതൽ പഠിക്കുകയോ ചെയ്യണം.
Read DhanamOnline in English
Subscribe to Dhanam Magazine