ഇന്ത്യൻ വിപണിയിൽ വീണ്ടും തകർച്ച; നിഫ്റ്റി 25,200ന് താഴെ; എന്താണ് കാരണം?

നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 5.5 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. ഈയാഴ്ച രണ്ട് ശതമാനത്തിലേറെ നഷ്ടം കുറിച്ചാണ് നിഫ്റ്റിയും സെൻസെക്സും അരങ്ങൊഴിഞ്ഞത്.
Businessman in suit holding head in front of red world map and falling stock market graphs, symbolizing global financial crisis and stock market crash
canva
Published on

വെള്ളിയാഴ്ചത്തെ (2026 ഫെബ്രുവരി 27) വ്യാപാരത്തിൽ ഇന്ത്യൻ ഓഹരി വിപണിയിൽ കനത്ത ഇടിവ്. പ്രധാനപ്പെട്ട അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റി 318 പോയിന്റ് (-1.25%) താഴ്ന്ന് 25,178 നിലവാരത്തിലും ബിഎസ്ഇ സെൻസെക്സ് 961 പോയിന്റ് (-1.17%) ഇടിഞ്ഞ് 81,287 നിലവാരത്തിലും ക്ലോസിങ് രേഖപ്പെടുത്തി. ഇന്നത്തെ വ്യാപാരത്തിലെ താഴ്ന്ന നിലവാരത്തിനു സമീപമാണ് സൂചികകളുടെ ക്ലോസിങ് എന്നതും ശ്രദ്ധേയം.

രാവിലെ വ്യാപാരം നേരിയ നഷ്ടത്തോടെയാണ് ആരംഭിച്ചത്. തുടർന്ന് വ്യാപാരം പുരോ​ഗമിക്കുന്തോറും നഷ്ടത്തിന്റെ വ്യാപ്തി കൂടിവന്നു. ഒടുവിൽ ഉച്ചയ്ക്കുശേഷമുള്ള അവസാന ഘട്ടത്തിൽ പൊടുന്നനേ നേരിട്ട വീഴ്ചയാണ് വിപണിയിലെ ആഘാതം വർധിപ്പിച്ചത്. ഇന്നത്തെ തിരിച്ചടിയിൽ നിക്ഷേപകരുടെ ആസ്തി മൂല്യത്തിൽ 5.5 ലക്ഷം കോടി രൂപയുടെ നഷ്ടം നേരിട്ടു. ഈയാഴ്ച രണ്ട് ശതമാനത്തിലേറെ നഷ്ടം കുറിച്ചാണ് നിഫ്റ്റിയും സെൻസെക്സും അരങ്ങൊഴിഞ്ഞത്.

ഓഹരികളുടെ പ്രകടനം

പ്രധാന അടിസ്ഥാന ഓഹരി സൂചികകളുടെ മൂന്നിലൊന്ന് വെയിറ്റേജും കുറിക്കുന്ന ബാങ്കിം​ഗ് ഓഹരികളുടെ വീഴ്ചയാണ് ഏറ്റവും വലിയ തിരിച്ചടിയായത്. കൊട്ടക് മഹീന്ദ്ര ബാങ്ക് 2 ശതമാനം, എച്ച്ഡിഎഫ്സി ബാങ്ക് 1.24 ശതമാനം, ഐസിഐസിഐ ബാങ്ക് 1.82 ശതമാനം വീതവും നഷ്ടം രേഖപ്പെടുത്തി. ഇതോടെ ബാങ്ക് നിഫ്റ്റി സൂചിക 659 പോയിന്റ് (-1.08%) നഷ്ടത്തോടെ 60,529 പോയിന്റിൽ ക്ലോസ് ചെയ്തു.

ബജാജ് ഫിനാൻസ് 1.6 ശതമാനവും ബജാജ് ഫിൻസേർവ് 2.29 ശതമാനവും ഭാരതി എയർടെൽ 2.47 ശതമാനവും അ​ദാനി എന്റർപ്രൈസസ് 2.68 ശതമാനം വീതവും നഷ്ടം നേരിട്ടു. ഹെവിവെയിറ്റ് ഇൻഡക്സ് ഓഹരിയായ റിലയൻസ് ഇൻഡസ്ട്രീസ് 0.85 ശതമാനം നഷ്ടം രേഖപ്പെടുത്തി.

അതേസമയം ഐടി ഓഹരികൾ പിടിച്ചുനിന്നു. ഇൻഫോസിസ് 0.76 ശതമാനവും എച്ച്സിഎൽ ടെക് 0.62 ശതമാനവും നേട്ടത്തിൽ ക്ലോസിങ് കുറിച്ചു. വിപ്രോ, ടിസിഎസ് തുടങ്ങിയ മറ്റ് വൻകിട ഐടി കമ്പനികളുടെ ഓഹരികളും നേരിയ നഷ്ടം മാത്രമാണ് ഇന്ന് നേരിട്ടത്.

തിരിച്ചടിക്കുള്ള പ്രധാന കാരണങ്ങൾ

1. ആ​ഗോള വിപണികൾ ദുർബലം: വ്യാഴാഴ്ചത്തെ വ്യാപാരത്തിൽ പ്രധാന യു.എസ്, യൂറോപ്യൻ ഓഹരി സൂചികകൾ നഷ്ടത്തിൽ അവസാനിച്ചതോടെ വെള്ളിയാഴ്ച രാവിലെ ഏഷ്യൻ വിപണികളും ഇടിവ് നേരിട്ടാണ് വ്യാപാരം ആരംഭിച്ചത്. വിദേശ വിപണികളിൽ നിന്നും പ്രതികൂല സൂചനകൾ ലഭിച്ചതോടെ പോസിറ്റീവ് വാർത്തകളുടെ അഭാവത്തിൽ നിൽക്കുന്ന ഇന്ത്യൻ വിപണിയും താഴേക്ക് പതിക്കാൻ ഇടയാക്കി. പ്രതീക്ഷിച്ചതിലും മികച്ച പാദഫലം പുറത്തുവിട്ടു എഐ ചിപ്പ് നിർമാതാക്കളായ എൻവിഡീയ കമ്പനിയുടെ ഓ​ഹരി ഇടി‌ഞ്ഞതാണ് യു.എസ് വിപണിയെ പിന്നോട്ടടിച്ചത്.

2. എഫ്ഐഐ വിൽപ്പന: വിദേശ നിക്ഷേപക സ്ഥാപനങ്ങൾ (എഫ്ഐഐ) കടുത്ത വിൽപ്പന സമ്മർദം സൃഷ്ടിക്കുന്നത്. കഴിഞ്ഞ ദിവസം 3,466 കോടി രൂപയുടെ ഓഹരികളാണ് വിദേശ നിക്ഷേപകർ വിറ്റൊഴിഞ്ഞത്. ഫെബ്രുവരിയിൽ ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങളുടെ (ഡിഐഐ) ഓഹരി വാങ്ങൽ കഴിഞ്ഞ പത്ത് മാസത്തിനിടയിലെ ഏറ്റവും താഴ്ന്ന നിലയിലാണ്. ഒരുവശത്ത് വിദേശ നിക്ഷേപകർ കടുത്ത വിൽപ്പന സമ്മർദം സൃഷ്ടിക്കുമ്പോൾ നേരത്തെ ശക്തിപകർന്നിരുന്ന ആഭ്യന്തര നിക്ഷേപക സ്ഥാപനങ്ങൾ വാങ്ങുന്നതിന്റെ തോത് കുറയ്ക്കുന്നതും ഇന്ത്യൻ വിപണിയെ ചാഞ്ചാട്ടത്തിലേക്ക് തള്ളിവിടുന്നുണ്ട്.

3. ആ​ഗോള സംഘർഷം: ആണവ പദ്ധതികളുടെ പേരിൽ പശ്ചിമേഷ്യയിൽ യുദ്ധമുഖം തുറന്നിരിക്കുന്ന ഇറാനും യു.എസും തമ്മിൽ ജനീവയിൽ വച്ച് നടന്ന അനുരജ്ഞന യോ​ഗത്തിൽ തീരുമാനമായില്ല. ആ​ഗോള ക്രൂഡോയിൽ വ്യാപാരത്തിന്റെ ഹൃദയ സ്ഥാനത്ത് സംഘർഷാവസ്ഥ അയവില്ലാതെ തുടരുന്നത് ഓഹരി വിപണിയിൽ സമ്മർദമേൽപ്പിക്കുന്നു.

4. മറ്റ് ഘടകങ്ങൾ: യു.എസ് ഡോളറിനെതിരായ ഇന്ത്യൻ രൂപയുടെ വിനിമയ നിരക്കിൽ ഇടിവുണ്ടായത്. ദുർബലമായത്, വിപണിയിലെ ചാഞ്ചാട്ടത്തിന്റെ പ്രതീക്ഷിത തോത് വെളിവാക്കുന്ന വിക്സ് സൂചികയിൽ ഒറ്റയടിക്ക് 5 ശതമാനം വർധനയുണ്ടായതും നിക്ഷേപകരെ സമ്മർദത്തിലാഴ്ത്തി. ഇതിനോടൊപ്പം വാരാന്ത്യത്തിൽ രണ്ട് ദിവസത്തെ ഇടവേള വരുന്നതിനാൽ നിക്ഷേപകർ ജാ​ഗ്രത പാലിക്കുന്നതിന്റെ ഭാ​ഗമായി കൂടുതൽ പൊസിഷനുകൾ കൈവശം വയ്ക്കാൻ വിമുഖത കാണിക്കുന്നതും തിരിച്ചടിയായി.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com