

പശ്ചിമേഷ്യൻ യുദ്ധം മൂന്നാം ദിനത്തിലേക്ക് കടന്നതോടെ ആഗോള ഓഹരി വിപണികളിൽ ഇടിവ്. തിങ്കളാഴ്ചത്തെ വ്യാപാരത്തിനൊടുവിൽ ഇന്ത്യയുടെ പ്രധാന അടിസ്ഥാന ഓഹരി സൂചികകളായ എൻഎസ്ഇ നിഫ്റ്റിയും ബിഎസ്ഇ സെൻസെക്സിലും ഒരു ശതമാനത്തിലേറെ നഷ്ടം കുറിച്ചു. മെറ്റലും ഫാർമയും ഒഴികെയുള്ള എല്ലാ ഓഹരി വിഭാഗങ്ങളിലും കനത്ത തിരിച്ചടി നേരിട്ടു.
രാവിലെ ഒരു ഘട്ടത്തിൽ പ്രധാന സൂചികകൾ രണ്ട് ശതമാനത്തിലേറെ ഇടിഞ്ഞിരുന്നെങ്കിലും ഉച്ചയോടെ നില നേരിയ തോതിൽ മെച്ചപ്പെടുത്താൻ സാധിച്ചതോടെ, ഇന്നത്തെ നഷ്ടത്തിന്റെ വ്യാപ്തി അൽപ്പം കുറഞ്ഞു. നിഫ്റ്റി സൂചിക 313 പോയിന്റ് (-1.24%) താഴ്ന്ന് 24,866 നിലവാരത്തിലും സെൻസെക്സ് സൂചിക 1,048 പോയിന്റ് (-1.29%) ഇടിഞ്ഞ് 80,239 നിലവാരത്തിലും ക്ലോസ് ചെയ്തു.
ബിഎസ്ഇയിൽ ഇന്ന് ട്രേഡ് ചെയ്യപ്പെട്ട മൊത്തം 4,528 ഓഹരികളിൽ 824 ഓഹരികൾ മാത്രമാണ് നേട്ടത്തോടെ ക്ലോസിങ് കുറിച്ചത്. 3,560 ഓഹരികൾ നഷ്ടത്തോടെയും 144 ഓഹരികളിൽ വിലമാറ്റമൊന്നും രേഖപ്പെടുത്താതെയും വ്യാപാരം അവസാനിപ്പിച്ചു. ഇന്നത്തെ വ്യാപാരത്തിൽ വാങ്ങാൻ നിക്ഷേപകരില്ലാത്തതിനാൽ 330 ഓഹരികളാണ് ലോവർ സർക്യൂട്ട് നിലവാരത്തിൽ ക്ലോസ് ചെയ്യേണ്ടിവന്നത്. സ്മോൾ ക്യാപ്, മിഡ് ക്യാപ് സൂചികകൾ 1.5 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. നിഫ്റ്റി സൂചികയുടെ ഭാഗമായ 50 ഓഹരികളിൽ എട്ടെണ്ണം മാത്രമാണ് നേട്ടം കരസ്ഥമാക്കിയത്.
ഗൾഫ് മേഖലയിൽ വൻ ബിസിനസ് പ്രവർത്തനങ്ങൾ ഉള്ള വൻകിട ഇൻഫ്രാ കമ്പനിയായ എൽ&ടിയുടെ ഓഹരികൾ 5 ശതമാനത്തിലേറെ നഷ്ടം നേരിട്ടു. ഇന്റർഗ്ലോബ് ഏവിയേഷൻ (ഇൻഡിഗോ), ടാറ്റ മോട്ടോഴ്സ് പാസഞ്ചർ വെഹിക്കിൾസ്, അദാനി പോർട്ട്സ്, അദാനി എന്റർപ്രൈസസ് തുടങ്ങിയ നിഫ്റ്റി ഓഹരികളും കനത്ത ഇടിവിലാണ് ക്ലോസ് ചെയ്തത്. ക്രൂഡോയിൽ വില കുതിച്ചുയർന്നതോടെ എയർലൈൻ, പെയിന്റ്, ടയർ, കെമിക്കൽ കമ്പനികളുടെ ഓഹരികളിൽ വൻ ഇടിവ് നേരിട്ടു.
വിപണിയിൽ സമീപഭാവിയിലേക്ക് പ്രതീക്ഷിക്കുന്ന ചാഞ്ചാട്ടത്തിന്റെ തോത് വെളിവാക്കുന്ന വിക്സ് (VIX) സൂചികയിൽ ഇന്ന് 25 ശതമാനം വർധനയാണ് കുറിച്ചിരിക്കുന്നത്. ഇതോടെ വിക്സ് സൂചിക 17 നിലവാരം മറികടന്നു. സമീപകാലത്തെ ഉയർന്ന നിലവാരമാണിത്. തിങ്കളാഴ്ച വ്യാപാരത്തിനിടെ ഒരു ഘട്ടത്തിൽ നിഫ്റ്റി, സെൻസ്ക്സ് സൂചികകളിൽ രണ്ട് ശതമാനത്തിലേറെ തിരിച്ചടി നേരിട്ടപ്പോൾ 17.81 നിലവാരത്തിലേക്ക് വിക്സ് സൂചിക മുന്നേറി. അതേസമയം വിക്സ് സൂചികയിലെ മുന്നേറ്റം വിപണിക്കുള്ള ശുഭലക്ഷണമല്ല. വിക്സ് സൂചിക ഉയരുമ്പോൾ നിക്ഷേപകർ വിപണിയിൽ നിന്നും അകന്നുനിൽക്കാനുള്ള പ്രവണതയേറും.
ക്രൂഡോയിൽ വ്യാപാരത്തിന്റെ കേന്ദ്രബിന്ദുവായ പശ്ചിമേഷ്യയിൽ ഇസ്രായേലും യുഎസും ഒരുവശത്തും ഇറാൻ മറുവശത്തുമായി നടക്കുന്ന യുദ്ധമാണ് ഇന്ത്യൻ വിപണിയെ തളർത്തുന്ന ഏറ്റവും മുഖ്യഘടകം. സംഘർഷം മൂന്നാം ദിനത്തിലേക്ക് കടന്നപ്പോൾ സാഹചര്യം സങ്കീർണമാകുന്ന കാഴ്ചയാണ് തെളിയുന്നത്. ഇറാന്റെ ഭാഗത്ത് 500ലധികം മരണം റിപ്പോർട്ട് ചെയ്തിട്ടുണ്ട്.
ഇറാന്റെ പ്രത്യാക്രമണം എണ്ണ ഉത്പാദക രാജ്യങ്ങളെ ലക്ഷ്യംവെക്കുന്നതിനെ തുടർന്ന് ക്രൂഡോയിൽ വില കുതിച്ചുയർന്നു. എട്ട് മാസത്തെ ഉയർന്ന നിലവാരത്തിലേക്ക് ക്രൂഡോയിൽ വില മുന്നേറി. ആവശ്യകതയുടെ 85 ശതമാനം ഇറക്കുമതിയിലൂടെ കണ്ടെത്തുന്ന ഇന്ത്യക്ക് ക്രൂഡോയിൽ വിലക്കയറ്റം വലിയ തിരിച്ചടിയാണ്. ഇത് വിപണി ഗൗരവത്തോടെ നോക്കിക്കാണുന്നു. കൂടാതെ ഡോളർ ശക്തിപ്രാപിച്ചതോടെ ഇന്ത്യൻ രൂപയുടെ വിനിമയ മൂല്യം താഴ്ന്നതും വിദേശ നിക്ഷേപകരുടെ ഭാഗത്തുനിന്നുള്ള കനത്ത വിൽപ്പന സമ്മർദവും ഇന്ത്യൻ വിപണിക്ക് തിരിച്ചടിയേകി.
പശ്ചിമേഷ്യയിൽ യുദ്ധം വ്യാപിക്കുന്നതിന്റെ ലക്ഷണങ്ങൾ പ്രകടമാക്കിയതോടെ ആഗോള ഓഹരി വിപണികളും സമ്മർദത്തിൽ. പ്രധാന യൂറോപ്യൻ വിപണികൾ നഷ്ടം നേരിട്ടു. യുഎസ് വിപണിയിലെ ഫ്യൂച്ചേഴ്സ് കോൺട്രാക്ടുകളിലും ഒരു ശതമാനത്തിലേറെയുള്ള തിരിച്ചടി ഇപ്പോൾ ദൃശ്യമാണ്. പ്രധാന ഏഷ്യൻ വിപണികളായ ചൈന, ജപ്പാൻ, ഹോങ്കോംഗ്, സിങ്കപ്പൂർ, ദക്ഷിണ കൊറിയ എന്നിവിടങ്ങളിലും നഷ്ടക്കഥ തന്നെ.
ഇറാന്റെ പ്രത്യാക്രമണം കൂടുതലായും ഗൾഫ് രാജ്യങ്ങൾക്കു നേരെയാണ്. യു.എ.ഇ, കുവൈത്ത് ഓഹരി വിപണികൾ രണ്ട് ദിവസത്തേക്ക് അടച്ചിട്ടു. സൗദി അറേബ്യ നഷ്ടം നേരിട്ടു. അതേസമയം അഫ്ഗാനുമായുള്ള യുദ്ധവും പശ്ചിമേഷ്യൻ സംഘർഷവും കാരണം പാക്കിസ്ഥാൻ വിപണിയിൽ (കെഎസ്ഇ-30 സൂചിക) ഇന്ന് 10 ശതമാനം ഇടിവ് കുറിച്ചു. ഇറാൻ അനുകൂല പ്രകടനങ്ങളും പാക്കിസ്ഥാനിൽ അരങ്ങേറുന്നുണ്ട്. എന്നാൽ ഇസ്രായേൽ വിപണി ഇന്ന് മികച്ച നേട്ടത്തിലാണ്. പ്രധാന ഇസ്രായേൽ ഓഹരി സൂചികയായ ടി.എ125 ഇന്നത്തെ വ്യാപാരത്തിൽ 4 ശതമാനം മുന്നേറ്റം രേഖപ്പെടുത്തി എന്നതും ശ്രദ്ധേയം.
Read DhanamOnline in English
Subscribe to Dhanam Magazine