മൂന്നുമിനിട്ട് ഐഎസ്ഡി കോളിനും ആ ടെലികോം കമ്പനിയുടെ ഒരു ഓഹരിക്കും ഒരേ വില; ഇതാണ് ആ കമ്പനി!

അമേരിക്ക/ കാനഡ എന്നിവിടങ്ങളിലേക്ക് മൂന്ന് മിനിട്ട് ഐ എസ് ഡി കോള്‍ വിളിക്കാന്‍ ചെലവിടുന്ന നിരക്ക് മതി ആ ടെലികോം കമ്പനിയുടെ ഒരു ഓഹരി വാങ്ങാന്‍. പക്ഷേ നിക്ഷേപിക്കണോ?
stock market update
പ്രതീകാത്മക ചിത്രം 
Published on

ഇന്ന് രാവിലെ രാജ്യത്തെ ഒരു പ്രമുഖ ടെലികോം ഓപ്പറേറ്റിംഗ് കമ്പനിയുടെ ഓഹരി വില 5.80 രൂപ. ഇതേ കമ്പനിയുടെ സേവനം ഉപയോഗിക്കുന്ന ഒരാള്‍ക്ക് അമേരിക്ക/ കാനഡ എന്നിവിടങ്ങളിലേക്ക് ഒരു മിനിട്ട് ഐ എസ് ഡി കോള്‍ വിളിക്കാന്‍ ചെലവാകുന്നത് 1.50 രൂപ. അതായത് മൂന്ന് മി്‌നിട്ട് ഐഎസ്ഡി വിളിക്കാന്‍ ചെലവാകുന്ന പണം കൊണ്ട് അതേ ടെലികോം കമ്പനിയുടെ ഒരു ഓഹരി വാങ്ങാം.

വോഡഫോണ്‍ ഐഡിയ ലിമിറ്റഡിന്റെ ഓഹരി വിലയാണ് ഇപ്പോള്‍ ഈ തലത്തില്‍ നില്‍ക്കുന്നത്.

നടപ്പ് സാമ്പത്തിക വര്‍ഷത്തിന്റെ ആദ്യപാദത്തില്‍ വോഡഫോണ്‍ ഐഡിയ ലിമിറ്റഡ് 7,319.1 കോടി രൂപ നഷ്ടമാണ് രേഖപ്പെടുത്തിയിരിക്കുന്നത്. അതേ തുടര്‍ന്ന് കമ്പനിയുടെ ഓഹരി വില തുടര്‍ച്ചയായി ഇടിവാണ് രേഖപ്പെടുത്തുന്നത്.

ആഗസ്ത് 14ന് കമ്പനി പുറത്തുവിട്ട കണക്ക് പ്രകാരം മൊത്തം കടം 1.91 ലക്ഷം കോടി രൂപയാണ്.

വലിയ കടം കമ്പനിയെ കടുത്ത സാമ്പത്തിക പ്രശ്‌നത്തിലേക്ക് നയിക്കുമെന്ന മുന്നറിയിപ്പാണ് പ്രമുഖ ബ്രോക്കറേജുകള്‍ നല്‍കുന്നത്. വരിക്കാരുടെ എണ്ണം കുത്തനെ കുറയുന്നതും കമ്പനിയെ പ്രതികൂലമായി ബാധിക്കുന്നുണ്ട്. 250 ബില്യണ്‍ രൂപ സമാഹരിക്കാന്‍ ശ്രമിക്കുന്നുണ്ടെന്നാണ് കമ്പനി മാനേജ്‌മെന്റ് പറയുന്നതെങ്കിലും എന്ന്, എപ്പോള്‍ ആ ഫണ്ട് വരുമെന്ന കാര്യത്തില്‍ വ്യക്തതയില്ല. കേന്ദ്ര സര്‍ക്കാരിന്റെ പിന്തുണയും കമ്പനി തേടുന്നുണ്ട്. ലോക്ക്ഡൗണിന് ശേഷം വരിക്കാരുടെ എണ്ണത്തില്‍ വര്‍ധനയുണ്ടെന്ന മാനേജ്‌മെന്റിന്റെ സൂചന മാത്രമാണ് ഇപ്പോള്‍ നിക്ഷേപകര്‍ക്ക് മുന്നിലുള്ള ഏക പ്രതീക്ഷാകിരണം.

വോഡഫോണ്‍ ഐഡിയ ചെയര്‍മാനായ കുമാര്‍ മംഗളം ബിര്‍ള കമ്പനിയില്‍ തനിക്കുള്ള ഓഹരികള്‍ കേന്ദ്രത്തിന് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിച്ചിട്ടുണ്ട്. ദേശീയ താല്‍പ്പര്യം ഉയര്‍ത്തിപ്പിടിക്കാനും കമ്പനിയെ രക്ഷിക്കാനും വേണ്ടിയാണ് താന്‍ ഓഹരികള്‍ കേന്ദ്രത്തിന് നല്‍കാന്‍ സന്നദ്ധത പ്രകടിപ്പിക്കുന്നതെന്ന് കുമാര്‍ മംഗളം ബിര്‍ള കാബിനറ്റ് സെക്രട്ടറിക്ക് എഴുതിയ കത്തില്‍ വിശദീകരിച്ചിരുന്നു.

സാമ്പത്തിക തകര്‍ച്ചയില്‍ നിന്ന് കമ്പനിയെ രക്ഷിക്കുന്നതിനുള്ള അവസാന ശ്രമമാണ് ഇത്തരമൊരു നീക്കത്തിലൂടെ ബിര്‍ള നടത്തിയിരിക്കുന്നത്.

ടെലികോം മേഖല തന്ത്രപരമായി പ്രാധാന്യമുള്ള ഒന്നായതിനാല്‍ കേന്ദ്ര സര്‍ക്കാരിന് കമ്പനിയെ ഏറ്റെടുക്കുന്നതിന് സാങ്കേതികമായി തടസ്സമൊന്നുമില്ലെങ്കിലും ഇതുവരെ കേന്ദ്രം ഇക്കാര്യത്തില്‍ നിലപാടിനെ സംബന്ധിച്ച സൂചനകള്‍ പുറത്തുവിട്ടിട്ടില്ല.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com