Begin typing your search above and press return to search.
ഇന്ത്യക്കാര്‍ വീണ്ടും ക്രിപ്‌റ്റോ നിക്ഷേപത്തിലേക്ക്, കാരണമിതാണ്
ഒരു ഇടവേളയ്ക്ക് ശേഷം ഇന്ത്യയില്‍നിന്നുള്ള നിക്ഷേപകര്‍ കൂട്ടത്തോടെ വീണ്ടും ക്രിപ്‌റ്റോകറന്‍സികളിലേക്ക് നീങ്ങുന്നു. ബിറ്റ്‌കോയിന്‍ മൂന്ന് മാസത്തെ ഉയര്‍ന്ന നിരക്കായ 50,000 ഡോളറിലെത്തിയതിന് പിന്നാലെയാണ് ക്രിപ്റ്റോകറന്‍സികളില്‍ നിക്ഷേപവുമായി ഇന്ത്യക്കാരെത്തുന്നത്.
തിങ്കള്‍, ചൊവ്വ ദിവസങ്ങളില്‍, ഇന്ത്യന്‍ ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളിലെയും ഇന്ത്യക്കാരെ സഹായിക്കുന്ന വിദേശ എക്‌സ്‌ചേഞ്ചുകളിലെയും ട്രേഡിംഗ് വോള്യങ്ങളിലും ട്രേഡിംഗ് മൂല്യങ്ങളിലും വലിയ കുതിപ്പാണ് രേഖപ്പെടുത്തിയത്. 50-100 ശതമാനം വരെ കുതിപ്പാണ് ക്രിപ്‌റ്റോ എക്‌സ്‌ചേഞ്ചുകളില്‍ കണ്ടതെന്ന് ഇക്കണോമിക്‌സ് ടൈംസ് റിപ്പോര്‍ട്ട് വ്യക്തമാക്കുന്നു.
ബിറ്റ്‌കോയിനുകള്‍ക്ക് പുറമെ മറ്റ് ക്രിപ്‌റ്റോ ആസ്തികളും ഇന്ത്യക്കാര്‍ വാങ്ങുന്നുണ്ട്. കൂടാതെ, പല ഉപഭോക്താക്കളും ക്രിപ്‌റ്റോ ട്രേഡിംഗിലേക്ക് തിരിച്ചെത്തിയിട്ടുണ്ട്. 'ക്രിപ്‌റ്റോകറന്‍സികള്‍ വാങ്ങുന്നവരില്‍ മൂന്നിരട്ടി കുതിച്ചുചാട്ടവും വില്‍ക്കുന്നവരില്‍ രണ്ടിരട്ടി വര്‍ധനവുമാണ് ഉണ്ടായിട്ടുള്ളത്' ക്രിപ്റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ BuyUcoin സിഇഒ ശിവം തക്രാല്‍ പറഞ്ഞു.
'കഴിഞ്ഞ കുറച്ച് ദിവസങ്ങളായി ഉപയോക്താക്കളുടെ വര്‍ധനവിന് കാരണമാകുന്ന ഒരു ഘടകം മാത്രം ചൂണ്ടിക്കാണിക്കാന്‍ പ്രയാസമാണ്, കാരണം ഇതിന് നിരവധി ഘടകങ്ങളുണ്ട്,'' ക്രിപ്‌റ്റോ കറന്‍സി എക്‌സ്‌ചേഞ്ചായ വാസിര്‍എക്‌സ് സിഇഒ നിശ്ചല്‍ ഷെട്ടി പറഞ്ഞു. 'വിപണി ഏറ്റവും ഉയര്‍ന്ന സമയത്ത് ഞങ്ങളുടെ പ്രതിദിന ശരാശരി വോളിയം 100 മില്യണ്‍ ഡോളറില്‍ നിന്ന് 300 മില്യണ്‍ ഡോളറായി ഉയര്‍ന്നു' അദ്ദേഹം ചൂണ്ടിക്കാട്ടുന്നു.
കഴിഞ്ഞ ഏപ്രില്‍ മാസമായിരുന്നു ബിറ്റ്‌കോയിന്‍ എക്കാലത്തെയും ഉയര്‍ന്ന നിരക്കായ 64,000 ഡോളറിലെത്തിയത്. നിലവില്‍ ഇന്ത്യയില്‍ 15 ദശലക്ഷം ക്രിപ്‌റ്റോ നിക്ഷേപകരാണുള്ളത്. 15,000 കോടി രൂപയുടെ ഡിജിറ്റല്‍ ആസ്തികളാണ് ഇവര്‍ കൈവശപ്പെടുത്തിയിട്ടുള്ളത്.
Next Story
Videos