യുഎസ് ഓഹരി വിപണിയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം വര്‍ധിക്കുന്നു

ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 200 ശതമാനത്തിന്റെ വളര്‍ച്ച ഉണ്ടായെന്ന് സ്റ്റോക്കല്‍
യുഎസ് ഓഹരി വിപണിയിലെ ഇന്ത്യക്കാരുടെ സാന്നിധ്യം വര്‍ധിക്കുന്നു
Published on

അഭ്യന്തര വിപണിക്കൊപ്പം യുഎസ് ഓഹരി വിപണിയിലെ ഇന്ത്യക്കാരുടെ സാന്നിധ്യവും വര്‍ധിക്കുന്നു. മൊബൈല്‍ ആപ്ലിക്കേഷനിലൂടെ വിദേശ നിക്ഷപങ്ങള്‍ സാധ്യമായതും ഈ മേഖലയിലെ ടെക്ക് സ്റ്റാര്‍ട്ടപ്പുകളുടെ സാന്നിധ്യവും കൂടുതല്‍ പേരെ വിദേശ വിപണിയിലേക്ക് ആകര്‍ഷിച്ചു. വിവിധ വെല്‍ത്ത് മാനേജ്‌മെന്റ് പ്ലാറ്റ്‌ഫോമുകളിലൂടെ 300-500 മില്യണോളം ഡോളറാണ് ഇന്ത്യക്കാര്‍ നിക്ഷേപിച്ചത്. 2021ല്‍ യുഎസ് വിപണികളില്‍ ഉണ്ടായ ഉണര്‍വ് നിക്ഷേപം വര്‍ധിക്കാന്‍ കാരണമായി.

ടെസ്ല, ഫേസ്ബുക്ക്, ആമസോണ്‍, ആപ്പിള്‍ നെറ്റ്ഫ്‌ലിക്‌സ്, ഗൂഗില്‍ തുടങ്ങിയവയുടെ ഓഹരികളില്‍ നിക്ഷേപം നടത്തിയത് നിരവധി പേരാണ്. ഗ്ലോബല്‍ ഇന്‍വെസ്റ്റ്‌മെന്റ് പ്ലാറ്റ്‌ഫോമായ സ്‌റ്റോക്കലിന്റെ കണക്ക് പ്രകാരം 2021ല്‍ മുന്‍വര്‍ഷത്തെ അപേക്ഷിച്ച് ഇന്ത്യക്കാരുടെ നിക്ഷേപത്തില്‍ 200 ശതമാനത്തിന്റെ വളര്‍ച്ചയാണ് ഉണ്ടായത്. ഇടപാട് നടത്തുന്നവരുടെ എണ്ണത്തിലും 250 ശതമാനത്തോളം വര്‍ധനവ് ഉണ്ടായെന്ന് സ്‌റ്റോക്കല്‍ ചൂണ്ടിക്കാണിക്കുന്നു.

യുഎസ് ഓഹരികളില്‍ നിക്ഷേപിക്കാന്‍ സൗകര്യം ഒരുക്കുന്ന വെസ്റ്റഡ് ഫിനാന്‍സില്‍ കഴിഞ്ഞ വര്‍ഷം 800000 പുതിയ അക്കൗണ്ടുകളാണ് തുറക്കപ്പെട്ടത്. 450,000 ഇടപാടുകളിലായി 250 മില്യണ്‍ ഡോളറിന്റെ കൈമാറ്റമാണ് ഉണ്ടായത്. ആഗോള കമ്പനികളിലെ ദീര്‍ഘകാല നിക്ഷേപങ്ങളിലൂടെ നേട്ടമുണ്ടാക്കുകയാണ് പ്ലാറ്റ്‌ഫോമിലെത്തുന്നവരുടെ ലക്ഷ്യമെന്ന് വെസ്റ്റഡ് ഫിനാന്‍സ് സിഇഒ വിരാം ഷാ പറയുന്നു. ഡിജിറ്റല്‍ ഫസ്റ്റ് പ്രൈവറ്റ് വെല്‍ത്ത് പ്ലാറ്റ്‌ഫോം ക്രിസ്റ്റല്‍ എഐ സിഇഒ ആശിഷ് ചന്ദ് പറയുന്നത് ആഗോള നിക്ഷേപ മേഖലയില്‍ 50 ശതമാനത്തിന്റെ വളര്‍ച്ചയാണ് കഴിഞ്ഞ വര്‍ഷം ഉണ്ടായതെന്നാണ്. 1600 ഓളം പേരാണ് ക്രിസ്റ്റലില്‍ പുതുതായി അക്കൗണ്ട് തുറന്നത്.

വൈവിധ്യവത്കരണത്തിലൂടെ കൂടുതല്‍ ലാഭം, രൂപയുടെ മൂല്യത്തകര്‍ച്ചയില്‍ നിന്നുള്ള സംരംക്ഷണം, വിദേശ വിദ്യാഭ്യാസം, യാത്രകള്‍ തുടങ്ങിയ ലക്ഷ്യങ്ങളോടെയാണ് വിദേശ വിപണിയിലേക്ക് ഇന്ത്യക്കാരെത്തുന്നത്. യുഎസ് ഉള്‍പ്പടെയുള്ള രാജ്യങ്ങളിലെ നിക്ഷേപം ഇന്ത്യന്‍ വിപണിയിലെ റിസ്‌ക് കുറയ്ക്കാന്‍ സഹായിക്കും. ആഗോള തലത്തില്‍ പ്രശസ്തരായ വമ്പന്‍ കമ്പനികളില്‍ നിക്ഷേപം നടത്താനുള്ള അവസരവും വിദേശ വിപണിയിലേക്ക് ഇന്ത്യക്കാരെ ആകര്‍ഷിക്കുന്ന ഘടകമാണ്.

.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com