
ദലാല്‍ സ്ട്രീറ്റിനെ വീണ്ടും ചൂടുപിടിപ്പിക്കാന്‍ അണിയറയില്‍ ഒരുക്കങ്ങളുമായി വമ്പന്‍ ബ്രാന്‍ഡുകള്‍. രാജ്യത്തെ ഏറ്റവും വലിയ ഡെപ്പോസിറ്ററി സ്ഥാപനമായ എന്‍.എസ്.ഡി.എല്‍, ജെ.എസ്.ഡബ്ല്യു സിമന്റ്, ഹീറോ ഫിന്‍കോര്‍പ്, എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസ്, കല്‍പ്പതരൂ എന്നിവയാണ് പ്രാരംഭ ഓഹരി വില്‍പ്പന (ഐ.പി.ഒ) യുമായി ഉടന്‍ എത്തുക. ഈ അഞ്ച് കമ്പനികളും ചേര്‍ന്ന് 25,000 കോടി രൂപയിലധികമാണ് വിപണിയില്‍ നിന്ന് സമാഹരിക്കുക.
ഈ വര്‍ഷത്തിന്റെ ആദ്യ പകുതിയില്‍ അത്ര ആവേശത്തിലല്ലായിരുന്നെങ്കിലും രണ്ടാം പകുതിയില്‍ നിരവധി ഐ.പി.ഒകള്‍ക്ക് വിപണി സാക്ഷ്യം വഹിക്കുമെന്നാണ് നിലവില്‍ ലഭിക്കുന്ന സൂചനകള്‍.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ സബ്‌സിഡിയറിയായ എച്ച്.ഡി.ബി ഫിനാന്‍ഷ്യല്‍ സര്‍വീസസിന്റെ (HDB Financial Services) ഐ.പി.ഒ എന്‍.ബി.എഫ്.സി മേഖലയിലെ ഏറ്റവും വലുതും ഒക്ടോബറില്‍ നടന്ന ഹ്യുണ്ടായി ഐ.പി.ഒയ്ക്ക് ശേഷമുള്ള ഏറ്റവും വലുതുമായിരിക്കുമെന്നാണ് കണക്കാക്കുന്നത്. ജൂണ്‍ 25ന് ആരംഭിക്കുന്ന ഐ.പി.ഒ വഴി 12,500 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഓഹരിക്ക് 700-740 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചിച്ചിരിക്കുന്നത്.
റിയല്‍ എസ്റ്റേറ്റ് ആന്‍ഡ് ഇന്‍ഫ്രാസ്ട്രക്ചര്‍ കമ്പനിയായ കല്‍പ്പതരൂവിന്റെ 1,590 കോടി രൂപ ലക്ഷ്യമിട്ടുള്ള ഐ.പി.ഒയും ജൂലൈയില്‍ ഉണ്ടാകും. കല്‍പ്പതരു ഗ്രൂപ്പിന്റെ ഭാഗമായ കമ്പനിയാണിത്. ജൂണ്‍ 26 മുതല്‍ ആരംഭിക്കുന്ന ഐ.പി.ഒയില്‍ 3.84 കോടി പുതു ഓഹരികളാണ് വിറ്റഴിക്കുന്നത്. ഓഫര്‍ ഫോര്‍ സെയില്‍ വഴി നിലവിലെ പ്രമോട്ടര്‍മാര്‍ ആരും ഓഹരികള്‍ വിറ്റഴിക്കുന്നില്ല.
ഇതുകൂടാതെ ഗ്ലോബ് സിവില്‍ പ്രോജക്ട്‌സ്, എല്ലെന്‍ബാരി ഇന്‍ഡസ്ട്രിയല്‍ ഗ്യാസസ്, സംഭവ് സ്റ്റീല്‍ ട്യൂബ്‌സ് എന്നിവയും അടുത്തയാഴ്ച ഓഹരി വില്‍പ്പനയുമായെത്തും. എസ്.എം.ഇ വിഭാഗത്തില്‍ സമയ് പ്രോജക്ട് സര്‍വീസസ്, പാട്ടീല്‍ ഓട്ടോമേഷന്‍, എപ്പെല്‍ടോണ്‍ എന്‍ജിനീയേഴ്‌സ്, ഇന്‍ഫ്‌ളക്‌സ് ഹെല്‍ത്ത്‌ടെക്, സേഫ് എന്റര്‍പ്രൈസസ് റീറ്റെയില്‍ ഫിക്‌സ്‌ചേഴ്‌സ്, മായശീല്‍ വെഞ്ച്വേഴ്‌സ്, ആകാര്‍ മെഡിക്കല്‍ ടെക്‌നോളജീസ് എന്നിവയും ഐ.പി.ഒയ്ക്ക് ഇറങ്ങുന്നുണ്ട്.
സി.ഡി.എസ്.എല്ലിന് ശേഷം രാജ്യത്ത് രണ്ടാമത്തെ ലിസ്റ്റഡ് ഡിപ്പോസിറ്ററി ആയി മാറാനുള്ള തയാറെടുപ്പിലാണ് നാഷണല്‍ സെക്യൂരിറ്റീസ് ഡിപ്പോസിറ്ററി ലിമിറ്റഡ് ( National Securities Depository Limited/NSDL). നിലവിലുള്ള ഓഹരി ഉടമകള്‍ മാത്രം ഓഹരി വില്‍പ്പനയില്‍ പങ്കെടുക്കുന്ന ഓഫര്‍ ഫോര്‍ സെയില്‍ (OFS) വഴി 3,300 കോടി രൂപയാണ് എന്‍.എസ്.ഡി.എല്‍ സമാഹരിക്കാന്‍ ലക്ഷ്യമിടുന്നത്. ഐ.ഡി.ബി.ഐ ബാങ്ക്, എന്‍.എസ്.ഇ എന്നിവയായിരിക്കും ഓഹരികള്‍ വിറ്റഴിക്കുക എന്നാണ് അറിയുന്നത്. ഇന്ത്യന്‍ ക്യാപിറ്റല്‍ മാര്‍ക്കറ്റിലെ ഒരു നിര്‍ണായക പങ്കുവഹിക്കുന്ന കമ്പനി എന്ന നിലയില്‍ നിക്ഷേപകര്‍ ഉറ്റുനോക്കുന്ന ഒരു ഐ.പി.ഒ ആണിത്.
രാജ്യത്തെ പ്രമുഖ ബിസിനസ് ഗ്രൂപ്പുകളിലൊന്നായ ജെ.എസ്.ഡബ്ല്യുവില്‍ നിന്നുള്ള ജെ.എസ്.ഡബ്ല്യു സിമന്റ് 4,000 കോടി രൂപയുടെ ഐ.പി.ഒയ്ക്കാണ് കളമൊരുക്കുന്നത്. 2,500 കോടി രൂപയുടെ വീതം പുതു ഓഹരികളും ഓഫര്‍ ഫോര്‍ സെയിലും ഐ.പി.ഒയിലുണ്ടാകും. ഐ.പി.ഒ തീയതി ഇതുവരെ തീരുമാനിച്ചിട്ടില്ല. സിമന്റ് മേഖലയുടെ വളര്‍ച്ചയില്‍ ലക്ഷ്യം വയ്ക്കുന്ന റീറ്റെയ്ല്‍ നിക്ഷേപകരും ദീര്‍ഘകാല നിക്ഷേപകരും ഐ.പി.ഒയില്‍ നോട്ടമിട്ടിരിക്കുകയാണ്.
ഹീറോ മോട്ടോകോര്‍പ്പിന്റെയും പ്രൈവറ്റ് ഇക്വിറ്റി മേജര്‍ ക്രിസ് ക്യാപിറ്റലിന്റെയും പിന്തുണയുള്ള എന്‍.ബി.എഫ്.സി കമ്പനിയായ ഹീറോ ഫിന്‍കോര്‍പ്പിന്റെ ഐ.പി.ഒയും ജൂലെയില്‍ പ്രതീക്ഷിക്കാം. ഐ.പി.ഒ വഴി 3,670 കോടി രൂപയാണ് കമ്പനി സമാഹരിക്കാന്‍ ലക്ഷ്യം വയ്ക്കുന്നത്. 2,110 കോടി രൂപയുടെ പുതു ഓഹരികളും ഒ.എഫ്.എസ് വഴി 1,570 കോടി രൂപയുടെ ഓഹരികളും വില്‍പ്പനയ്‌ക്കെത്തിക്കും. രാജ്യത്തെമ്പാടുമായി 1.18 കോടി ഉപയോക്താക്കളും 51,820 കോടി രൂപയുടെ ആസ്തിയും കൈകാര്യം ചെയ്യുന്ന കമ്പനിയാണ് ഹീറോ ഫിന്‍കോര്‍പ്പ്.
Read DhanamOnline in English
Subscribe to Dhanam Magazine