ദേവയാനിയും സഫയറും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു, ഒരു കൂട്ടര്‍ക്ക് ദഹിക്കാതെ പോയതിന് കാരണം എന്താണ്?

ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് വ്യവസായത്തിന്റെ ഗതി തന്നെ മാറ്റാന്‍ കഴിയുന്ന വലിയൊരു കോര്‍പറേറ്റ് നീക്കമാണ് ദേവയാനി-സഫയര്‍ ലയനം
ദേവയാനിയും സഫയറും ഒന്നിച്ചു ജീവിക്കാന്‍ തീരുമാനിച്ചു, ഒരു കൂട്ടര്‍ക്ക് ദഹിക്കാതെ പോയതിന് കാരണം എന്താണ്?
Published on

ഇന്ത്യന്‍ ഫാസ്റ്റ് ഫുഡ് മേഖലയിലെ വമ്പന്മാരായ ദേവയാനി ഇന്റര്‍നാഷണലും സഫയര്‍ ഫുഡ്‌സും ലയിക്കാന്‍ തീരുമാനിച്ചു. വിവരം പുറത്തു വന്നപ്പോള്‍ ഓഹരി വിപണിയില്‍ ദേവയാനിക്ക് വളര്‍ച്ച; സഫയര്‍ ഫുഡ്‌സിന് ഇടര്‍ച്ച. ദേവയാനി ഇന്റര്‍നാഷണല്‍ ഓഹരി 7 ശതമാനം വരെ ഉയര്‍ന്നു. സഫയര്‍ ഫുഡ്‌സ് ഓഹരികള്‍ 3 ശതമാനം വരെ താഴ്ന്നു. ലയന വാര്‍ത്തയെ നിക്ഷേപകര്‍ എങ്ങനെ വിലയിരുത്തുന്നു എന്നതിന്റെ വ്യക്തമായ സൂചനയായി ഇന്നത്തെ വിപണിയുടെ പ്രതികരണം.

എന്താണ് ലയന പദ്ധതി?

പദ്ധതിയനുസരിച്ച്, സഫയര്‍ ഫുഡ്‌സ് ദേവയാനി ഇന്റര്‍നാഷണലില്‍ ലയിക്കും. ലയനം പൂര്‍ത്തിയാകുമ്പോള്‍, സഫയര്‍ ഫുഡ്‌സ് ഓഹരി ഉടമകള്‍ക്ക് ഓരോ 100 ഓഹരികള്‍ക്കും 177 ദേവയാനി ഓഹരികള്‍ ലഭിക്കും.

ഈ ലയനം നടപ്പാകുന്നതോടെ, ഇന്ത്യയില്‍ KFC, Pizza Hut തുടങ്ങിയ Yum! Brands റെസ്റ്റോറന്റുകള്‍ നടത്തുന്ന ഏറ്റവും വലിയ ഫ്രാഞ്ചൈസി ഗ്രൂപ്പുകളില്‍ ഒന്നായി സംയുക്ത കമ്പനി മാറും. രാജ്യത്തുടനീളം 3,000-ത്തിലധികം റെസ്റ്റോറന്റുകള്‍ പുതിയ സ്ഥാപനത്തിന്റെ കീഴിലാകും.

എന്തുകൊണ്ട് സഫയര്‍ ഓഹരി ഇടിഞ്ഞു?

വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ലയനാനന്തര ഓഹരി വിനിമയ അനുപാതം, ഹ്രസ്വകാല ലാഭമെടുക്കല്‍, ലയനവുമായി ബന്ധപ്പെട്ട അനിശ്ചിതത്വങ്ങള്‍ എന്നിവയാണ് സഫയര്‍ ഫുഡ്‌സ് ഓഹരികളില്‍ സമ്മര്‍ദ്ദം സൃഷ്ടിച്ചത്. വലിപ്പം, ചെലവ് നിയന്ത്രണം, ദീര്‍ഘകാല വളര്‍ച്ച തുടങ്ങിയ ഘടകങ്ങള്‍ മുന്നില്‍ കണ്ടാണ് നിക്ഷേപകര്‍ ദേവയാനിയോട് പ്രത്യേക മമത കാണിച്ചത്.

ദീര്‍ഘകാല ലക്ഷ്യം എന്ത്?

ഈ ലയനത്തിന്റെ പ്രധാന ലക്ഷ്യം ചെലവ് കുറയ്ക്കല്‍, പ്രവര്‍ത്തന കാര്യക്ഷമത വര്‍ധിപ്പിക്കല്‍, വിപുലീകരണം വേഗത്തിലാക്കല്‍ എന്നിവയാണ്. ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് വിപണിയില്‍ മത്സരം ശക്തമായ സാഹചര്യത്തില്‍, വലിപ്പം തന്നെയാണ് ഇനി നിര്‍ണായക ഘടകമെന്ന വിലയിരുത്തലാണ് ഈ നീക്കത്തിന് പിന്നില്‍.

ലയനം എപ്പോള്‍?

നിയന്ത്രണ ഏജന്‍സികളുടെയും ഓഹരി ഉടമകളുടെയും അനുമതി ലഭിച്ചാല്‍, 2026 ഏപ്രില്‍ 1 മുതല്‍ ലയനം പ്രാബല്യത്തില്‍ വരുമെന്നാണ് പ്രതീക്ഷ. എല്ലാ നടപടികളും പൂര്‍ത്തിയാകാന്‍ ഏകദേശം 12 മുതല്‍ 15 മാസം വരെ സമയം എടുക്കുമെന്നാണ് കണക്കാക്കുന്നത്.

ഇന്ത്യയിലെ ഫാസ്റ്റ് ഫുഡ് വ്യവസായത്തിന്റെ ഗതി തന്നെ മാറ്റാന്‍ കഴിയുന്ന വലിയൊരു കോര്‍പറേറ്റ് നീക്കമാണ് ദേവയാനി-സഫയര്‍ ലയനം. നിക്ഷേപകരും വിപണിയും ഇനി കണ്ണോടിക്കുന്നത് ഈ 'മെഗാ ഡീല്‍' എങ്ങനെ നടപ്പാകുമെന്നതിലേക്കാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com