രാജ്യത്തെ ഏറ്റവും വലിയ ഡ്രോണ്‍ കമ്പനി ഓഹരി വിപണിയിലേക്ക്
ഇന്ത്യയിലെ ഏറ്റവും വലിയ ഡ്രോണ്‍ നിര്‍മാണ കമ്പനി ഐഡിയഫോര്‍ജ് (IdeaForge Technology) പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് (IPO) ഒരുങ്ങുന്നു. ആദ്യമായാണ് ഒരു ഡ്രോണ്‍ നിര്‍മാണ കമ്പനി രാജ്യത്തെ പ്രധാന ഓഹരി വിപണികളില്‍ ലിസ്റ്റ് ചെയ്യാന്‍ ഒരുങ്ങുന്നത്. കഴിഞ്ഞ വര്‍ഷം ഡ്രോണ്‍ആചാര്യ ബിഎസ്ഇ എസ്എംഇ എക്‌സ്‌ചേഞ്ചില്‍ ലിസ്റ്റ് ചെയ്തിരുന്നു.
ഡ്രോണിന്റെ പ്രധാന ഘടകങ്ങള്‍ ഉള്‍പ്പടെ നിര്‍മിക്കുന്ന കമ്പനിയാണ് ഐഡിയഫോര്‍ജ്. 750 കോടി രൂപ ഐപിഒയിലൂടെ സമാഹരിക്കുകയാണ് ലക്ഷ്യം. ഓഫര്‍ ഫോര്‍ സെയിലിലൂടെ 4.87 ലക്ഷം ഓഹരികളും 300 കോടിയുടെ പുതിയ ഓഹരികളും ഉള്‍പ്പടെ 25 ശതമാനം ഓഹരികളാണ് കമ്പനി വില്‍ക്കുന്നത്. 10 രൂപയാണ് ഓഹരികളുടെ മുഖവില. ക്വാല്‍കോം, ഇന്‍ഫോസിസ്, ഫ്ലോറിന്‍ട്രീ ക്യാപിറ്റല്‍ പാര്‍ട്ട്‌ണേഴ്‌സ് തുടങ്ങിയവയ്ക്ക് നിക്ഷേപമുള്ള സ്ഥാപനമാണ് ഐഡിയഫോര്‍ജ്.
ഐഐടി വിദ്യാര്‍ത്ഥികളുടെ സംരംഭം
ഐഐടി ബോംബെയിലെ പൂര്‍വ വിദ്യാര്‍ത്ഥികളായ അങ്കിത് മെഹ്ത്ത, രാഹുല്‍ സിംഗ്, ആശിഷ് ഭട്ട്, വിപുല്‍ ജോഷി എന്നിവര്‍ ചേര്‍ന്ന് 2007ല്‍ തുടങ്ങിയ സ്ഥാപനമാണ് ഐഡിയഫോര്‍ജ്. '3 ഇഡിയറ്റ്‌സ്' എന്ന ബോളിവൂഡ് സിനിമയില്‍ ആമീര്‍ഖാന്‍ പറത്തുന്ന ഡ്രോണ്‍ നിര്‍മിച്ചതും ഇവരാണ്. ആളില്ലാ വിമാനങ്ങള്‍ നിര്‍മ്മിക്കാന്‍ പ്രതിരോധ മന്ത്രാലയത്തിന്റെ ലൈസന്‍സും ഐഡിയഫോര്‍ജ് നേടിയിട്ടുണ്ട്. യുഎസ്എ, ഒമാന്‍, നൈജീരിയ, ഭൂട്ടാന്‍ എന്നിവടങ്ങളിലും സാന്നിധ്യമുള്ള കമ്പനിയാണ് ഐഡിയഫോര്‍ജ്. ഇതുവരെ 62 പേറ്റന്റുകളാണ് കമ്പനി ഫയല്‍ ചെയ്തിട്ടുള്ളത്.