

ഓഹരി വിപണിയിൽ ക്ഷമയോടെയുള്ള നിക്ഷേപം എങ്ങനെ വൻ സമ്പത്ത് സൃഷ്ടിക്കുമെന്ന് തെളിയിച്ചിരിക്കുകയാണ് ഇൻഡോ തായ് സെക്യൂരിറ്റീസ് (Indo Thai Securities) എന്ന സ്മോൾ ക്യാപ് കമ്പനി. വെറും അഞ്ച് വർഷത്തിനുള്ളിൽ ഈ ഓഹരിയുടെ വിലയിൽ ഉണ്ടായ കുതിച്ചുചാട്ടം നിക്ഷേപകരെ അമ്പരപ്പിക്കുന്നതാണ്.
ഏകദേശം അഞ്ച് വർഷം മുമ്പ് ഈ ഓഹരിയുടെ വില വെറും 1.90 രൂപ മാത്രമായിരുന്നു. എന്നാൽ നിലവിൽ ഇത് 350-370 രൂപ എന്ന നിലവാരത്തിലേക്ക് ഉയർന്നിരിക്കുകയാണ്. അതായത്, അഞ്ച് വർഷം മുമ്പ് ഈ ഓഹരിയിൽ ഒരു ലക്ഷം രൂപ നിക്ഷേപിച്ച് അത് കൈവശം വെച്ച ഒരു വ്യക്തിയുടെ നിക്ഷേപ മൂല്യം ഇന്ന് ഏകദേശം 1.95 കോടി രൂപയായി മാറിയിട്ടുണ്ടാകും. ഒരു മൾട്ടിബാഗർ ഓഹരിയുടെ എല്ലാ ലക്ഷണങ്ങളും പ്രകടമാക്കുന്നതാണ് ഈ മുന്നേറ്റം.
ഈ അസാധാരണ വളർച്ചയോടെ കമ്പനിയുടെ വിപണി മൂല്യം (Market Cap) ഏകദേശം 4,500 കോടി രൂപയായി വർധിച്ചു. 2025 ൽ മാത്രം ഈ ഓഹരി ഏകദേശം 186 ശതമാനം നേട്ടമാണ് നിക്ഷേപകർക്ക് നൽകിയത്. ഇടക്കാലത്ത് ഏകദേശം 21 ശതമാനത്തോളം ഇടിവ് നേരിട്ടെങ്കിലും, സെപ്റ്റംബറിലെ 78 ശതമാനത്തിൻ്റെ അവിശ്വസനീയമായ തിരിച്ചുവരവ് (Rebound) ഈ ഓഹരിയുടെ കരുത്ത് വ്യക്തമാക്കുന്നു.
1995 ൽ സ്ഥാപിതമായ ഇൻഡോ തായ് ഇന്ത്യയിലെ മുൻനിര എൻഎസ്ഇ-ബിഎസ്ഇ ഫുൾ-സർവീസ് ബ്രോക്കറാണ്. റിയൽ എസ്റ്റേറ്റ്, ഗ്രീൻ ടെക്നോളജി (ഫെംറ്റോ), ഐ.എഫ്.എസ്.സി എന്നിവയിലെ സംരംഭങ്ങൾ ഉൾപ്പെടെ 16 കമ്പനികളുടെ ഒരു ഗ്രൂപ്പായി ഉയർന്ന ആസ്തിയുള്ള വ്യക്തികൾക്കും കോർപ്പറേഷനുകൾക്കും വന്‍കിട വ്യാപാരികൾക്കും വ്യക്തിഗത നിക്ഷേപവും സാമ്പത്തിക സേവനങ്ങളും കമ്പനി വാഗ്ദാനം ചെയ്യുന്നു.
അതേസമയം 2025 ജൂലൈ മുതൽ ഓഹരി 1:10 എന്ന അനുപാതത്തിൽ എക്സ്-സ്പ്ലിറ്റ് അടിസ്ഥാനത്തിലാണ് വ്യാപാരം നടത്തുന്നത്. മുകളിലുള്ള കണക്കുകൂട്ടൽ വിഭജനത്തിനു ശേഷമുള്ള ആനുകൂല്യത്തെ പരിഗണിക്കുന്നില്ല.
സ്മോൾ ക്യാപ് ഓഹരികൾ വലിയ ലാഭസാധ്യത നൽകുന്നതോടൊപ്പം തന്നെ ഉയർന്ന റിസ്കും ഉള്ളവയാണ്. ഇൻഡോ തായ് സെക്യൂരിറ്റീസിൻ്റെ കാര്യത്തിൽ സംഭവിച്ചത് പോലെ കൃത്യമായ സമയത്ത് മികച്ച ഓഹരികൾ കണ്ടെത്തി ദീർഘകാലത്തേക്ക് നിക്ഷേപിക്കുന്നത് വലിയ നേട്ടങ്ങൾ നൽകും. എങ്കിലും വിപണിയിലെ അസ്ഥിരതകൾ കണക്കിലെടുത്ത് കൃത്യമായ പഠനത്തിന് ശേഷം മാത്രം ഇത്തരം ഓഹരികളിൽ നിക്ഷേപം നടത്തുന്നതാണ് ഉചിതം.
Indo Thai Securities delivers 1.95 crore returns in 5 years from a ₹1.90 stock, showcasing massive small-cap potential.
Read DhanamOnline in English
Subscribe to Dhanam Magazine