

രാജ്യത്തെ പ്രമുഖ ഐ.ടി കമ്പനികളിലൊന്നായ ഇന്‍ഫോസിസില്‍ അധിക ഓഹരികള്‍ സ്വന്തമാക്കി ശ്രുതി ഷിബുലാല്‍. ഇന്നലെ ഓപ്പണ്‍ മാര്‍ക്കറ്റ് ഇടപാട് വഴിയാണ് ഇന്‍ഫോസിസിന്റെ സഹസ്ഥാപകനും മുന്‍ സി.ഇ.ഒ.യുമായ എസ്.ഡി ഷിബുലാലിന്റെ മകള്‍ ശ്രുതി ഓഹരികള്‍ സ്വന്തമാക്കിയത്.
എന്‍.എസ്.ഇയിലെ ബ്ലോക്ക് ഡീല്‍ ഡാറ്റ പ്രകാരം 29.84 ലക്ഷം ഇന്‍ഫോസിസ് ഓഹരികളാണ് ശ്രുതി വാങ്ങിയത്.
ഓഹരിയൊന്നിന് 1,574 രൂപ കണക്കാക്കിയാണ് ഇടപാട്. ഇതു പ്രകാരം മൊത്തം 469.69 കോടി രൂപയാണ് ഇടപാടു മൂല്യം. എസ്.ഡി. ഷിബുലാലിന്റെ കുടുംബാംഗമായ ഗൗരവ് മാന്‍ചന്ദ ഇതേ ദിവസം ഇത്രയും ഓഹരികള്‍ അതേ വിലയില്‍ വിറ്റിരുന്നു.
2024 ഡിസംബര്‍ 31 വരെയുള്ള കണക്കുകളനുസരിച്ച് ശ്രുതി ഷിബുലാലിന് ഇന്‍ഫോസിസില്‍ 0.07 ശതമാനം അഥവാ 27.37 ലക്ഷം ഓഹരികളാണുള്ളത്. ഗൗരവ് മാന്‍ചന്ദയ്ക്ക് 0.31 ശതമാനം, അതായത് 1.17 കോടി ഓഹരികളുണ്ട്.
എസ്.ഡി ഷിബുലാല്‍ അടക്കമുള്ള പ്രമോട്ടര്‍മാരുടെ കൈവശം ഇന്‍ഫോസിസിന്റെ 14.43 ശതമാനം ഓഹരികളാണുള്ളത്.
സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകള്‍ വഴി നടക്കുന്ന വന്‍കിട ഇടപാടുകളാണ് ബ്ലോക്ക്, ബള്‍ക്ക് ഡീലുകള്‍, എക്‌സ്‌ചേഞ്ചിലെ പ്രത്യേക ട്രേഡിംഡ് വിന്‍ഡോയിലൂടെയാണ് ബ്ലോക്ക് ഡീലുകള്‍ നടക്കുന്നത്. അതിനാല്‍ ചെറുകിട നിക്ഷേപകര്‍ക്ക് ബ്ലോക്ക് ഡീല്‍ കാണാന്‍ കഴിയില്ല. അതേസമയം ബള്‍ക്ക് ഡീലുകള്‍ സാധാരണ ട്രേഡിംഗിന്റെ ഭാഗമാണ്. എല്ലാ നിക്ഷേപകര്‍ക്കും ഇത് അറിയാനാകും.
അഞ്ച് ലക്ഷത്തിലധികം എണ്ണം ഓഹരികളോ 10 കോടിയിലധികം മൂല്യമുള്ള ഓഹരികളോ ഒറ്റ ഇടപാടില്‍ നടത്തുന്നതിനെയാണ് ബ്ലോക്ക് ഡീല്‍ എന്ന് വിളിക്കുന്നത്. ബ്ലോക്ക് ഡീല്‍ നടത്തുന്നതിന് പ്രത്യേക വ്യാപാര സമയക്രമീകരണങ്ങളുണ്ട്. രാവിലെ 8.45 മുതല്‍ 9 വരെയും 2.05 മുതല്‍ 2.20 വരെയുമുള്ള 15 മിനിറ്റിന്റെ രണ്ട് ഘട്ടങ്ങളായാണ് ബ്ലോക്ക് ഡീല്‍ നടത്തുന്നത്. ബ്ലോക്ക് ഡീലിന്റെ വിശദാംശങ്ങള്‍ വോളിയം ചാര്‍ട്ടില്‍ രേഖപ്പെടുത്തില്ല. എന്നാല്‍ സ്റ്റോക്ക് എക്‌സ്‌ചേഞ്ചുകളുടെ വെബ്‌സൈറ്റില്‍ ലഭ്യമാകും. കമ്പനിയുടെ പേര്, ക്ലയന്റ്, വാങ്ങിയ ഓഹരികളുടെ എണ്ണം, ഓഹരിയുടെ ശരാശരി വില എന്നിവയൊക്കെ രേഖപ്പെടുത്തിയിട്ടുണ്ടാകും.
Read DhanamOnline in English
Subscribe to Dhanam Magazine