ഇന്‍ഫോസിസിന് തിരിച്ചടി; വിപണി മൂല്യത്തില്‍ ആദ്യ പത്ത് കമ്പനികളുടെ പട്ടികയില്‍ നിന്ന് പുറത്ത്, നേട്ടമാക്കി എല്‍.ഐ.സി

ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ 11-ാം സ്ഥാനത്താണ് ഇന്‍ഫോസിസ്
infosys
Infosys
Published on

ഇന്ത്യന്‍ ഓഹരി വിപണിയിലെ കരുത്തരായ ഇന്‍ഫോസിസിന് വിപണി മൂല്യത്തില്‍ (Market Capitalisation) വലിയ ഇടിവ്. ഏകദേശം 2 ലക്ഷം കോടി രൂപയുടെ വിപണി മൂല്യമാണ് ഈ വര്‍ഷം മാത്രം കമ്പനിക്ക് നഷ്ടമായത്. ഇതോടെ, രാജ്യത്തെ ഏറ്റവും മൂല്യമുള്ള കമ്പനികളുടെ പട്ടികയില്‍ ഇന്‍ഫോസിസ് 11-ാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു.

മുന്നേറി എല്‍.ഐ.സി

ഇന്‍ഫോസിസിന് പകരം ലൈഫ് ഇന്‍ഷുറന്‍സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ (LIC) ആദ്യ പത്തില്‍ ഇടംപിടിച്ചു. ഏകദേശം 5.19 ലക്ഷം കോടി രൂപയാണ് എല്‍ഐസിയുടെ നിലവിലെ വിപണി മൂല്യം.

റിലയന്‍സ് ഇന്‍ഡസ്ട്രീസ് ആണ് രാജ്യത്തെ ഏറ്റവും വിപണി മൂല്യമുള്ള കമ്പനി. 19.022 ലക്ഷം കോടി രൂപയാണ് റിലയന്‍സിന്റെ വിപണിമൂല്യം. രണ്ടാം സ്ഥാനത്ത് 12.083 ലക്ഷം കോടി രൂപ വിപണി മൂല്യവുമായി എച്ച്ഡിഎഫ്‌സി ബാങ്ക് ആണ്. ഭാരതി എയര്‍ടെല്‍ (₹11.414), സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ(₹10.095), ഐസിഐസിഐ ബാങ്ക് (₹9.216), ടിസിഎസ് (₹8.967), ബജാജ് ഫിനാന്‍സ് (₹5.738), ലാര്‍സന്‍ ആന്‍ഡ് ടൂബ്രോ (₹5.609) , ഹിന്ദുസ്ഥാന്‍ യൂണിലിവര്‍ (₹5.4110) എന്നിവയാണ് ആദ്യപത്തില്‍ ഉള്‍പ്പെട്ട മറ്റ് ഓഹരികള്‍.

മികച്ച നാലാം പാദ ഫലം

കഴിഞ്ഞ സാമ്പത്തിക വര്‍ഷത്തെ നാലാം പാദത്തില്‍ 8,501 കോടി രൂപയുടെ അറ്റാദായമാണ് ഇന്‍ഫോസിസ് നേടിയത്. ഇത് മുന്‍ പാദത്തെ അപേക്ഷിച്ച് 27.8% കൂടുതലാണ്. വരുമാനം 46,402 കോടി രൂപയായും ഉയര്‍ന്നു. എങ്കിലും, അടുത്ത സാമ്പത്തിക വര്‍ഷത്തേക്കുള്ള വളര്‍ച്ചാ പ്രവചനത്തില്‍ (FY27 Guidance) കമ്പനി ജാഗ്രത പാലിക്കുന്നത് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ട്. നിലവില്‍ ബിഎസ്ഇയില്‍ (BSE) ഇന്‍ഫോസിസ് ഓഹരികള്‍ ഏകദേശം 2% വര്‍ധനയോടെ 1,175 രൂപ നിലവാരത്തിലാണ് വ്യാപാരം നടത്തുന്നത്.

Infosys drops out of India’s top 10 firms by market cap amid IT sector pressure, while LIC gains position.

logo
DhanamOnline
dhanamonline.com