

ഇൻഷുറൻസ് പ്രീമിയങ്ങളുടെ ചരക്ക് സേവന നികുതി (ജിഎസ്ടി) നിലവിലുള്ള 18 ശതമാനത്തിൽ നിന്ന് കുറയ്ക്കാന്‍ കേന്ദ്ര സർക്കാർ ലക്ഷ്യമിടുന്നു. ജിഎസ്ടി 5 ശതമാനം അല്ലെങ്കിൽ പൂജ്യം ആയി കുറയ്ക്കാനുള്ള നീക്കങ്ങളിലാണ് അധികൃതരെന്ന് റോയിട്ടേഴ്‌സ് റിപ്പോർട്ട് ചെയ്യുന്നു. പരോക്ഷ നികുതി ഘടന ലളിതമാക്കുന്നതിനും ജനങ്ങള്‍ക്കും ബിസിനസുകൾക്കും മേലുള്ള ഭാരം കുറയ്ക്കുന്നതിനും ലക്ഷ്യമിടുന്നതായിരിക്കും വരാനിരിക്കുന്ന ജിഎസ്ടി 2.0 പരിഷ്കാരങ്ങള്‍.
ആരോഗ്യ, ടേം ഇൻഷുറൻസ് പ്രീമിയങ്ങളിൽ ജിഎസ്ടി കുറയ്ക്കുന്നത് സംബന്ധിച്ചാണ് സർക്കാർ പരിഗണിക്കുന്നത്. അതേസമയം ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് (ITC) അനുവദിക്കാത്തതിനാൽ ജിഎസ്ടി കുറയ്ക്കുന്നതിന്റെ നേട്ടം മൂലം പ്രീമിയങ്ങളില്‍ കുറവുണ്ടാകുന്നതിന് സാധ്യതയില്ലെന്ന അഭിപ്രായങ്ങളും ഉയരുന്നുണ്ട്. ഐടി സേവനങ്ങൾ മുതൽ അഡ്മിൻ ചെലവുകൾ വരെയുള്ള എല്ലാത്തിനും ഇൻഷുറൻസ് കമ്പനികൾ ജിഎസ്ടി നിലവില്‍ തിരികെ ക്ലെയിം ചെയ്യുന്നുണ്ട്. ഈ അധിക ചെലവുകൾ ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് ഒരു ബാധ്യതയായി മാറിയാല്‍ പോളിസി ഉടമകൾക്ക് കൈമാറാന്‍ സാധ്യതയുളളതായി വിദഗ്ധര്‍ വിലയിരുത്തുന്നു.
ഇൻപുട്ട് ടാക്സ് ക്രെഡിറ്റ് ഇല്ലാതെയുളള നീക്കം ഗുണത്തേക്കാൾ കൂടുതൽ ദോഷം ചെയ്യുമെന്നും പ്രവർത്തന ചെലവ് വർദ്ധിപ്പിക്കുമെന്നും അതുവഴി ഉപഭോക്താക്കളെ ദോഷകരമായി ബാധിക്കുമെന്നും ഇവര്‍ പറയുന്നു. അതേസമയം, ജിഎസ്ടി കുറയ്ക്കുന്നതോടൊപ്പം ഐടിസി യിൽ ഇളവ് നൽകുന്നത് പ്രീമിയങ്ങൾ കുറയ്ക്കുന്നതിലേക്ക് നയിക്കും.
ആരോഗ്യ, ലൈഫ് ഇൻഷുറൻസുകൾക്കുള്ള ചരക്ക് സേവന നികുതി (ജിഎസ്ടി) കുറയ്ക്കുമെന്ന പ്രതീക്ഷകൾക്കിടയിൽ, ഇന്ന് (തിങ്കളാഴ്ച) ഇൻഷുറൻസ് കമ്പനികളുടെ ഓഹരികള്‍ മുന്നേറ്റം രേഖപ്പെടുത്തി. രാവിലത്തെ സെഷനില്‍ എൽഐസി ഓഹരികൾ 2.10 ശതമാനം ഉയർന്ന് 906.40 രൂപയില്‍ എത്തി. എസ്‌ബിഐ ലൈഫ് ഓഹരികൾ 3.49 ശതമാനം ഉയർന്ന് 1,904.90 രൂപയിലുമെത്തി. ഐസിഐസിഐ ലൊംബാർഡ് ഓഹരികൾ 4.19 ശതമാനം ഉയർന്ന് 1,977.90 രൂപ രേഖപ്പെടുത്തി. സ്റ്റാർ ഹെൽത്ത് ഓഹരികൾ 4.09 ശതമാനം ഉയർന്ന് 456.50 രൂപയിലെത്തി.
Insurance premiums GST may drop to zero, boosting insurance company stocks in India.
Read DhanamOnline in English
Subscribe to Dhanam Magazine