Begin typing your search above and press return to search.
എല്‍.ഐ.സിക്ക് 'ലോട്ടറിയായി' അദാനിക്കമ്പനികളിലെ നിക്ഷേപം; കൂടുതല്‍ നേട്ടം അദാനി ഗ്രീന്‍ എനര്‍ജിയില്‍ നിന്ന്
അദാനി ഗ്രൂപ്പ് ഓഹരികളില്‍ നടത്തിയ നിക്ഷേപത്തില്‍ നിന്ന് ലാഭം വന്‍തോതില്‍ വാരിക്കൂട്ടി രാജ്യത്തെ ഏറ്റവും വലിയ ഇന്‍ഷ്വറന്‍സ് കമ്പനിയും കേന്ദ്ര പൊതുമേഖലാ സ്ഥാപനവുമായ എല്‍.ഐ.സി. അദാനി ഗ്രൂപ്പ് ഹിന്‍ഡെന്‍ബെര്‍ഗിന്റെ ഉള്‍പ്പെടെയുള്ള ആരോപണശരങ്ങളും പ്രതിപക്ഷ പാര്‍ട്ടികളുടെ അമര്‍ഷവും ഏറ്റുവാങ്ങിനില്‍ക്കേ, ഇടക്കാലത്ത് നിക്ഷേപം വെട്ടിക്കുറയ്ക്കാനുള്ള സമ്മര്‍ദ്ദത്തില്‍ എല്‍.ഐ.സി പെട്ടിരുന്നു. എന്നിട്ടും, കഴിഞ്ഞ സാമ്പത്തിക വര്‍ഷം അദാനി ഗ്രൂപ്പ് കമ്പനികളിലെ നിക്ഷേപങ്ങളിലൂടെ വന്‍ നേട്ടമാണ് എല്‍.ഐ.സി കീശയിലാക്കിയിരിക്കുന്നതെന്ന് കണക്കുകള്‍ വ്യക്തമാക്കുന്നു.
ഏഴ് പ്രമുഖ അദാനി ഗ്രൂപ്പ് കമ്പനികളിലായി 2023 മാര്‍ച്ച് 31 പ്രകാരം എല്‍.ഐ.സിയുടെ നിക്ഷേപം 38,471 കോടി രൂപയായിരുന്നു. ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴക്കേും 59 ശതമാനം വര്‍ധിച്ച് 61,210 കോടി രൂപയായെന്ന് സ്റ്റോക്ക് എക്‌സ്‌ചേഞ്ചില്‍ നിന്നുള്ള കണക്കുകള്‍ വ്യക്തമാക്കുന്നു. അതായത് 22,739 കോടി രൂപയുടെ ലാഭം.
വെല്ലുവിളികള്‍ക്കിടയിലെ നേട്ടം
കഴിഞ്ഞവര്‍ഷത്തിന്റെ തുടക്കത്തിലാണ് അദാനി ഗ്രൂപ്പിനെതിരെ അമേരിക്കന്‍ നിക്ഷേപക ഗവേഷണ സ്ഥാപനമായ ഹിന്‍ഡെന്‍ബെര്‍ഗ് ഗുരുതര ആരോപണങ്ങള്‍ ഉന്നയിച്ചത്. വിദേശത്തെ കടലാസ് കമ്പനികള്‍ വഴി നിക്ഷേപം നടത്തി, അദാനി ഗ്രൂപ്പ് ഓഹരിവില കൃത്രിമമായി പെരുപ്പിച്ചെന്നും ഇത്തരത്തില്‍ വില ഉയര്‍ന്ന ഓഹരികള്‍ ഈടുവച്ച് വായ്പാനേട്ടം കൈവരിച്ചെന്നും ഉള്‍പ്പെടെയുള്ള ആരോപണങ്ങളായിരുന്നു അത്. എന്നാല്‍, ആരോപണങ്ങളെല്ലാം വസ്തുതാവിരുദ്ധമാണെന്ന് കാട്ടി അദാനി ഗ്രൂപ്പ് തള്ളിയിരുന്നു.
♦ ഏറ്റവും പുതിയ ധനംഓണ്‍ലൈന്‍ വാര്‍ത്തകളും അപ്‌ഡേറ്റുകളും ലഭിക്കാൻ അംഗമാകൂ: വാട്‌സാപ്പ്, ടെലഗ്രാം
ആരോപണ പശ്ചാത്തലത്തില്‍ ഇന്ത്യന്‍ നിക്ഷേപകരില്‍ പലരും അദാനി ഗ്രൂപ്പിലെ ഓഹരികളില്‍ നിന്ന് പിന്മാറിയിരുന്നെങ്കിലും ഒട്ടേറെ വിദേശ നിക്ഷേപകസ്ഥാപനങ്ങള്‍ അദാനി ഗ്രൂപ്പ് ഓഹരികള്‍ വാങ്ങിക്കൂട്ടുകയായിരുന്നു.
അമേരിക്കയിലെ ജി.ക്യു.ജി ഇന്‍വെസ്റ്റ്‌മെന്റ്‌സ്, അബുദാബിയിലെ ഐ.എച്ച്.സി., ഖത്തര്‍ ഇന്‍വെസ്റ്റ്‌മെന്റ് അതോറിറ്റി, ഫ്രാന്‍സിലെ ടോട്ടല്‍ എനര്‍ജീസ് എന്നിവ അതിലുള്‍പ്പെടുന്നു. ഇവയെല്ലാം മികച്ച നേട്ടവും നിക്ഷേപത്തിലൂടെ കൈവരിച്ചിരുന്നു. ഏകദേശം 45,000 കോടിയോളം രൂപയാണ് ഇവയുടെ അദാനി ഗ്രൂപ്പ് ഓഹരികളിലെ സംയുക്ത നിക്ഷേപം.
എല്‍.ഐ.സിക്ക് നേട്ടം സമ്മാനിച്ച ഓഹരികള്‍
അദാനി എന്റര്‍പ്രൈസസിലെ എല്‍.ഐ.സിയുടെ നിക്ഷേപം കഴിഞ്ഞ സാമ്പത്തിക വര്‍ഷം (2023-24) 8,495.31 കോടി രൂപയില്‍ നിന്നുയര്‍ന്ന് 14,305.53 കോടി രൂപയിലെത്തി. അദാനി പോര്‍ട്‌സില്‍ എല്‍.ഐ.സി നിക്ഷേപിച്ചത് 12,450.09 കോടി രൂപയായിരുന്നു. ഓഹരിവില കുതിച്ചതോടെ, ഇത് ഇക്കഴിഞ്ഞ മാര്‍ച്ച് 31 ആയപ്പോഴേക്കും 22,776.89 കോടി രൂപയായി വളര്‍ന്നു. അദാനി ഗ്രീന്‍ എനര്‍ജിയിലെ നിക്ഷേപം ഇക്കാലയളവില്‍ ഇരട്ടിയിലേറെ വര്‍ധിച്ച് 3,937.62 കോടി രൂപയിലെത്തിയെന്നും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു.
ഇന്ന് എല്ലാം ചുവപ്പില്‍
ഓഹരിവിപണി പൊതുവേ വന്‍ വീഴ്ച നേരിട്ട ഇന്ന് അദാനി ഗ്രൂപ്പ് ഓഹരികളും നഷ്ടത്തിലാണുള്ളത്. ഗ്രൂപ്പിലെ എല്ലാ ഓഹരികളും ചുവന്നു. 3.70 ശതമാനം താഴ്ന്ന അദാനി ഗ്രീന്‍ എനര്‍ജിയാണ് നഷ്ടത്തില്‍ മുന്നില്‍.
അദാനി എനര്‍ജി സൊല്യൂഷന്‍സ് 2.83 ശതമാനവും അദാനി വില്‍മര്‍ 2.52 ശതമാനവും അദാനി ടോട്ടല്‍ ഗ്യാസ് 2.33 ശതമാനവും അദാനി പോര്‍ട്‌സ് 2.20 ശതമാനവും നഷ്ടത്തിലാണ് വ്യാപാരം ചെയ്യുന്നത്.
Next Story
Videos