കമ്പനികളുടെ 'വിജയ വഴി' നിക്ഷേപകര്‍ ശ്രദ്ധിക്കണം

മൂലധന വിപണിയില്‍ വിജയം നേടണമെന്നാഗ്രഹിക്കുന്നവരാണ് എല്ലാവരും. മൂലധനം സമാഹരിക്കുന്ന സംരംഭകര്‍, മൂലധനം നല്‍കുന്ന ചെറുതും വലുതുമായ നിക്ഷേപകര്‍, ഇടനിലക്കാര്‍ തുടങ്ങിയവരെല്ലാം യോജിക്കുന്ന കാര്യമാണിത്. ഇതില്‍ ആര്‍ക്കും തര്‍ക്കവുമില്ല.

എന്നാല്‍ വിജയത്തിലേക്കുള്ള വഴികളുടെ കാര്യം അങ്ങനെയല്ല. വിജയിച്ചാല്‍ മാത്രം മതി, വഴി എന്തുമാകട്ടെ എന്നു കരുതുന്നവര്‍ ധാരാളമുണ്ട്. വിജയിക്കാന്‍ വഴി നോക്കേണ്ടതില്ലെന്നും ഫലം മാത്രം നോക്കിയാല്‍ മതിയെന്നും പലരും പറയുമെങ്കിലും വളരെ പഴയ ന്യായവാദമാണത്. പക്ഷേ അതൊന്നും അവര്‍ക്ക് പ്രശ്‌നമല്ല. നിക്ഷേപകാര്യത്തില്‍ പ്രൊമോട്ടര്‍മാരുടെയും മാനേജ്‌മെന്റിന്റെയും പ്രവര്‍ത്തന ചരിത്രം പഠിക്കണം എന്നു പറയുന്നതു പലരും കാര്യമായി എടുക്കാറില്ല. അഥവാ അതു പരിഗണിച്ചാല്‍ പോലും ലാഭകരമെന്നു മറ്റു രീതിയില്‍ തോന്നുന്ന പക്ഷം നിക്ഷേപത്തിനു മടിക്കില്ല. ഒടുവില്‍ നഷ്ട ദുഃഖങ്ങള്‍ സ്വയം അനുഭവിക്കേണ്ടിവരുന്നു.
വിജയ് മല്യ ശേഷിപ്പിച്ചത്
കിംഗ് ഫിഷര്‍ എയര്‍ലൈന്‍സ് നഷ്ടത്തില്‍ നിന്നു നഷ്ടത്തിലേക്കു നീങ്ങുമ്പോഴും അതിന്റെ ഓഹരി വാങ്ങാന്‍ തുനിഞ്ഞവര്‍ ലാഭമോഹം മാത്രം മുന്നില്‍ കണ്ടവരാണ്. താമസിയാതെ നിക്ഷേപം 'ആവി'യായി പോകുന്നതു അവര്‍ക്കു കാണേണ്ടി വന്നു. വിജയ് മല്യക്കു പ്രാഗല്ഭ്യം അവകാശപ്പെടാന്‍ കഴിയുമായിരുന്ന മദ്യ വ്യവസായം പോലും വേറെ ഉടമകളുടെ കയ്യില്‍ എത്തിയപ്പോള്‍ നിക്ഷേപകരുടെ വരുമാനത്തില്‍ വന്ന മാറ്റം ശ്രദ്ധേയമാണ്. യുനൈറ്റഡ് ബ്രൂവറീസ് ഡച്ച് ഭീമന്‍ ഹൈനക്കന്റെയും യുനൈറ്റഡ് സ്പിരിറ്റ്‌സ് ബ്രിട്ടീഷ് ഭീമന്‍ ഡിയാജിയോയുടെയും കീഴിലായപ്പോള്‍ കമ്പനികളുടെ പ്രവര്‍ത്തന ശൈലി മാറി. നിക്ഷേപകര്‍ക്കു കൂടുതല്‍ നേട്ടമായി. പ്രൊമോട്ടര്‍-സി.ഇ.ഒയുടെ നല്ലതും ചീത്തയുമായ താല്‍പ്പര്യങ്ങള്‍ക്കു വേണ്ടി കമ്പനിയുടെ ധനകാര്യ താല്‍പ്പര്യം ബലികഴിക്കുന്ന സാഹചര്യം ഒഴിവായതാണ് പ്രധാന കാര്യം.
വിന്‍സം ഡയമണ്ട്സും ജതിന്‍ മേത്തയും
ബിസിനസ് മര്യാദകള്‍ പാലിക്കാത്തവരുടെ ബിസിനസുകളില്‍ നിക്ഷേപിക്കുന്നവര്‍ക്കും ഒടുവില്‍ നഷ്ട കഥകളാണുണ്ടാകുന്നത്. വിന്‍സം ഡയമണ്ട്‌സ് ഓഹരി ഉടമകള്‍ക്കു സംഭവിച്ചതും അതാണ്. പണ്ട് സുരാജ് ഡയമണ്ട്‌സ് എന്ന പേരില്‍ ആയിരുന്ന കമ്പനിയെ സ്ഥാപകന്‍ ജതിന്‍ മേത്ത തന്നെയാണ് വിന്‍സം എന്ന പേരിലേക്കു മാറ്റിയത്. ഇന്ത്യന്‍ ബാങ്കുകള്‍ക്കും വിദേശ ബാങ്കുകള്‍ക്കുമായി 100 കോടി ഡോളര്‍ ബാധ്യത ശേഷിപ്പിച്ചു കൊണ്ട് ജതിന്‍ മേത്തയും കുടുംബവും 2013ല്‍ ഇന്ത്യ വിട്ടു. കരീബിയന്‍ ദ്വീപ് സമൂഹത്തിലെ സെന്റ് കിറ്റ്‌സ് ആന്‍ഡ് നെവിസ് എന്ന രാജ്യത്തു പൗരത്വമെടുത്തു. ആളെ പിടിക്കാന്‍ സ്റ്റാന്‍ഡേര്‍ഡ് ചാര്‍ട്ടേഡ് ബാങ്ക് പല രീതിയില്‍ ശ്രമിച്ചിട്ടും നടന്നില്ല.
അടുത്ത കാലത്തു ജതിന്‍ മേത്ത വാര്‍ത്തയില്‍ വന്നത് ഗൗതം അദാനി ഗ്രൂപ്പുമായി ബന്ധപ്പെട്ട ചില ആരോപണങ്ങളുടെ ഭാഗമായാണ്. ജതിന്റെ മകന്‍ സുരാജ് വിവാഹം കഴിച്ചിരിക്കുന്നത് ഗൗതമിന്റെ മൂത്ത സഹോദരന്‍ വിനോദ് അദാനിയുടെ മകള്‍ കൃപയെയാണ്. അദാനി ഗ്രൂപ്പില്‍ ജതിനുമായി ബന്ധപ്പെട്ട മോണ്ടെറോസ എന്ന ദുബൈ ഗ്രൂപ്പ് 20,000 കോടി രൂപ നിക്ഷേപിച്ചു എന്നായിരുന്നു ആരോപണം.
മെഹുല്‍ ചോക്‌സിയും മരുമകനും
ജതിന്‍ മേത്തയും ഡയമണ്ട് ബിസിനസ് നടത്തി ബാങ്കുകളെ പറ്റിച്ച് രാജ്യത്തു നിന്നു മുങ്ങിയ മെഹുല്‍ ചോക്‌സിയും നീരവ് മോദിയും ഒരേ വഴിയിലൂടെയാണ് തട്ടിപ്പ് നടത്തിയത്. ഗീതാഞ്ജലി എന്ന പേരില്‍ നാലായിരത്തിലേറെ ഡയമണ്ട് ഷോപ്പുകള്‍ നടത്തിവന്ന ചോക്‌സിയും രാജ്യാന്തര തലത്തില്‍
ഡയമണ്ട് ബൂട്ടീക്കുകള്‍ നടത്തിവന്ന ബെല്‍ജിയം പൗരനായ മരുമകന്‍ നീരവും ഇപ്പോള്‍ കരീബിയന്‍ ദ്വീപുകളിലെ കൊച്ചു സ്വതന്ത്ര രാജ്യങ്ങളില്‍ കഴിയുന്നു. പഞ്ചാബ് നാഷണല്‍ ബാങ്ക്, യൂണിയന്‍ ബാങ്ക് ഓഫ് ഇന്ത്യ തുടങ്ങിയവയ്ക്ക് ആയിരക്കണക്കിനു കോടി രൂപയുടെ നഷ്ടം വരുത്തി കടന്നുകളയാന്‍ ഇവര്‍ക്കു വലിയ പ്രയാസമുണ്ടായില്ല.
സ്വര്‍ണവും രത്‌നങ്ങളും വാങ്ങാന്‍ ബാങ്കിന്റെ വായ്പ. ഇവ സ്വന്തം കമ്പനിയില്‍ ആഭരണങ്ങളാക്കി കയറ്റി അയയ്ക്കുന്നു. വാങ്ങുന്ന കമ്പനികളും സ്വന്തം തന്നെ. അയച്ച ആഭരണത്തിന്റെ വില അവര്‍ തിരിച്ചടയ്ക്കില്ല. നഷ്ടം വായ്പ നല്‍കിയ ബാങ്കുകള്‍ക്കും ഇവരുടെ കമ്പനികളുടെ ഓഹരി ഉടമകള്‍ക്കും. വഴി ഏതെന്നു ചിന്തിക്കാത്ത ഇത്തരം വ്യാപാരികളുടെ വാഗ്ദാനങ്ങളില്‍ പെട്ടുപോയ നിക്ഷേപകരെ കുറ്റംപറയാനാവില്ലെന്നു മാത്രം.
അദാനിയുടെ കഥ
വളരെ പെട്ടെന്നു മഹാസമ്പന്ന പദവി കൊതിച്ച് വലിയ കടബാധ്യത വലിച്ചുവെച്ച ബിസിനസ് മേധാവികളും വഴിയെപ്പറ്റി ചിന്തിക്കാത്തവരാണ്. അതിനുദാഹരണമാണ് ഗൗതം അദാനിയും അനില്‍ അഗര്‍വാളും.
റോക്കറ്റ് വേഗത്തില്‍ അദാനി ഉയര്‍ന്നു വന്നപ്പോള്‍ അതില്‍ അവിശ്വസനീയമായ ഒന്നും അധികമാരും കണ്ടില്ല. എന്നാല്‍ തന്റെ പതിവു ബിസിനസുകള്‍ വിട്ട് മറ്റു പലതിലേക്കും ഗൗതം അദാനി ചുവടുവെച്ചപ്പോള്‍ അപകടം മണത്ത പലരുമുണ്ട്. ഗ്രൂപ്പ് താങ്ങാനാവാത്ത കടബാധ്യതയിലാണെന്നും ബാധ്യത മറച്ചുവെയ്ക്കുന്നതിന് സഹോദരന്‍ വിനോദ് അദാനിയുടെ വിദേശ ബന്ധങ്ങള്‍ ഉപയോഗിക്കുന്നെന്നും ഓഹരിവില കൃത്രിമമായി ഉയര്‍ത്തി നിര്‍ത്തിയിരിക്കുകയാണെന്നുമൊക്കെയുള്ള ഹിന്‍ഡന്‍ബര്‍ഗ് റിപ്പോര്‍ട്ട് പുറത്തുവന്നപ്പോള്‍ നഷ്ടം അദാനിക്കു മാത്രമായിരുന്നില്ല. അദാനി ഗ്രൂപ്പില്‍ ഓഹരി എടുത്ത സാധാരണക്കാര്‍ക്കു കൂടിയാണ്. ഇനിയും ഏറെ വെട്ടും തിരുത്തും വരുത്തിയാലേ അദാനി ഗ്രൂപ്പിനു ധനകാര്യ ഭദ്രത കൈവരിക്കാനാകൂ. അതു ചെയ്യുമ്പോള്‍ ഗ്രൂപ്പിനു ചെറുതാകാതെ വയ്യ.
അഗര്‍വാളിന്റെ വേദാന്തം
രാഷ്ട്രീയ ബന്ധങ്ങളുടെ ബലത്തില്‍ വളര്‍ന്ന് പന്തലിച്ച അനില്‍ അഗര്‍വാളിന്റെ വേദാന്ത ഗ്രൂപ്പും കടക്കെണി മൂലം ഉഴലുകയാണ്. വലിയ തോതില്‍ കടമെടുത്തു കെട്ടിപ്പടുത്ത സാമ്രാജ്യം നിലനിര്‍ത്താന്‍ വിഹിതമല്ലാത്ത പലതും ചെയ്യേണ്ട നിലയായി. ഗ്രൂപ്പിന്റെ കടബാധ്യത വീട്ടാന്‍ ഹിന്ദുസ്ഥാന്‍ സിങ്ക് എന്ന മുന്‍ പൊതുമേഖലാ കമ്പനിയുടെ റിസര്‍വ് മുഴുവന്‍ കൈയടക്കാനാണ് അഗര്‍വാള്‍ ആദ്യം ശ്രമിച്ചത്. ഗ്രൂപ്പിന്റെ സിങ്ക് കമ്പനികള്‍ ഹിന്ദുസ്ഥാന്‍ സിങ്കിനു കൈമാറി ആ കമ്പനിയുടെ 400 കോടി ഡോളര്‍ മിച്ച സമ്പാദ്യം എടുക്കാന്‍ ശ്രമിച്ചതു കേന്ദ്ര സര്‍ക്കാര്‍ തടഞ്ഞു. അപ്പോള്‍ കമ്പനി സ്‌പെഷ്യല്‍ ഡിവിഡന്‍ഡുകള്‍ പ്രഖ്യാപിച്ച് ഈ മിച്ചമെല്ലാം മാറ്റി. 63 ശതമാനം അഗര്‍വാളിനും 31 ശതമാനം കേന്ദ്ര സര്‍ക്കാരിനും കിട്ടി. നഷ്ടം ഹിന്ദുസ്ഥാന്‍ സിങ്കിന്. ഇതുവരെ കടം ഇല്ലാതിരുന്ന കമ്പനി ഇപ്പോള്‍ കടത്തിലായി. കമ്പനിയിലെ സാധാരണ ഓഹരി ഉടമകള്‍ക്ക് വരുന്ന മൂല്യനഷ്ടം എത്രയെന്ന് അടുത്ത വര്‍ഷങ്ങളിലേ അറിയാനാകൂ. സത്യസന്ധതയും ആര്‍ജവവും ഇല്ലാത്തവരുടെ ബിസിനസുകളില്‍ ഓഹരി എടുക്കുന്നവര്‍ക്കു ചിന്തിക്കാനുള്ള ചില കാര്യങ്ങളാണ് ഇവയിലുള്ളളത്.

(This story was published in the 31st May 2023 issue of Dhanam Magazine)

T C Mathew
T C Mathew  

Related Articles

Next Story

Videos

Share it