

ഐ.പി.ഒയുടെ പൂക്കാലമാണ് ഓഹരി വിപണിയില്‍. പ്രാരംഭ ഓഹരി വില്‍പന എന്ന ഓമനപ്പേരിട്ടു വിളിക്കുന്ന ധനസമാഹരണ യജ്ഞമാണത്. ബിസിനസ് വിപുലപ്പെടുത്തുന്നതിന് നിക്ഷേപകരില്‍ നിന്ന് പണം സമാഹരിക്കാന്‍ വിവിധ കമ്പനികള്‍ ആദ്യമായി ഓഹരി വിപണിയിലേക്ക് ചുവടു വെയ്ക്കുന്നു. ഇവിടെ ഒന്നിലധികം ചോദ്യങ്ങള്‍ ഉയരുന്നുണ്ട്. സമാഹരിക്കുന്ന പണം മുഴുവന്‍ പുതിയ വികസന പദ്ധതികള്‍ക്കും തൊഴിലവസരം കൂട്ടുന്നതിനുമാണോ കമ്പനികള്‍ ഉപയോഗിക്കുന്നത്? ഒരുപാട് ഐ.പി.ഒകള്‍ ഓഹരി വിപണിയില്‍ നടക്കുന്നത് സമ്പദ്‌വ്യവസ്ഥയുടെയും വ്യവസായത്തിന്റെയും വളര്‍ച്ചയുടെ ലക്ഷണമാണോ? ഓഹരി വിപണിയില്‍ നിന്ന് നിക്ഷേപകര്‍ക്ക് എളുപ്പത്തില്‍ പണം വാരാനുള്ള വഴിയാണോ ഐ.പി.ഒ? മൂന്നു ചോദ്യത്തിനും ഒറ്റ ഉത്തരമാണ് ഉള്ളത്. യാഥാര്‍ഥ്യം തികച്ചും വ്യത്യസ്തമാണ്. കാണുന്നത്ര മനോഹരമല്ല കാര്യങ്ങള്‍.
ചില കാര്യങ്ങള്‍ നിക്ഷേപകരെ ഉത്തേജിപ്പിക്കും. നല്ല അടിത്തറയും വളര്‍ച്ചയുമുള്ള കമ്പനികളുടെ ഐ.പി.ഒകള്‍ നിക്ഷേപിക്കുന്ന പണത്തിന് എളുപ്പത്തില്‍ ആദായം നല്‍കും. അതുകൊണ്ട് സമ്പത്തുണ്ടാക്കാന്‍ പറ്റിയ പണമരമാണ് ഐ.പി.ഒ. എന്നാല്‍ എല്ലായ്‌പോഴും അതങ്ങനെയല്ല എന്ന് തിരിച്ചറിയണം. കഴിഞ്ഞ അഞ്ചു വര്‍ഷത്തിനിടയില്‍ ഇന്ത്യന്‍ ഓഹരി വിപണിയിലെ ഐ.പി.ഒകള്‍ വഴി വിവിധ കമ്പനികള്‍ സംയുക്തമായി സമാഹരിച്ചത് അഞ്ചു ലക്ഷം കോടി രൂപയാണ്. അതൊരു റെക്കോര്‍ഡാണ്. ആ പണം എവിടെ പോയി, എങ്ങനെ ചെലവഴിച്ചുവെന്ന് ചിന്തിച്ചിട്ടുണ്ടോ? പുതിയ നിര്‍മാണ ശാലക്കോ തൊഴില്‍ ശേഷി കൂട്ടാനോ ഒന്നുമല്ല അതില്‍ 3.3 ലക്ഷം കോടിയും പോയത്. പ്രമോട്ടര്‍മാരുടെയും സ്വകാര്യ ഇക്വിറ്റി നിക്ഷേപകരുടെയും പക്കലേക്കാണ് അത് പോയത്. അവരുടെ നില കൂടുതല്‍ ഭദ്രമായി.
കണക്കുകള്‍ കൂടുതല്‍ വിശദമാക്കുന്നുണ്ട് സക്റ്റര്‍ മണി (Zactor Money)യുടെ സഹസ്ഥാപകനായ അഭിഷേക് വാലിയ. അദ്ദേഹം കണക്കുകള്‍ നിരത്തുന്നു: ഐ.പി.ഒയിലൂടെ സമാഹരിക്കുന്ന 100 രൂപയില്‍ 19 രൂപയാണ് ഫാക്ടറിക്കോ യന്ത്രസജ്ജീകരണങ്ങള്‍ക്കോ ആയി മുടക്കിയത്. മറ്റൊരു 19 ശതമാനം പ്രവര്‍ത്തന മൂലധനത്തിന്. പഴയ കടം തിരിച്ചടക്കാനാണ് മൂന്നിലൊന്നും (33%) ഉപയോഗിച്ചത്. 'ഐ.പി.ഒക്ക് റെക്കോര്‍ഡ് തകര്‍ത്ത ഡിമാന്റ്' എന്നൊക്കെയുള്ള തലക്കെട്ടുകളില്‍ ഒന്നു കണ്ണുവെച്ചേക്കണമെന്നു സാരം. ഐ.പി.ഒ പണത്തിന്റെ നല്ല പങ്കും കമ്പനിയുടെ നിലവിലെ പ്രമുഖര്‍ക്ക് ഓഹരി കൈമാറ്റത്തിലൂടെയും മറ്റും പണമായി കിട്ടുന്നു. മറിച്ച്, കമ്പനിയുടെ വളര്‍ച്ചക്കല്ല.
റിസര്‍വ് ബാങ്ക് ഓഫ് ഇന്ത്യ തന്നെ ഇക്കാര്യം ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഓഹരി വിപണിയുടെ കുതിപ്പിനിടയിലും പദ്ധതികള്‍ക്ക് പണം മുടക്കുന്നതില്‍ മന്ദതയാണ് എന്നാണ് റിസര്‍വ് ബാങ്കിന്റെ പുതിയ ബുള്ളറ്റിനില്‍ പറയുന്നത്. ഓഹരി വിപണിയിലെ ആവേശവും യഥാര്‍ഥ വ്യവസായ നിക്ഷേപവും തമ്മിലെ അന്തരം ആഴത്തിലുള്ള ഒരു പ്രധാന പ്രശ്‌നം ഉയര്‍ത്തിക്കാട്ടുന്നുണ്ട്. വളര്‍ച്ചക്കുള്ള ഉപാധി എന്നതിനേക്കാള്‍ ഒരു 'എക്‌സിറ്റ്' അവസരം എന്ന നിലയിലാണ് ഐ.പി.ഒകളെ ഉപയോഗപ്പെടുത്തി വരുന്നത്.
ഐ.പി.ഒകളില്‍ നിക്ഷേപിച്ചവരുടെ വരുമാനവും സമാനമായ കഥയാണ് പറയുന്നത്. 2024ല്‍ 41 ശതമാനം ഐ.പി.ഒകളും 25 ശതമാനം ആദായം നിക്ഷേപകന് നല്‍കി. എന്നാല്‍ 2025ല്‍ ആദായം 15 ശതമാനമായി കുറഞ്ഞു. 2021നു ശേഷം 27 ശതമാനം ഐ.പി.ഒകളുടെ ഇഷ്യൂ വിലയേക്കാള്‍ താഴ്ത്തിയാണ് ലിസ്റ്റ് ചെയ്തതെന്നും അഭിഷേക് വാലിയ ചൂണ്ടിക്കാട്ടുന്നു.
ഐ.പി.ഒകള്‍ നല്ലതോ ചീത്തയോ എന്നതല്ല യഥാര്‍ഥ വിഷയം. മറിച്ച് ഐ.പി.ഒയുടെ ഉദ്ദേശലക്ഷ്യമാണ്. ഐ.പി.ഒ ഫണ്ട് കമ്പനിയുടെ മുന്നേറ്റത്തിന് ഉതകുന്ന നവീകരണത്തിന് ഉപയോഗിക്കുന്നുവെങ്കില്‍ കമ്പനിയെ മാത്രമല്ല, രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ തന്നെ അത് ശക്തിപ്പെടുത്തുന്നു. ആദ്യനിക്ഷേപകര്‍ക്ക് പുറത്തു കടക്കാനാണ് ആ പണം പ്രധാനമായും ഉപകരിക്കുന്നതെങ്കില്‍, ചില്ലറ നിക്ഷേപകര്‍ക്ക് ലിസ്റ്റിംഗ് സമയത്തേക്കാള്‍ കുറഞ്ഞ വിലയുള്ള ഓഹരിയും ചുമന്ന് നില്‍ക്കേണ്ട ഗതി ഉണ്ടായെന്നിരിക്കും.
ഇന്ത്യയിലെ ഇപ്പോഴത്തെ ഐ.പി.ഒ പൂക്കാലം ശരിക്കു പറഞ്ഞാല്‍, തിരിഞ്ഞു നോക്കേണ്ടതില്ലാത്തൊരു വളര്‍ച്ചയുടെ ലക്ഷണമല്ല. നിക്ഷേപകരുടെയും കമ്പനിയുടെയും വിശ്വാസവും വിശ്വാസ്യതയും പണമാക്കി മാറ്റുന്നതിന്റെ ലക്ഷണമാണ്. ആദ്യകാല നിക്ഷേപകര്‍ പുറത്തു കടക്കുക എന്നതില്‍ നിന്ന് വികസന-വിപുലീകരണത്തിലേക്ക് ഫോക്കസ് മാറുന്നതു വരെ ശരിക്കും വിജയി ആരാണ്? അത് ഐ.പി.ഒക്ക് അപേക്ഷിക്കുന്നവരല്ല, ഐ.പി.ഒയുമായി ഇറങ്ങുന്നവരാണ് -വാലിയ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine