റെക്കോർഡ് കുതിപ്പിൽ ഐപിഒ വിപണി; എന്നാൽ കാണുന്ന എല്ലാ ഓഹരിയും വാങ്ങണോ? ലിസ്റ്റിംഗ് നേട്ടത്തിന് അപ്പുറം അറിയേണ്ട തന്ത്രങ്ങൾ

ലിസ്റ്റ് ചെയ്ത് ആദ്യ മൂന്ന് മുതൽ അഞ്ച് വർഷം വരെ പുതിയ കമ്പനികൾ വിപണിയിലെ മറ്റ് കമ്പനികളെ അപേക്ഷിച്ച് പിന്നിലായിരിക്കും പ്രകടനം കാഴ്ചവെക്കുന്നത്
ipo
Image courtesy: Canva
Published on

ഇന്ത്യൻ പ്രാഥമിക ഓഹരി വിപണി (IPO Market) റെക്കോർഡ് വർഷത്തിലേക്കാണ് നീങ്ങുന്നത്. എസ്.ബി.ഐ മ്യൂച്വൽ ഫണ്ട്, എൻ.എസ്.ഇ, റിലയൻസ് ജിയോ തുടങ്ങിയ വമ്പൻ കമ്പനികളുടെ ഐപിഒകൾ അണിയറയിൽ ഒരുങ്ങുമ്പോൾ നിക്ഷേപകർ വലിയ ആവേശത്തിലാണ്. എന്നാൽ, കണ്ണുമടച്ച് എല്ലാ ഐപിഒകളിലും നിക്ഷേപിക്കുന്നത് ബുദ്ധിയല്ലെന്നും 'ക്ഷമ'യാണ് ഏറ്റവും വലിയ തന്ത്രമെന്നും ആഗോള നിക്ഷേപ സ്ഥാപനമായ ജൂലിയസ് ബെയർ (Julius Baer) പുറത്തിറക്കിയ റിപ്പോർട്ട് മുന്നറിയിപ്പ് നൽകുന്നു.

ലിസ്റ്റിംഗ് നേട്ടവും യാഥാർത്ഥ്യവും

ഐപിഒകളിൽ ലിസ്റ്റിംഗ് ദിവസം ലഭിക്കുന്ന വലിയ ലാഭമാണ് പലരെയും ഇതിലേക്ക് ആകർഷിക്കുന്നത്. എന്നാൽ ഈ ലാഭം ഭൂരിഭാഗവും ലഭിക്കുന്നത് ഐപിഒ വിലയ്ക്ക് ഓഹരികൾ ലഭിക്കുന്ന വമ്പൻ സ്ഥാപന നിക്ഷേപകർക്കാണെന്ന് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നു. ചെറുകിട നിക്ഷേപകർ മിക്കപ്പോഴും ലിസ്റ്റിംഗിന് ശേഷം ഉയർന്ന വിലയ്ക്കാണ് ഓഹരികൾ വാങ്ങുന്നത്.

കൂടാതെ, മികച്ച ഐപിഒകളിൽ ചെറുകിടക്കാർക്ക് ഓഹരികൾ ലഭിക്കാനുള്ള സാധ്യത കുറവായിരിക്കും. ഇതിനെ 'വിജയിയുടെ ശാപം' (Winner's Curse) എന്നാണ് ഗവേഷകർ വിശേഷിപ്പിക്കുന്നത്; അതായത്, മോശം ഐപിഒകളിൽ ഓഹരികൾ എളുപ്പത്തിൽ ലഭിക്കുകയും മികച്ചവയിൽ ലഭിക്കാതിരിക്കുകയും ചെയ്യുന്ന അവസ്ഥ.

ദീർഘകാല പ്രകടനം

ചരിത്രപരമായ കണക്കുകൾ പരിശോധിച്ചാൽ, ലിസ്റ്റ് ചെയ്ത് ആദ്യ മൂന്ന് മുതൽ അഞ്ച് വർഷം വരെ പുതിയ കമ്പനികൾ വിപണിയിലെ മറ്റ് കമ്പനികളെ അപേക്ഷിച്ച് പിന്നിലായിരിക്കും പ്രകടനം കാഴ്ചവെക്കുന്നത്. കമ്പനികൾ വിപണിയിൽ വലിയ ആവേശമുള്ള സമയത്ത് ഉയർന്ന മൂല്യത്തിൽ (Valuation) ഓഹരികൾ വിൽക്കാൻ ശ്രമിക്കുന്നത് പുതിയ നിക്ഷേപകർക്ക് ലഭിക്കാവുന്ന ലാഭവിഹിതം കുറയ്ക്കുന്നു.

ക്ഷമ ഗുണം ചെയ്യും: ലിസ്റ്റിംഗിന് ശേഷമുള്ള ആദ്യ ആവേശം തണുക്കുന്നത് വരെ കാത്തിരിക്കുന്നത് പലപ്പോഴും മികച്ച അവസരങ്ങൾ നൽകും. അവസരം നഷ്ടപ്പെടുമോ എന്ന ഭയം (FOMO) മാറ്റിവെച്ച്, കമ്പനിയുടെ അടിത്തറയും മൂല്യവും പരിശോധിച്ച ശേഷം മാത്രം നിക്ഷേപിക്കുന്നതാണ് ദീർഘകാലാടിസ്ഥാനത്തിൽ നല്ലതെന്ന് റിപ്പോർട്ട് വ്യക്തമാക്കുന്നു. മാത്രവുമല്ല, പ്രൊമോട്ടർമാരുടെ ലോക്ക്-ഇൻ പിരീഡ് (Lock-up period) അവസാനിക്കുമ്പോൾ വിപണിയിൽ ഓഹരികളുടെ ലഭ്യത കൂടുകയും വില കുറയാൻ സാധ്യതയുണ്ടാവുകയും ചെയ്യും.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com