വിപണി സാഹചര്യങ്ങള്‍ അനൂകൂലമാകുമ്പോള്‍ ഐപിഒ: ഐബിഎസ് സോഫ്റ്റ്‌വെയര്‍

ആഗോള സോഫ്റ്റ്വെയര്‍ നിര്‍മ്മാതാക്കളായ ഐബിഎസിന്റെ വിജയം കേരളത്തിലെ വ്യവസായസൗഹൃദ അന്തരീക്ഷത്തിന്റെ നേര്‍ക്കാഴ്ചയാണെന്ന് സ്ഥാപകനും എക്‌സിക്യുട്ടീവ് ചെയര്‍മാനുമായ വി കെ മാത്യൂസ് പറഞ്ഞു. ഐബിഎസിന്റെ 25-ാം വാര്‍ഷികത്തോടനുബന്ധിച്ച് കൊച്ചിയില്‍ നടത്തിയ വാര്‍ത്താസമ്മേളനത്തില്‍ സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരം ടെക്‌നോപാര്‍ക്കില്‍ 1997ല്‍ ആണ് വി കെ മാത്യൂസ് ഐബിഎസ് തുടങ്ങുന്നത്.

55 ജീവനക്കാരും രണ്ടരക്കോടി രൂപയുമായാണ് ഐബിഎസ് സോഫ്റ്റ്വെയര്‍ ആരംഭിച്ചത്. ഇന്ന് 40 രാജ്യങ്ങളില്‍ പ്രാതിനിധ്യവും 3500 ജീവനക്കാരും 2250 കോടി രൂപ സ്വകാര്യനിക്ഷേപവും ഉള്ള കമ്പനിയാണ് ഐബിഎസ്. വിമാനക്കമ്പനികള്‍, കാര്‍ഗോ വിമാന സര്‍വീസുകള്‍, ക്രൂയിസ്, ഹോസ്പിറ്റാലിറ്റി തുടങ്ങിയ മേഖലകളിലാണ് ഐബിഎസ് സോഫ്റ്റ്‌വെയര്‍ സേവനങ്ങള്‍ നല്‍കുന്നത്.
ആദ്യകാലത്തെ പ്രമുഖ ക്ലയന്റായ സ്വിസ് എയറിന്റെ കടക്കെണിയെത്തുടര്‍ന്ന് പ്രതിസന്ധിയുണ്ടായി കമ്പനി പൂട്ടേണ്ടി വരുമോയെന്ന ഘട്ടത്തിലാണ് സോഫ്റ്റ്വെയര്‍ ഉത്പന്നമെന്ന ആശയത്തിലേക്ക് കടക്കുന്നത്. മികച്ച ഗവേഷണപാടവം, വിപണിയെക്കുറിച്ചുള്ള ധാരണ, വ്യോമയാന മേഖലയിലെ അനന്തസാധ്യതകള്‍ എന്നിവയാണ് വെല്ലുവിളി ഏറ്റെടുത്ത് ഐബിഎസുമായി മുന്നോട്ടുപോകാന്‍ പ്രേരകമായതെന്ന് വി കെ മാത്യൂസ് പറഞ്ഞു. ലാഭത്തില്‍ പ്രവര്‍ത്തിക്കുന്ന ഐബിഎസ് വിപണി സാഹചര്യങ്ങള്‍ അനുകൂലമാവുന്ന പക്ഷം പ്രാരംഭ ഓഹരി വില്‍പ്പനയ്ക്ക് ഒരുങ്ങുമെന്നും വി കെ മാത്യൂസ് വ്യക്തമാക്കി.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it