കാണാന്‍ പോകുന്നതാണ് പൂരം! ഗോദയിലേക്കിറങ്ങാന്‍ ₹60,000 കോടിയുടെ ഐ.പി.ഒകള്‍

ഇതുവരെ കണ്ടത് സാമ്പിള്‍ മാത്രമോ? ഇനി കാണാനിരിക്കുന്നത് പൂരങ്ങളുടെ പൂരമോ? ഐ.പി.ഒയുടെ ഗോദയിലിറങ്ങി നിക്ഷേപങ്ങള്‍ വാരിക്കൂട്ടാന്‍ ക്യൂ നില്‍ക്കുന്നത് ഒട്ടേറെ കമ്പനികള്‍.

2023ല്‍ ഇതുവരെ 57 കമ്പനികളാണ് പ്രാരംഭ ഓഹരി വില്‍പന (IPO) നടത്തി ഓഹരി വിപണിയിലേക്ക് ചുവടുവച്ചത്. ഇവര്‍ സംയുക്തമായി സമാഹരിച്ചത് 49,351 കോടി രൂപയും. മൊത്തം 29,000 കോടി രൂപ ഉന്നമിട്ട് സെബിയുടെ അനുമതിയും വാങ്ങി 27 കമ്പനികള്‍ ഐ.പി.ഒ നടത്താന്‍ റെഡിയായി നില്‍ക്കുന്നു. 29 കമ്പനികള്‍ ഐ.പി.ഒയ്ക്കുള്ള അപേക്ഷയുമായി സെബിയുടെ വാതിലില്‍ തട്ടി നില്‍ക്കുകയുമാണ്. ഇവര്‍ സംയുക്തമായി സമാഹരിക്കാന്‍ ലക്ഷ്യമിടുന്നതാകട്ടെ 34,000 കോടി രൂപയും.
അതായത് 60,000 കോടി രൂപയ്ക്കുമേല്‍ ഉന്നമിടുന്ന ഐ.പി.ഒകളാണ് ഉടന്‍ വരാനിരിക്കുന്നത്. 2023ലെ ഐ.പി.ഒകളുടെ എണ്ണം തന്നെ കഴിഞ്ഞ 10 വര്‍ഷത്തെ രണ്ടാമത്തെ വലുതെന്ന റെക്കോഡ് രേഖപ്പെടുത്തിക്കഴിഞ്ഞു. 2021ല്‍ 63 കമ്പനികള്‍ ഐ.പി.ഒ നടത്തിയതാണ് റെക്കോഡ്. ഇവ സംയുക്തമായി നേടിയത് 1.18 ലക്ഷം കോടി രൂപയായിരുന്നു. 2022ല്‍ 40 കമ്പനികള്‍ ഐ.പി.ഒ നടത്തിയിരുന്നു; ഇവ ആകെ 59,301 കോടി രൂപയും സമാഹരിച്ചു.
നേട്ടം അനുകൂല സാഹചര്യം
ഇന്ത്യന്‍ സമ്പദ്‌വ്യവസ്ഥയുടെ മികച്ച പ്രകടനം, ഭേദപ്പെട്ട പണലഭ്യത, വിദേശ ധനകാര്യ സ്ഥാപനങ്ങളുടെ (FIIs) തിരിച്ചുവരവ്, ചെറുകിട (retail) നിക്ഷേപകരുടെ എണ്ണത്തിലെ വര്‍ധന, ഇതിനകം ഐ.പി.ഒ നടത്തി ഓഹരി വിപണിയിലെത്തിയ കമ്പനികളുടെ മികച്ച പ്രകടനം, ഓഹരി വിപണിയുടെ റെക്കോഡ് മുന്നേറ്റം തുടങ്ങിയ അനുകൂല ഘടകങ്ങളുടെ പിന്‍ബലത്തിലാണ് കൂടുതല്‍ സ്ഥാപനങ്ങള്‍ ഐ.പി.ഒയ്ക്കായി കച്ചകെട്ടുന്നത്.
പണപ്പെരുപ്പം കുറയുന്നതും പലിശഭാരം സമീപകാലത്ത് ഇനി കൂടില്ലെന്ന വിലയിരുത്തലുകളും നിക്ഷേപക ആത്മവിശ്വാസം ഉയര്‍ത്തുന്നുണ്ട്. ഇന്ത്യയില്‍ അടുത്ത മേയോടെ ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കും. കേന്ദ്രത്തില്‍ ഭരണമാറ്റമുണ്ടാകില്ലെന്ന വിലയിരുത്തലുകളെയും നിക്ഷേപകര്‍ പോസിറ്റീവായാണ് കാണുന്നത്.
ചുവടുവയ്ക്കാന്‍ പ്രമുഖര്‍
നിരവധി പ്രമുഖ കമ്പനികളുടെ ഐ.പി.ഒ വൈകാതെ പ്രതീക്ഷിക്കാം. ഓല ഇലക്ട്രിക്, സ്വിഗ്ഗി, ഫസ്റ്റ് ക്രൈ, കേരളത്തില്‍ നിന്നുള്ള വാഹന വിതരണക്കാരായ പോപ്പുലര്‍ വെഹിക്കിള്‍സ് തുടങ്ങിയവ അതിലുള്‍പ്പെടുന്നു.
Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it