

രാജ്യത്ത് പ്രാരംഭ ഓഹരി വില്‍പ്പനയുടെ (ഐ.പി.ഒ) ട്രെന്‍ഡ് തുടരുമെന്ന് വിലയിരുത്തല്‍. ഒക്ടോബറില്‍ 46,000 കോടി രൂപ സമാഹരിച്ച് ഐ.പി.ഒ വിപണി റെക്കോഡിട്ടിരുന്നു. കലണ്ടര്‍ വര്‍ഷത്തില്‍ ബാക്കിയുള്ള രണ്ട് മാസങ്ങളിലും റെക്കോഡ് ഐ.പി.ഒ മുന്നേറ്റമുണ്ടാകുമെന്നാണ് കരുതുന്നത്. ഏതാണ്ട് 80ഓളം കമ്പനികള്‍ ചേര്‍ന്ന് നവംബര്‍, ഡിസംബര്‍ മാസങ്ങളില്‍ 1.13 ലക്ഷം കോടി രൂപ ഐ.പി.ഒയിലൂടെ സമാഹരിക്കുമെന്നാണ് പ്രൈം ഡാറ്റബേസിന്റെ റിപ്പോര്‍ട്ട് പറയുന്നത്.
അടുത്ത ദിവസങ്ങളില്‍ നിക്ഷേപകര്‍ കാത്തിരിക്കുന്ന ഐ.പി.ഒകളിലൊന്ന് ഫിന്‍ടെക് കമ്പനിയായ ഗ്രോ (Groww)യുടേതാണ്. നവംബര്‍ നാലിന് ആരംഭിക്കുന്ന ഐ.പി.ഒയിലൂടെ 6,632 കോടി രൂപ സമാഹരിക്കാനാണ് കമ്പനി ആലോചിക്കുന്നത്. 95-100 രൂപയാണ് പ്രൈസ് ബാന്‍ഡ് നിശ്ചയിച്ചിരിക്കുന്നത്. കുറഞ്ഞത് 150 ഓഹരികളെങ്കിലും എടുക്കേണ്ടി വരും. മറ്റൊരു ഫിന്‍ടെക് കമ്പനിയായ പൈന്‍ ലാബ്‌സിന്റെ ഐ.പി.ഒ നവംബര്‍ ഏഴിന് ആരംഭിക്കും. 2,080 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. നേരത്തെ നിശ്ചയിച്ചിരുന്നതിലും 40 ശതമാനം കുറവാണിത്.
ഇത് കൂടാതെ ഡോര്‍ഫ്-കെറ്റല്‍ കെമിക്കല്‍സ്, ക്രെഡില ഫിനാന്‍ഷ്യല്‍ സര്‍വീസസ് എന്നീ കമ്പനികള്‍ 5,000 കോടി രൂപയും സമാഹരിക്കാനുള്ള ഒരുക്കത്തിലാണ്. പ്രതിരോധ നിര്‍മാതാക്കളായ എസ്.എം.പി.പി, എഡ്‌ടെക് പ്ലാറ്റ്‌ഫോമായ ഫിസിക്‌സ് വാല എന്നിവര്‍ 4,000 കോടിയുടെ ഐ.പി.ഒ നടത്തുമെന്നും അറിയിച്ചിട്ടുണ്ട്.
എന്നാല്‍ വിപണി കാത്തിരിക്കുന്ന മറ്റ് ചില ഐ.പി.ഒകളും നവംബര്‍ ഡിസംബര്‍ മാസങ്ങളിലുണ്ട്. സെബിയുടെ അനുമതി ലഭിച്ചാല്‍ ഡിജിറ്റല്‍ പേയ്‌മെന്റ് കമ്പനിയായ ഫോണ്‍പേ 11,000 കോടി രൂപയുടെ ഐ.പി.ഒ നടത്തുമെന്നാണ് റിപ്പോര്‍ട്ടുകള്‍. അവാഡ ഇലക്ട്രോ, ഐ.സി.ഐ.സി.ഐ പ്രൂഡെന്‍ഷ്യല്‍ എ.എം.സി എന്നീ കമ്പനികള്‍ 10,000 കോടി രൂപ വീതം സമാഹരിക്കാനുള്ള അനുമതിയും തേടിയിട്ടുണ്ട്. ഇ-കൊമേഴ്‌സ് കമ്പനിയായ മീഷോ 8,500 കോടി രൂപയുടെ ഐ.പി.ഒ നടത്താനുള്ള ഒരുക്കത്തിലാണ്. ഇനോക്‌സ് ക്ലീന്‍ എനര്‍ജി കമ്പനിയുടെ 6,000 കോടി, ഫ്രാക്ടല്‍ അനലിറ്റിക്‌സിന്റെ 4,900 കോടി എന്നിവയും സെബിയുടെ അനുമതിക്കായി കാത്തിരിക്കുകയാണ്. നിലവില്‍ വിപണിയിലുള്ള അനുകൂല സാഹചര്യം ഉപയോഗിച്ച് ലിസ്റ്റിംഗ് നടത്താനുള്ള ഒരുക്കത്തിലാണ് പല കമ്പനികളുമെന്നും വിദഗ്ധര്‍ പറയുന്നു.
മ്യൂച്വല്‍ ഫണ്ടുകള്‍ക്കും ഇന്‍ഷുറന്‍സ് കമ്പനികള്‍ക്കും പുറമെ സാധാരണക്കാരായ നിക്ഷേപകരും ഇപ്പോള്‍ കൂടുതലായി ഐ.പി.ഒകളുടെ ഭാഗമാകാറുണ്ട്. അടുത്തിടെ നടന്ന എല്‍.ജി ഇലക്ട്രോണിക്‌സ് ഐ.പി.ഒയിലെ ഓഹരികള്‍ ആറര മണിക്കൂറില്‍ വിറ്റുതീര്‍ന്നെന്നാണ് കണക്ക്. 17 വര്‍ഷത്തിനിടെ ഇന്ത്യന്‍ ഓഹരി വിപണി ഇങ്ങനെയൊന്ന് കണ്ടിട്ടില്ല. വിദേശനിക്ഷേപകരെ അമിതമായി ആശ്രയിക്കുന്നത് കുറക്കാനും സ്വന്തം കാലില്‍ നില്‍ക്കുന്ന ഒരു ഐ.പി.ഒ വിപണിയായി ഇന്ത്യക്ക് മാറാനും ഇതിലൂടെ കഴിയുമെന്നാണ് വിദഗ്ധര്‍ പറയുന്നത്. ഒക്ടോബറില്‍ വിപണി സൂചികകള്‍ അഞ്ച് ശതമാനം ഉയര്‍ന്നതും ഐ.പി.ഒകള്‍ വര്‍ധിക്കാന്‍ ഇടയാക്കി. അന്താരാഷ്ട്ര തലത്തില്‍ കാര്യമായ അനിശ്ചിതത്വങ്ങളൊന്നും ഉണ്ടായില്ലെങ്കില്‍ ഒക്ടോബറിലെ റെക്കോഡ് ഐ.പി.ഒ ട്രെന്‍ഡ് അടുത്ത മാസങ്ങളിലും തുടരുമെന്നും വിദഗ്ധര്‍ പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine