വിപണിയില്‍ ഐപിഒ പെരുമഴ വരുന്നു! സെബി അനുമതി അരഡസന്‍ കമ്പനികള്‍ക്ക്; വിശദാംശങ്ങള്‍ ഇങ്ങനെ

മേയ് മുതല്‍ ജൂലൈ വരെയുള്ള സമയത്ത് ഐപിഒയ്ക്കായി അപേക്ഷിച്ച കമ്പനികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്
IPO Ahead
Image : Canva
Published on

കേരളത്തില്‍ വലിയ വിപണി സാന്നിധ്യമുള്ള തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്‌സ് അടക്കം അഞ്ച് കമ്പനികളുടെ പ്രാഥമിക ഓഹരി വില്പനയ്ക്ക് സെബിയുടെ അംഗീകാരം. അതേസമയം, വേദാന്ത ഗ്രൂപ്പിന് കൂടി നിക്ഷേപമുള്ള സ്റ്റെര്‍ലൈറ്റ് ഇലക്ട്രിക്കിന്റെ ഐപിഒ അപേക്ഷയില്‍ തീരുമാനമെടുക്കുന്നത് സെബി നീട്ടിവച്ചിട്ടുണ്ട്. കാരണം വ്യക്തമാക്കിയിട്ടില്ല.

ക്ലൗഡ് കിച്ചണ്‍ സേവനങ്ങള്‍ ഒരുക്കുന്ന ക്യൂര്‍ഫുഡ്‌സ് ഇന്ത്യ (Curefoods India), സ്റ്റീംഹൗസ് ഇന്ത്യ (Steamhouse India), ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റ് ലിമിറ്റഡ് (Gaja Alternative Asset Management Ltd), കനോഡിയ സിമന്റ് (kanodia Cement) എന്നീ കമ്പനികള്‍ക്കാണ് മില്‍ക്കി മിസ്റ്റിനെ കൂടാതെ അനുമതി ലഭിച്ചത്.

മേയ് മുതല്‍ ജൂലൈ വരെയുള്ള സമയത്ത് ഐപിഒയ്ക്കായി അപേക്ഷിച്ച കമ്പനികള്‍ക്കാണ് ഇപ്പോള്‍ അനുമതി ലഭിച്ചിരിക്കുന്നത്. സ്‌റ്റെര്‍ലൈറ്റ് പവര്‍ ട്രാന്‍സ്മിഷന്‍ എന്ന പേരില്‍ മുമ്പ് അറിയപ്പെട്ടിരുന്ന സ്റ്റെര്‍ലൈറ്റ് ഇലക്ട്രിക്കിന് അനുമതി നല്കാത്തതിന്റെ കാരണം സെബി വ്യക്തമാക്കിയിട്ടില്ല. വേദാന്ത ലിമിറ്റഡിന് ഈ കമ്പനിയില്‍ 1.51 ശതമാനം ഓഹരിപങ്കാളിത്തം മാത്രമാണുള്ളത്.

മില്‍ക്കി മിസ്റ്റ് ഡയറി ഫുഡ്

തമിഴ്‌നാട് ആസ്ഥാനമായ മില്‍ക്കി മിസ്റ്റ് 2,035 കോടി സമാഹരിക്കാനാണ് ലക്ഷ്യമിടുന്നത്. പ്രമോട്ടര്‍മാരുടെ കൈവശമുള്ള 250 കോടി രൂപയുടെ ഓഹരികള്‍ ഓഫര്‍ ഫോര്‍ സെയിലിലൂടെ വിറ്റഴിക്കും. 1,785 കോടി രൂപയുടെ പുതിയ ഓഹരികളും ഐപിഒയില്‍ ഉണ്ടാകും. കടങ്ങള്‍ തീര്‍ക്കാനും പെരുന്തുറയിലെ ഫാക്ടറി വിപുലപ്പെടുത്താനും മാര്‍ക്കറ്റ് വിപുലീകരണത്തിനുമാണ് സമാഹരിക്കുന്ന തുക ഉപയോഗപ്പെടുത്തുക.

ക്യൂര്‍ഫുഡ്‌സ് ഇന്ത്യ

ബെംഗളൂരു ആസ്ഥാനമായ കമ്പനിയാണിത്. കേക്ക്‌സോണ്‍, നൊമാദ് പിസ എന്നീ പേരുകളില്‍ കമ്പനിക്ക് ബ്രാന്‍ഡുകളുണ്ട്. ഐപിഒ വഴി 800 കോടി രൂപയാകും സമാഹരിക്കുക. ഓഹരി വിപണിയില്‍ നിന്ന് കണ്ടെത്തുന്ന തുക ക്രിസ്പി ക്രീം ക്ലൗഡ് കിച്ചണ്‍സ് എന്നപേരില്‍ കിച്ചണുകള്‍ തുടങ്ങാനും റെസ്റ്റോറന്റ്‌സ് കിയോസ്‌ക് എന്നിവ വിപുലീകരിക്കാനും ലക്ഷ്യമിടുന്നു.

കനോഡിയ സിമന്റ്‌സ്

ഉത്തര്‍പ്രദേശ് ആസ്ഥാനമായ കനോഡിയ സിമന്റ്‌സ് ഈ വര്‍ഷം മെയ് 22നാണ് ഐപിഒയ്ക്കായി അപേക്ഷ സമര്‍പ്പിച്ചത്. ഓഫര്‍ ഫോര്‍ സെയിലിലൂടെ 1.49 കോടി ഓഹരികള്‍ വില്ക്കാനാണ് പദ്ധതി.

സൂറത്ത് ആസ്ഥാനമായ സ്റ്റീംഹൗസ് ഇന്ത്യയുടെ ഐപിഒ സൈസ് 500-700 കോടി രൂപയ്ക്ക് ഇടയിലാകുമെന്നാണ് വിവരം. ഗജ അല്‍ട്ടര്‍നേറ്റീവ് അസറ്റ് മാനേജ്‌മെന്റിന്റെ ഐപിഒ 500-600 കോടി രൂപയ്ക്ക് ഇടയിലാണ്.

സ്റ്റഡ്‌സ് അക്‌സസറീസ് ഐപിഒ 30ന്

സ്റ്റഡ്‌സ് ആക്‌സസറീസ് (Studds Accessories) ഐപിഒ ഒക്‌ടോബര്‍ 30ന് ആരംഭിക്കും. നവംബര്‍ മൂന്നിന് അവസാനിക്കും. 557-585 റേഞ്ചിലായിരിക്കും പ്രൈസ് ബാന്‍ഡ്. 1975ല്‍ സ്ഥാപിതമായ ഇരുചക്ര വാഹന ഹെല്‍മറ്റ് നിര്‍മാതാക്കളാണ് സ്റ്റഡ്‌സ്.

സ്റ്റഡ്‌സ്, എസ്എംകെ (SMK) എന്നീ ബ്രാന്‍ഡുകളില്‍ കമ്പനി ഇരുചക്ര വാഹന ആക്‌സസറീസ് വില്ക്കുന്നു. 2025 സാമ്പത്തികവര്‍ഷം 584 കോടി രൂപ വരുമാനവും 70 കോടി രൂപയുടെ ലാഭവും നേടാന്‍ കമ്പനിക്ക് സാധിച്ചിരുന്നു. മുന്‍വര്‍ഷത്തേക്കാള്‍ ലാഭത്തിലും വരുമാനത്തിലും വര്‍ധന നേടാനും കഴിഞ്ഞു.

പ്രമുഖ ഐവെയര്‍ കമ്പനിയായ ലെന്‍സ്‌കാര്‍ട്ട് ഉള്‍പ്പെടെയുള്ളവയുടെ ഐപിഒ വരുംദിവസങ്ങളില്‍ ആരംഭിക്കും. കേരള കമ്പനിയായ ഓര്‍ക്ക്‌ല ഇന്ത്യയുടെ ഐപിഒ 29നാണ്.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com