ഇസ്രായേല്‍ കണക്ട്, അദാനി പോര്‍ട്‌സ് മുതല്‍ നിരവധി കമ്പനികളുടെ ഓഹരി വിലയില്‍ ചാഞ്ചാട്ടം, സംഘര്‍ഷം ഈ കമ്പനികളെ എങ്ങനെ ബാധിക്കും?

ഇസ്രായേലുമായി ബന്ധമുള്ള കമ്പനികൾ വിപണിയില്‍ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകും
Israel, Adani
Image courtesy: x.com/netanyahu, Canva
Published on

ഇസ്രായേല്‍-ഇറാന്‍ സംഘര്‍ഷം ആഗോള ഓഹരി വിപണികളില്‍ വലിയ പ്രത്യാഘാതങ്ങള്‍ ഉണ്ടാക്കുമെന്നാണ് കരുതുന്നത്. ഇന്ത്യന്‍ ഓഹരി വിപണിയിലും ഇതിന്റെ അലയൊലികള്‍ ഉണ്ടാകുമെന്നാണ് പ്രതീക്ഷിക്കുന്നത്. ക്രൂഡ് വില കുതിച്ചുയരാനും അന്താരാഷ്ട്ര വ്യാപാര ചലനങ്ങള്‍ മാറി മറിയാനും സംഘര്‍ഷം രൂക്ഷമാകുന്നത് ഇടയാക്കുമെന്നാണ് കരുതുന്നത്. ഈ സാഹചര്യത്തില്‍ ഇസ്രായേലുമായി ബന്ധമുള്ള കമ്പനികൾ കൂടുതൽ സൂക്ഷ്മപരിശോധനയ്ക്ക് വിധേയമാകുകയാണ്.

ഇസ്രായേലിലെ ഹൈഫ തുറമുഖത്തിന്റെ (Haifa Port) ഉടമസ്ഥത അദാനി പോർട്‌സിനാണ്. കമ്പനിയുടെ മൊത്തത്തിലുള്ള ബിസിനസിൽ ഹൈഫയുടെ സംഭാവന താരതമ്യേന ചെറുതാണെന്ന് അദാനി പോര്‍ട്‌സ് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും പശ്ചിമേഷ്യന്‍ മേഖലയിലെ അപകടസാധ്യതകളെക്കുറിച്ച് നിക്ഷേപകർ ജാഗ്രത പുലർത്തുന്നത് കമ്പനിക്ക് തിരിച്ചടിയാകാന്‍ സാധ്യതയുണ്ട്. ഓഹരി 2.75 ശതമാനം നഷ്ടത്തില്‍ 1,406 രൂപയിലാണ് ക്ലോസ് ചെയ്തത്.

മറ്റു കമ്പനികള്‍

ടാറ്റ കൺസൾട്ടൻസി സർവീസസ് (TCS), വിപ്രോ, ടെക് മഹീന്ദ്ര, ഇൻഫോസിസ്, സ്റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ (SBI), ലാർസൻ & ട്യൂബ്രോ (L&T) തുടങ്ങിയ സ്ഥാപനങ്ങള്‍ക്കും ഇസ്രായേലുമായി ഗണ്യമായ ബിസിനസ് താൽപ്പര്യങ്ങളുണ്ട്. ഇസ്രായേലിലെ ടാരോ ഫാർമസ്യൂട്ടിക്കലിൽ ഭൂരിപക്ഷ ഓഹരി കൈവശം വച്ചിരിക്കുന്നത് സൺ ഫാർമസ്യൂട്ടിക്കല്‍സാണ്. മരുന്നു കമ്പനികളായ ഡോ. റെഡ്ഡീസ്, ലുപിൻ എന്നിവയ്‌ക്ക് ഇസ്രായേലിലെ പ്രമുഖരായ ടെവ ഫാർമസ്യൂട്ടിക്കലുമായി ബന്ധമുണ്ട്. ഖനി കമ്പനിയായ എൻ.എം.ഡി.സി, ജുവലറികളായ കല്യാൺ ജുവലേഴ്‌സ്, ടൈറ്റൻ എന്നിവയ്‌ക്കും ഇസ്രായേലുമായി ബന്ധമുളളതായി ബ്ലൂംബർഗ് ഡാറ്റ വ്യക്തമാക്കുന്നു.

എണ്ണ വില

ഈ ഓഹരികളെക്കൂടാതെ സംഘര്‍ഷം കാര്യമായി ബാധിക്കുക ഓയില്‍ ആന്‍ഡ് ഗ്യാസ് മേഖലയെയാണ്. മിഡിൽ ഈസ്റ്റിലെ സംഘർഷങ്ങൾ വർദ്ധിച്ചത് മൂലം ബ്രെന്റ് ക്രൂഡ് ഓയിൽ വില 12 ശതമാനത്തിലധികമാണ് ഉയർന്നത്. ഇതിനെ തുടര്‍ന്ന് എണ്ണ വിതരണ കമ്പനികളായ ഇന്ത്യൻ ഓയിൽ കോർപ്പറേഷന്‍ (IOC), ഭാരത് പെട്രോളിയം (BPCL) ഓഹരികളും കടുത്ത സമ്മര്‍ദമാണ് നേരിടുന്നത്. ഐ.ഒ.സി 1.67 ശതമാനത്തിന്റെയും ബി.പി.സി.എല്‍ 1.80 ശതമാനത്തിന്റെയും ഇടിവാണ് ഇന്ന് രേഖപ്പെടുത്തിയത്.

Iran-Israel conflict triggers volatility in Indian stock market; Adani Ports, IOC, and Kalyan Jewellers face pressure amid global uncertainty.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com