ഇന്ത്യക്കാര്‍ ക്രിപ്‌റ്റോകറന്‍സി വിനിമയം നടത്തുന്നത് നിയമത്തിനെതിരാണോ? എന്തൊക്കെ കാര്യങ്ങള്‍ ശ്രദ്ധിക്കണം

ക്രിപ്‌റ്റോകറന്‍സി ഇന്ത്യയില്‍ നിയമപരമായി വിനിമയം നടത്താനാകുമോ? പലരും ചോദിക്കുന്ന ചോദ്യമാണിത്. നിലവില്‍, ക്രിപ്റ്റോകറന്‍സികള്‍ ഉള്‍ക്കൊള്ളുന്ന ഒരു നിയമനിര്‍മ്മാണവും ഇന്ത്യയില്‍ ഇല്ല. എന്നാല്‍ ക്രിപ്റ്റോകറന്‍സികള്‍ സ്വന്തമാക്കുന്നത് നിയമവിരുദ്ധമാണെന്ന് ഇതിനര്‍ത്ഥവുമില്ല. ശക്തമായ ഒരു നിയമനിര്‍മ്മാണ സഭയുടെ അഭാവത്തില്‍ ആണ് വിനിമയം എന്ന് മാത്രം. നിയമ പരിരക്ഷയുടെ ചട്ടക്കൂട്, ക്രിപ്‌റ്റോ ഉടമകള്‍ക്ക് ലഭിക്കില്ല. മറ്റ് അസറ്റ് ക്ലാസുകളുടെ ഉടമകള്‍ക്ക് ലഭിക്കുന്ന സംരക്ഷണം മുന്‍നിര്‍ത്തിയാല്‍ റിസര്‍വ്ബാങ്ക് അനുശാസിക്കുന്ന നിയമപരിരക്ഷ ലഭിക്കില്ല എന്നുമാത്രം.

ഉദാഹരണത്തിന്, ബാങ്കിംഗ് സംവിധാനത്തില്‍, ആര്‍ബിഐ ഒരു ഓംബുഡ്‌സ്മാനെ നിയോഗിച്ചിട്ടുണ്ട്, നിങ്ങളുടെ ബാങ്കുമായി നിങ്ങള്‍ക്ക് എന്തെങ്കിലും പരാതിയുണ്ടെങ്കില്‍ അവരെ സമീപിക്കാം. എന്നാല്‍ ക്രിപ്റ്റോ സ്പെയ്സില്‍ ഇത് സാധ്യമാകണമെന്നില്ല.
എന്നാല്‍ ഇന്ത്യക്കാര്‍ക്കിടയില്‍ ഇഥേറിയം ഉള്‍പ്പെടെ ക്രിപ്‌റ്റോ കറന്‍സികള്‍ക്ക് വന്‍ പ്രചാരമാണുള്ളത്.
നടപ്പുവര്‍ഷത്തിന്റെ ആദ്യ പകുതി ക്രിപ്‌റ്റോ കറന്‍സി വന്‍ നേട്ടമുണ്ടാക്കിയതായി കാണാം. ഇത് തന്നെ വീണ്ടും ഒക്ടോബര്‍ പാദത്തിലും പ്രകടമാണ്. മുന്‍നിരയിലുള്ള ബിറ്റ് കോയിന്‍, ഇഥേറിയം, ചെയിന്‍ ലിങ്ക്, ഡോജ് കോയിന്‍ ഇവയുടെയെല്ലാം മൂല്യം കുതിച്ചുയര്‍ന്നിരുന്നു. ഇടയ്ക്ക് ക്ഷീമം വന്നെങ്കിലും ഒക്ടോബര്‍ പാദത്തിലും ക്രിപ്‌റ്റോ മുന്നോട്ട് കുതിക്കുകയാണ്.
ക്രിപ്‌റ്റോ കറന്‍സിയോട് മുഖം തിരിച്ചു നിന്നിരുന്ന ഇന്ത്യ ഇപ്പോള്‍ നയം മാറ്റുകയാണ്. ക്രിപ്‌റ്റോ കറന്‍സിയെ കമ്മോഡിറ്റി വിഭാഗത്തിലുള്ള ആസ്തിയാക്കി പരിഗണിച്ചു കൊണ്ട് പുതിയ നിയമനിര്‍മാണത്തിനൊരുങ്ങുകയാണ് ഇന്ത്യയിലെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. നിലവില്‍ പല ഐടി, എന്റര്‍ട്ടെയ്ന്‍മെന്റ് കമ്പനികളും ക്രിപ്‌റ്റോകള്‍ വിനിമയം നടത്തിത്തുടങ്ങി. ക്രിപ്‌റ്റോ കറന്‍സിയുടെ സ്വീകാര്യത കൂടി വരുന്ന ഈ സാഹചര്യത്തില്‍ നിക്ഷേപിക്കും മുമ്പ് ഇക്കാര്യങ്ങള്‍ ശ്രദ്ധിക്കുക.
1. പഠിച്ചതിന് ശേഷം മാത്രം നിക്ഷേപം
നിക്ഷേപം സംബന്ധിച്ച് തീരുമാനമെടുക്കുന്നത് വിശദമായി ഗവേഷണം നടത്തിയതിനു ശേഷമാകണം. ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി പ്രകാരമാണല്ലോ ക്രിപ്‌റ്റോ കറന്‍സി പ്രവര്‍ത്തിക്കുന്നത്. അതുകൊണ്ട് ബ്ലോക്ക് ചെയിന്‍ ടെക്‌നോളജി എന്താണെന്ന് ആദ്യമേ അറിയണം. ഇതിന്റെ വിവിധ വീഡിയോകളും മറ്റും ലഭ്യമാണെങ്കിലും വിദഗ്ധരുടെ ഉപദേശം കൂടി സ്വീകരിക്കുക.
2. വിശ്വസിക്കാവുന്ന പദ്ധതികളില്‍ മാത്രം ചേരുക
ലോകമെമ്പാടുമുള്ള ക്രിപ്‌റ്റോ സംവിധാനം വികേന്ദ്രീകൃതമാണ്. അതായത് സെന്‍ട്രലൈസ്ഡ് അഥവാ പ്രത്യേക റെഗുലേറ്ററി സംവിധാനങ്ങളില്ല എന്നര്‍ത്ഥം. കറന്‍സിയുടെ ഉറവിടം, ഇഷ്യുവര്‍, ആധികാരികത എന്നിവയെ കുറിച്ചെല്ലാം അന്വേഷിക്കണം. ചതിയിലും സ്‌കാമുകളിലും പെടാതെ നോക്കണം. അവിശ്വസനീയമായ നേട്ടങ്ങള്‍ വാഗ്ദാനം ചെയ്തു കൊണ്ട് വരുന്ന വ്യാജന്മാരെ തിരിച്ചറിയാന്‍ ശ്രമിക്കുക. വാര്‍ത്തകളിലും മറ്റും വായിച്ച് മനസിലാക്കാത്തവ തെരഞ്ഞെടുക്കരുത്.
3. പോര്‍ട്ട്‌ഫോളിയോ പോലൊന്ന് ഉണ്ടാക്കുക
എല്ലാത്തിലും ഫ്രോഡ് പ്ലെയേഴ്‌സ് ഉണ്ട്. ഇല്ലാത്ത കറന്‍സിയുടെ പേരില്‍ പണം പിരിച്ച് വാലറ്റ് ഉണ്ടാക്കി തന്ന് പണവുമായി മുങ്ങുന്ന വിരുതന്മാരെ സൂക്ഷിക്കുക. മറ്റുള്ളവര്‍ പറയുന്നതു മാത്രം വിശ്വസിക്കാതെ, വിപണിയിലുള്ള കറന്‍സികളെ കുറിച്ചുള്ള വിവരങ്ങള്‍ മനസിലാക്കണം. വിപണി വിദഗ്ധരുടെ അഭിപ്രായം പരിഗണിക്കാം. വിദഗ്ധമായി പഠിച്ച് സമയമെടുത്ത് നിക്ഷേപതന്ത്രം മെനയുക.
4. തുടങ്ങേണ്ടത് ചെറിയ നിക്ഷേപത്തില്‍
ക്രിപ്‌റ്റോ കറന്‍സി അത്യധികം അസ്ഥിരമാണ്. ആദ്യം തന്നെ മികച്ച ഒരു കറന്‍സി തെരഞ്ഞെടുക്കുക. ഇതിന്റെ പ്രവണത പഠിക്കുക. ഇതുപയോഗിച്ച് ക്രിപ്റ്റോ വിപണിയെ കുറിച്ച് കൃത്യമായ ബോധ്യം ഉണ്ടാക്കുക. വിപണിയെ കുറിച്ച് വിശദമായി മനസ്സിലാക്കുന്നതു വരെ ഈ കറന്‍സിയില്‍ മാത്രം തുടരുക.
5. ചാഞ്ചാട്ടത്തോട് മിതത്വം പാലിക്കുക
ബിറ്റ്‌കോയിന്‍ പോലുള്ള ക്രിപ്‌റ്റോയില്‍ നിക്ഷേപിച്ചു കഴിഞ്ഞാല്‍ പിന്നെ ക്ഷമ അത്യാവശ്യമാണ്. കാരണം കനത്ത ചാഞ്ചാട്ടം ഉള്ള ഒരു വിപണിയാണിത്. ചിലപ്പോള്‍ വില കുത്തനെ ഉയരും, അതുപോലെ തന്നെ താഴുകയും ചെയ്യും. ഓരോ കയറ്റിറക്കത്തിലും സമ്യമനം പാലിക്കുക. വിപണിയെ ശാന്തമായി നിരീക്ഷിക്കുക.
6. നികുതി ചാര്‍ജുകളും ബാധ്യതകളും തിരിച്ചറിയുക
ക്രിപ്‌റ്റോകളില്‍ നിക്ഷേപിക്കും മുമ്പ് അതതു രാജ്യങ്ങളിലെ നികുതി ബാധ്യതകളെ കുറിച്ച് മനസിലാക്കിയതിനു ശേഷം മാത്രം നിക്ഷേപിക്കുക. മിക്ക രാജ്യങ്ങളും ക്രിപ്‌റ്റോ ഇടപാടുകള്‍ക്ക് വന്‍ നികുതിയാണ് ചുമത്തുന്നത്.


Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it