Top

ഇപ്പോള്‍ ഓഹരിയില്‍ നിക്ഷേപിക്കണോ, എങ്കില്‍ ഏതില്‍?

വെല്ലുവിളികളുണ്ട്, ഒപ്പം നേട്ടസാധ്യതയും

ജിയോജിത് റിസര്‍ച്ച് ടീം

2022-23 സാമ്പത്തിക വര്‍ഷത്തില്‍ വളരെ നല്ല നേട്ടമുണ്ടാകാന്‍ ഇടയുള്ളതിനാല്‍ ഓഹരി വിപണിയുടെ സാധ്യതകളില്‍ അങ്ങേയറ്റം പോസിറ്റീവാണ് ഞങ്ങള്‍. എന്നിരുന്നാലും ഹ്രസ്വകാലത്തേക്ക് ചില ആശങ്കകള്‍ നിലവിലുണ്ട്. കോവിഡിന്റെ രണ്ടാം വരവാണ് അതില്‍ പ്രധാനം. സംസ്ഥാന നിയമസഭകളിലേക്കുള്ള തെരഞ്ഞെടുപ്പ് നടക്കുന്നത് വിപണിയെ വലിയ തോതില്‍ സ്വാധീനിക്കാനിടയില്ലെന്നാണ് ഞങ്ങളുടെ അനുമാനം. രാജ്യാന്തരതലത്തിലെ കണക്കുകളുടെ അടിസ്ഥാനത്തില്‍ കോവിഡിന്റെ രണ്ടാം തരംഗം രണ്ടോ മൂന്നോ മാസം നീണ്ടുനിന്നേക്കാം. പക്ഷേഇന്ത്യയില്‍ ഈ കാലയളവ് ഗണ്യമായി കുറയ്ക്കാന്‍ സാധിച്ചേക്കും. ലോക്ക്ഡൗണ്‍, വേനല്‍ക്കാലം, വാക്‌സിനേഷന്റെ വേഗം എന്നിവയെല്ലാം കൊണ്ട് ഇന്ത്യയില്‍ ഇത് കുറയ്ക്കാനാകുമെന്നാണ് പ്രതീക്ഷ. കോവിഡ് മൂലമുള്ള മരണനിരക്കിലെ കുറവും സമ്പദ് വ്യവസ്ഥയിലെ പ്രവര്‍ത്തനങ്ങള്‍ വലിയ കോട്ടമില്ലാതെ നടക്കുകയും ചെയ്യുന്നത് കൊണ്ട് രണ്ടാം കോവിഡ് തരംഗം ജിഡിപിയെ വലിയതോതില്‍ സ്വാധീനിക്കാനിടയില്ല. സംസ്ഥാന നിയമസഭയിലെ തെരഞ്ഞെടുപ്പ് ഫലങ്ങള്‍ കേന്ദ്ര നയങ്ങളെയോ സമ്പദ് ഘടനയിലെ ദീര്‍ഘകാല പ്രവണതകളെയോ നിലവിലെ സാഹചര്യത്തില്‍ ഒരുതരത്തിലും സ്വാധീനിക്കുമെന്ന് തോന്നുന്നുമില്ല.

ഇതിനെല്ലാമുപരിയായി ചില ഘടകങ്ങള്‍ കൂടി ആഗോള, ആഭ്യന്തര ഓഹരി വിപണികളെ ഈ വര്‍ഷം അസ്ഥിരപ്പെടുത്തിയേക്കാം. ഉയര്‍ന്ന എണ്ണവില, ഉത്തേജകപാക്കേജുകളില്‍ വരുന്ന കുറവ് (ഇത് വിപണിയിലെ ധനലഭ്യത കുറച്ചേക്കാം), ഉയരുന്ന നാണ്യപ്പെരുപ്പവും പലിശ നിരക്കും, ഉയര്‍ന്ന വാല്വേഷന്‍, നിഷ്‌ക്രിയാസ്തികള്‍ എന്നിവയാണവ. പക്ഷേ, നമ്മുടെ സമ്പദ് വ്യവസ്ഥ സാധാരണനിലയിലേക്ക് തിരിച്ചുവരികയാണ്. ബിസിനസും ലാഭക്ഷമതയും നേരെയായി വരുന്നു. കമോഡിറ്റി വിലകള്‍, പണപ്പെരുപ്പം, ഹ്രസ്വകാല പലിശ നിരക്ക് എന്നിവ കൂടുന്നതിന്റെ പ്രധാന കാരണം സമ്പദ് വ്യവസ്ഥ സാധാരണ നിലയിലാകുന്നത് തന്നെയാണ്. ആയുഷ്‌കാലത്തില്‍ ഒരുപക്ഷേ ഒരിക്കല്‍ മാത്രം ദര്‍ശിക്കാന്‍ സാധിക്കുന്ന ഈ മഹാമാരിക്കാലത്ത്, ഉയര്‍ന്ന വരുമാന വളര്‍ച്ചയും ധനലഭ്യതയുമാണ് ഉയര്‍ന്ന വാല്വേഷന് ഇടയാക്കിയിരിക്കുന്നതെന്ന് കാണാം.

ഇപ്പോള്‍ ഓഹരി വിപണിയില്‍ നിക്ഷേപിക്കാന്‍ ഒരുങ്ങുന്നവരും ഇക്കാര്യങ്ങളാണ് മനസ്സില്‍ കാണേണ്ടത്.

ഏത് ഓഹരിയില്‍ നിക്ഷേപിക്കണം

മൂന്ന് ഓഹരികളാണ് ഞങ്ങള്‍ ഇപ്പോള്‍ നിര്‍ദേശിക്കുന്നത്.

1. കാഡില ഹെല്‍ത്ത്‌കെയര്‍ ലിമിറ്റഡ്

ആഭ്യന്തരവിപണിയില്‍ കരുത്തുറ്റ സാന്നിധ്യമാണ് ഈ ഇന്ത്യന്‍ മള്‍ട്ടിനാഷണല്‍ ഫാര്‍മസ്യൂട്ടിക്കല്‍ കമ്പനിക്കുള്ളത്. അതോടൊപ്പം തന്നെ അമേരിക്കന്‍ വിപണിയിലെ ഇന്‍ഞ്ചെക്റ്റബ്ള്‍ മേഖലയില്‍ നിന്ന് വലിയ ഓര്‍ഡറുകള്‍ ക്മ്പനിക്കുണ്ട്.

2. കെഎന്‍ആര്‍ കണ്‍സ്ട്രക്ഷന്‍ ലിമിറ്റഡ്

അടിസ്ഥാനസൗകര്യവികസനത്തിന് ഇന്ത്യയില്‍ ലഭിക്കുന്ന മുന്‍തൂക്കം ഈ കമ്പനിക്ക് ഗുണമാകും. ഹൈവേ പദ്ധതികള്‍, പാലങ്ങള്‍, നഗരവികസനം തുടങ്ങിയ രംഗങ്ങളിലെല്ലാം ദശാബ്ദങ്ങളായി വന്‍കിട പദ്ധതികള്‍ പൂര്‍ത്തിയാക്കിയിട്ടുള്ള കമ്പനി, അതിന്റെ പദ്ധതി നടത്തിപ്പിന്റെ കാര്യക്ഷമത വന്‍തോതില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്. മാത്രമല്ല നിരവധി വന്‍കിട കരാറുകളും കമ്പനിക്കുണ്ട്. ഇനിയും ലഭിച്ചേക്കാം. ഇത് 2022-23 സാമ്പത്തിക വര്‍ഷത്തില്‍ മികച്ച നേട്ടം ഉറപ്പാക്കാന്‍ സഹായിച്ചേക്കും.

3. കോറമാണ്ടല്‍ ഇന്റര്‍നാഷണല്‍ ലിമിറ്റഡ്

ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫോസ്ഫാറ്റിക് ഫെര്‍ട്ടിലൈസര്‍ കമ്പനിയായ കോറമാണ്ടലിന് ഫെര്‍ട്ടിലൈസര്‍, ന്യൂട്രിയന്റ്‌സ്, വിള സംരംക്ഷണം, റീറ്റെയ്ല്‍ എന്നീ രംഗങ്ങളിലെല്ലാം ശക്തമായ സാന്നിധ്യമുണ്ട്. വരും വര്‍ഷത്തില്‍ രാജ്യത്ത് സാധാരണ നിലയില്‍ മഴ ലഭിക്കുമെന്നാണ് പ്രവചനം. ഇത് കമ്പനിക്ക് ഗുണകരമാകും. ഫെര്‍ട്ടിലൈസര്‍, വിള സംരംക്ഷണം തുടങ്ങിയ മേഖലകളില്‍ മികച്ച വളര്‍ച്ചാസാധ്യതയാണ് കാണുന്നത്.

സൂക്ഷ്മതയോടെ സമീപിക്കുക, സാധ്യതകളുണ്ട്

രാംകി, മാനേജിംഗ് ഡയറക്റ്റര്‍, ഷെയര്‍വെല്‍ത്ത് സെക്യൂരിറ്റീസ് ലിമിറ്റഡ്

കോവിഡിന്റെ രണ്ടാംതരംഗമാണ് ഇപ്പോള്‍ ആശങ്ക സൃഷ്ടിക്കുന്ന പ്രധാനകാര്യം. ശാസ്ത്രവും സാങ്കേതികവിദ്യയും അതിവേഗം പുരോഗമിക്കുന്ന ഇക്കാലത്ത് കോവിഡ് 19 വ്യാപനത്തെ പിടിച്ചുനിര്‍ത്താന്‍ സാധിക്കുമെന്ന് നമുക്ക് പ്രത്യാശിക്കാം. ഇന്ത്യന്‍ ഓഹരി വിപണി സര്‍വകാല റെക്കോര്‍ഡുകള്‍ ഭേദിച്ച് മുന്നേറി. പിന്നീട് ചെറിയ തിരുത്തലുകള്‍ സംഭവിച്ചു, ഇപ്പോള്‍ വീണ്ടും മുന്നേറുകയാണ്. ധാരാളം ഓഹരികള്‍ ഇപ്പോള്‍ ഉയര്‍ന്ന മൂല്യത്തിലാണ്. എന്നിരുന്നാലും ചെറുകിട നിക്ഷേപകര്‍ക്ക് ഇപ്പോഴും അവസരങ്ങളുണ്ട്. പക്ഷേ ഓഹരികള്‍ തെരഞ്ഞെടുക്കുന്നത് അങ്ങേയറ്റം സൂക്ഷ്മതയോടെ വേണമെന്ന് മാത്രം.

മേഖലകള്‍, ഓഹരികള്‍

ലോകം പാരമ്പര്യോതര ഊര്‍ജ്ജസ്രോതസ്സുകളിലേക്കും ഊര്‍ജ്ജത്തിലേക്കും തിരിയുകയാണ്. ബദല്‍ ഇന്ധനത്തിനുള്ള അന്വേഷണങ്ങളും പരീക്ഷണങ്ങളും ആ രംഗത്തെ സാധ്യതകളുമാണ് ലോകം തേടുന്നത്. സോളാര്‍ പവര്‍, ഗ്രീന്‍ ഹൈഡ്രജന്‍, ബ്ലൂ ഹൈഡ്രജന്‍ തുടങ്ങിയവയില്‍ വലിയ ഗവേഷണ പരീക്ഷണങ്ങള്‍ നടക്കുകയാണ്. ഈ ഊര്‍ജ്ജ സ്രോതസ്സുകളെ വികസിപ്പിച്ചെടുക്കാനുള്ള എക്വിപ്‌മെന്റുകള്‍, അത്തരം എക്വിപ്‌മെന്റുകള്‍ക്കുള്ള അസംസ്‌കൃതവസ്തുക്കള്‍ എന്നിവയ്‌ക്കെല്ലാം വലിയ സാധ്യതയുണ്ട്. ഇത് മെറ്റല്‍ ഓഹരികള്‍ക്കും നേട്ടമാകും.

കോവിഡ് രണ്ടാം തരംഗം രാജ്യത്ത് വര്‍ക്ക് ഫ്രം ഹോം പ്രവണത വീണ്ടും കൂട്ടും. ടെക്‌നോളജി, ഡിജിറ്റല്‍ കമ്പനികള്‍ക്ക് അത് നേട്ടമാകും. നിലവില്‍ ഇത്തരം കമ്പനികളുടെ ഓഹരികള്‍ ഉയര്‍ന്ന തലത്തിലാണെങ്കിലും ആ രംഗത്തും ചെറുകിട നിക്ഷേപകര്‍ക്ക് തെരഞ്ഞെടുക്കാന്‍ പറ്റിയ നല്ല ഓഹരികള്‍ ഇപ്പോഴുമുണ്ട്. ചെറുകിട നിക്ഷേപകര്‍ സെലക്ടീവായോ തീരു. ഓരോ കമ്പനികളെയും പഠിച്ച ശേഷം നിക്ഷേപം നടത്തുക.

അടുത്തവര്‍ഷം കോപ്പറിന് വലിയ നേട്ടമുണ്ടാകാന്‍ സാധ്യതയുണ്ട്. അതുകൊണ്ട കോപ്പര്‍ നിര്‍മാണരംഗത്തെ കമ്പനികള്‍ക്കും നേട്ട സാധ്യതകാണുന്നു. റിസ്‌കെടുക്കാന്‍ സാധിക്കുന്നവര്‍ക്ക് ഇന്ത്യ ആസ്ഥാനമായുള്ള ഖനന കമ്പനി, വേദാന്ത ലിമിറ്റഡ് പരിഗണിക്കാവുന്നത്. വേദാന്തയുടെ തൂത്തുക്കുടിയിലെ കോപ്പര്‍ സ്‌മെല്‍ട്ടിംഗ് പ്ലാന്റ് പൂട്ടിക്കിടക്കുകയാണ്. ഈ കമ്പനി അടച്ചുപൂട്ടും മുമ്പ് ഇന്ത്യ കോപ്പറിന്റെ കാര്യത്തിന്റെ നെറ്റ് എക്‌സ്‌പോര്‍ട്ടര്‍ ആയിരുന്നുവെങ്കില്‍ ഇപ്പോള്‍ നെറ്റ് ഇംപോര്‍ട്ടര്‍ ആണ്. തന്ത്രപരമായ ഈ പ്രാധാന്യം കണക്കിലെടുക്കുമ്പോള്‍ ഒരുപക്ഷേ സ്റ്റെര്‍ലൈറ്റിന്റെ കാര്യത്തില്‍ സെറ്റില്‍മെന്റ് വരാനിടയുണ്ട്. വേദാന്തയ്ക്ക് കടമേറെയുണ്ടെങ്കിലും അവരുടെ ഖനന മേഖലയിലെ സാന്നിധ്യം പരിഗണിക്കുമ്പോള്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഓഹരിയാണിത്.

ഈ രംഗത്തെ മറ്റൊരു കമ്പനി ഹിന്‍ഡാല്‍കോ ഇന്‍ഡസ്ട്രീസാണ്. ആദിത്യ ബിര്‍ള ഗ്രൂപ്പിന്റെ ഉപകമ്പനിയായ ഹിന്‍ഡാല്‍ക്കോയും നിക്ഷേപത്തിന് യോജിച്ചതാണ്. ഈ രംഗത്തെ പൊതുമേഖലാ കമ്പനികളെ നോക്കുകയാണെങ്കില്‍, ഹിന്ദുസ്ഥാന്‍ കോപ്പര്‍ നിക്ഷേപകര്‍ക്ക് പരിഗണിക്കാം.

ഞങ്ങള്‍ 3-4 വര്‍ഷമായി നിക്ഷേപകരോട് നിര്‍ദേശിക്കാറുള്ള ഓഹരിയാണ് അദാനി എന്റര്‍പ്രൈസസ്. കഴിഞ്ഞ വര്‍ഷത്തേതുമായി താരതമ്യം ചെയ്യുമ്പോള്‍ ഈ കമ്പനിയുടെ ഓഹരി വില 10 മടങ്ങിലേറെ വര്‍ധിച്ചിട്ടുണ്ട്. എന്നിട്ടും ഈ കമ്പനി നിക്ഷേപത്തിന് നിര്‍ദേശിക്കുമ്പോള്‍ പലര്‍ക്കും സംശയം കാണാം. റിസ്‌കെടുക്കാന്‍ താല്‍പ്പര്യമുള്ള ദീര്‍ഘകാല നിക്ഷേപകര്‍ക്ക് അദാനി എന്റര്‍പ്രൈസസ് നിക്ഷേപത്തിന് യോജിച്ചതാണ്.

കാരണം അദാനി എന്റര്‍പ്രൈസസിലെ പല കമ്പനികളും ഇനി ഡീമെര്‍ജ് ചെയ്യപ്പെട്ടേക്കാം. ഗ്രൂപ്പിന്റെ വെല്‍ത്ത് ക്രിയേറ്റിംഗ് രീതി നോക്കിയാല്‍ ഇത്തരം ഡീമെര്‍ജിംഗ് നിക്ഷേപകര്‍ക്ക് നേട്ടമാകാനാണ് സാധ്യത. എയര്‍പോര്‍ട്ട്, പോര്‍ട്ടുകള്‍ എന്നിവയില്‍ വമ്പന്മാരായ അദാനി ഗ്രൂപ്പിന്റെ കീഴിലുള്ള ഒരു കമ്പനി ക്ലൗഡ് ഡാറ്റ സെന്ററുകളുടെ കാര്യത്തില്‍ സൗത്ത് ഈസ്റ്റ് ഏഷ്യയിലെ തന്നെ മുന്‍നിരക്കാരാണ്. ഈ കമ്പനികളെല്ലാം തന്നെ ഭാവിയില്‍ ഡീമെര്‍ജ് ചെയ്യാനുള്ള സാധ്യതയുണ്ട്.

അടുത്തിടെ ഓഹരി വിപണിയിലെത്തിയ, കേരളത്തില്‍ നിന്നുള്ള ജൂവല്‍റി റീറ്റെയ്ല്‍ കമ്പനി കല്യാണ്‍ ജൂവല്ലേഴ്‌സും നിക്ഷേപകര്‍ക്ക് പരിഗണിക്കാവുന്ന ഒന്നാണ്. ഇഷ്യു പ്രൈസിനേക്കാള്‍ താഴ്ന്ന നിലയിലാണ് ഇപ്പോള്‍ ഓഹരി വില.

T.S Geena
T.S Geena  

Associate Editor

Related Articles

Next Story

Videos

Share it