
ഇന്ത്യന്‍ ഓഹരി വിപണി വലിയ ചാഞ്ചാട്ടത്തിലാണ്. ആഗോള വ്യാപാര ആശങ്കകളും അമേരിക്ക സാമ്പത്തിക മാന്ദ്യത്തിലേക്കെന്ന സൂചനകളുമൊക്കെ വിപണിയെ ചൊവ്വാഴ്ച 4 ശതമാനത്തിനടുത്ത് വീഴ്ത്തി. ഇന്നലെ വിപണി ഒരു ശതമാനത്തിലധികം തിരിച്ചു കയറുകയും ചെയ്തു. ഇത്ര വന്യമായ നീക്കങ്ങളിലൂടെ വിപണി കടന്നുപോകുമ്പോള്‍ നിക്ഷേപര്‍ എവിടെ നിക്ഷേപിക്കണമെന്ന കാര്യത്തില്‍ വലിയ ആശങ്കയുണ്ടാകാറുണ്ട്.
ഡൊണാള്‍ഡ് ട്രംപ് വിവിധ രാജ്യങ്ങള്‍ക്ക്‌മേല്‍ കനത്ത വ്യാപാരച്ചുങ്കം ഏര്‍പ്പെടുത്തിയതിന്റെ അനന്തരഫലമായാണ് ഇന്ത്യ ഉള്‍പ്പെടെയുള്ള വിപണികളില്‍ വന്‍ വീഴ്ചയുണ്ടായത്. മറ്റ് വിപണികളെ അപേക്ഷിച്ച് താരതമ്യേന കുറഞ്ഞ താരിഫാണ് ഇന്ത്യയ്ക്കുമേല്‍ ചുമത്തിയതെന്നത് വലിയ പ്രത്യാഘാതം ഇന്ത്യയിലുണ്ടാക്കില്ലെന്നാണ് കരുതുന്നത്. എന്നാലും ഇപ്പോഴത്തെ ചാഞ്ചാട്ടം കണക്കിലെടുക്കുമ്പോള്‍ മ്യൂച്വല്‍ഫണ്ട് നിക്ഷേപകരും ജാഗ്രതയോടെ നീങ്ങണമെന്നാണ് വിദഗ്ധര്‍ ഉപദേശിക്കുന്നത്.
വിപണി താഴുമ്പോള്‍ നിക്ഷേപിക്കുക എന്ന തത്വമാണ് പൊതുവേ പറയാറുള്ളതെങ്കിലും മാര്‍ക്കറ്റ് തകര്‍ച്ചയും ഇക്വിറ്റി മ്യൂച്വല്‍ ഫണ്ടുകളുടെ നെറ്റ് അസറ്റ് വാല്യു (എൻ എ വി) ആകര്‍കമായ നിലവാരത്തിലെത്തിയതും കൊണ്ടു മാത്രം ഇക്വിറ്റി ഫണ്ടുകളില്‍ നിക്ഷേപം നടത്തേണ്ടതില്ലെന്നാണ് ഗുഡ്മണിയിംഗ് ഡോട്ട് കോമിന്റെ സ്ഥാപകന്‍ മണികരണ്‍ സിംഗാള്‍ ഉപദേശിക്കുന്നത്. കാര്യമായ വാങ്ങലോ വില്‍ക്കലോ ഇപ്പോള്‍ നടത്താതിരിക്കുന്നതാണ് ഉചിതം. ഏഴോ അതില്‍ കൂടുതലോ വര്‍ഷങ്ങളിലേക്ക് നിക്ഷേപം നടത്താന്‍ സാധിക്കുന്നവര്‍ക്ക് ഇപ്പോള്‍ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാന്‍ (എസ്.ഐ.പി) വഴി നിക്ഷേപിക്കാമെന്നും അദ്ദേഹം പറയുന്നു. മൂന്ന് വര്‍ഷത്തില്‍ താഴെ മാത്രം നിക്ഷേപിക്കുന്നവര്‍ ഇക്വിറ്റി മ്യൂച്വല്‍ഫണ്ടുകളില്‍ നിന്ന് മാറിനില്‍ക്കാനും അത്തരക്കാര്‍ക്ക് മ്യൂച്വല്‍ഫണ്ട് എസ്.ഐ.പികളേക്കാള്‍ ബാലന്‍സ്ഡ് അഡ്വാന്റേജ് ഫണ്ട് പ്രയോജനപ്പെടുത്താമെന്നുമാണ് അദ്ദേഹത്തിന്റെ ഉപദേശം.
എന്നാല്‍ ഇതില്‍ നിന്ന് വ്യത്യസ്തമായ ഉപദേശമാണ് സെബി രജിസ്‌ട്രേഡ് ടാക്‌സ് ആന്‍ഡ് ഇന്‍വെസ്റ്റ്‌മെന്റ് എക്‌സ്‌പേര്‍ട്ടായ ജിതേന്ദ്ര സോളങ്കി നല്‍കുന്നത്. എസ്.ഐ.പി നിക്ഷേപകര്‍ക്ക് അവരുടെ നിക്ഷേപകാലയളവിലെ എന്‍.എ.വിയുടെ ശരാശരിയെ അടിസ്ഥാനപ്പെടുത്തിയാണ് റിട്ടേണ്‍ ലഭിക്കുക. വിപണി താഴേക്ക് പോകുന്ന സമയത്ത് എന്‍.എ.വി ഇടിയുകയും മാസം നിക്ഷേപിച്ചു വരുന്ന അതേ തുകയില്‍ കൂടുതല്‍ യൂണിറ്റുകള്‍ നേടാനാകുകയും ചെയ്യും. അതേപോലെ തിരിച്ച് വിപണികയറി തുടങ്ങുമ്പോള്‍ എന്‍.എ.വി ഉയരുകയും അതേ നിക്ഷേപതുകയ്ക്ക് വാങ്ങാവുന്ന യൂണിറ്റുകളുടെ എണ്ണം കുറയുകയും ചെയ്യും. മ്യൂച്വല്‍ഫണ്ട് എസ്.ഐ.പി നിക്ഷേപകര്‍ക്ക് വിപണിയുടെ ഉയര്‍ച്ച താഴ്ചകളെ കുറിച്ച് ആവലാതി വേണ്ട. താഴുമ്പോള്‍ വിപണിയിലേക്ക് പ്രവേശിക്കാനുള്ള അവസരമായി കാണാനാണ് ജിതേന്ദ്ര സോളങ്കി പറയുന്നത്.
ഭയപ്പെടാതെ ഫിനാന്‍ഷ്യല്‍ ഗോള്‍ സെറ്റ് ചെയ്ത് മുന്നോട്ടുപോകാനാണ് മിക്ക ഉപദേശകരും നിക്ഷപകരോട് ഇപ്പോഴത്തെ അവസരത്തില്‍ പറയുന്നത്.
നിക്ഷേപകര്‍ അവരുടെ സിസ്റ്റമാറ്റിക് ഇന്‍വെസ്റ്റ്‌മെന്റ് പ്ലാനുകള്‍ (എസ്‌ഐപി) തുടരണമെന്നാണ് ഐ.സി.ഐ.സി.ഐ പ്രൂഡന്‍ഷ്യല്‍ മ്യൂച്വല്‍ ഫണ്ടിന്റെ ഇ.ഡിയും സി.ഐ.ഒയുമായ എസ്. നരേന്‍ പറയുന്നത്. പ്രത്യേകിച്ചും വിപണി തിരുത്തലുകളുടെ സമയത്ത്. പുതിയ എസ്‌ഐപികള്‍ ആരംഭിക്കാന്‍ ആഗ്രഹിക്കുന്നവര്‍ക്ക്, ലാര്‍ജ് ക്യാപ് ഫണ്ടുകളില്‍ നിന്ന് ആരംഭിക്കുന്നത് വിവേകപൂര്‍ണ്ണമായ തന്ത്രമായിരുക്കും. തുടര്‍ന്ന് ഫ്‌ളെക്‌സി-ക്യാപ്, മൂല്യാധിഷ്ഠിത സമീപനങ്ങള്‍ പിന്തുടരാമെന്നും അദ്ദേഹം പറയുന്നു.
Read DhanamOnline in English
Subscribe to Dhanam Magazine