വീണ്ടും സുചേത ദലാല്‍; ലക്ഷ്യം വമ്പന്മാരോ?

രാജ്യം പത്മശ്രീ പുരസ്‌കാരം നല്‍കി ആദരിച്ച ഒരു സാമ്പത്തിക കാര്യ മാധ്യമപ്രവര്‍ത്തകയുടെ ട്വീറ്റിനെ ചുറ്റിപ്പറ്റിയുള്ള വാര്‍ത്തകള്‍ നിലയ്ക്കുന്നില്ല. ഓഹരി വിപണിയില്‍ മറ്റൊരു കുംഭകോണത്തിന്റെ സൂചന നല്‍കുന്നതാണ് 35 വര്‍ഷത്തിലേറെക്കാലമായി രാജ്യത്തെ ഫിനാന്‍ഷ്യല്‍ ജേര്‍ണലിസം രംഗത്തുള്ള സുചേത ദലാലിന്റെ ട്വീറ്റ്. അതില്‍ മുന്‍ ധനമന്ത്രിയുടെ പങ്ക് കൂടി ചൂണ്ടിക്കാട്ടിയതാണ് വലിയ ചര്‍ച്ചകള്‍ക്ക് വഴി വെച്ചിരിക്കുന്നത്.

ഓഹരി വിപണിയിലെ ഒരു കുംഭകോണവും മുന്‍ ധനമന്ത്രി ചിദംബരം അറിയാതെ നടക്കാനിടയില്ലെന്ന ആരോപണങ്ങള്‍ ചിലര്‍ ഉയര്‍ത്തുന്നുണ്ട്. സുചേത ദലാല്‍ സൂചന നല്‍കുന്ന മുന്‍ ധനമന്ത്രി ചിദംബരമാണെന്നാണ് ഇവരുടെ വാദം. ട്വീറ്റില്‍ സൂചിപ്പിക്കുന്ന കമ്പനി അദാനി ഗ്രൂപ്പാണെന്ന വാദവും ശക്തമാണ്.

ഇന്ത്യന്‍ ഓഹരി വിപണിയെ പിടിച്ചുലച്ച ഹര്‍ഷദ് മേത്ത കുംഭകോണം, സിആര്‍ ബന്‍സാലി കുംഭകോണം എന്നിവയെല്ലാം പുറത്തുകൊണ്ടുവന്നത് സുചേത ദലാലാണ്. ടൈംസ് ഓഫ് ഇന്ത്യയിലെ ഫിനാന്‍ഷ്യല്‍ എഡിറ്ററായിരുന്ന സുചേത ദലാല്‍ എന്റോണ്‍ പോലെ സ്‌ഫോടനാത്മകമായ പല വാര്‍ത്തകളും പുറം ലോകത്തെ ആദ്യം അറിയിച്ചിട്ടുണ്ട്. ഇപ്പോള്‍ മണിലൈഫ് മാഗസിന്റെ മാനേജിംഗ് എഡിറ്ററാണ്. രാജ്യത്തെ ജനങ്ങള്‍ക്ക് സാമ്പത്തിക സാക്ഷരത ഉറപ്പാക്കാനും സാമ്പത്തിക രംഗത്ത് മാര്‍ഗനിര്‍ദേശങ്ങള്‍ നല്‍കാനും മണിലൈഫ് ഫൗണ്ടേഷനും ഇവര്‍ സ്ഥാപിച്ചിട്ടുണ്ട്.

ബോംബെ സര്‍വകലാശാലയില്‍ നിന്ന് എല്‍ എല്‍ ബിയും എല്‍ എല്‍ എം നേടിയിട്ടുള്ള സുചേത ദലാലിന്റെ ഏറ്റവും പുതിയ ട്വീറ്റിലെ ഒളിയമ്പ് ഗൗതം അദാനിക്കും ചിദംബരത്തിനും നേരെയാണെങ്കില്‍ മറ്റൊരു വലിയ കുംഭകോണ വാര്‍ത്തയാകും ഇനി അനാവരണം ചെയ്യപ്പെടുക.

ഹര്‍ഷദ് മേത്ത കുംഭകോണത്തെ അടിസ്ഥാനമാക്കി ദി സ്‌കാം: ഹു വോണ്‍, ഹു ലോസ്റ്റ്, ഹൂ ഗോട്ട് എവെ എന്ന പുസ്തകവും എ ഡി ഷ്രോഫിന്റെ ജീവചരിത്രവും ഭര്‍ത്താവ് ദേബാശിഷ് ബസുവുമായി ചേര്‍ന്ന് സുചേത ദലാല്‍ എഴുതിയിട്ടുണ്ട്. സുചേത ദലാലിന്റെ ഏറ്റവും പുതിയ പുസ്തകമായ ആബ്‌സല്യൂട്ട് പവര്‍ അടുത്തിടെയാണ് പ്രകാശനം ചെയ്തത്.

ഇപ്പോഴത്തെ ട്വീറ്റ് ആ പുസ്തകത്തിന് വേണ്ടിയുള്ള പബ്ലിസിറ്റിയാണെന്നും ഒരു വിഭാഗം വാദമുയര്‍ത്തുന്നുണ്ട്. പക്ഷേ, സുചേത ദലാലിനെ പോലുള്ള മുതിര്‍ന്ന മാധ്യമപ്രവര്‍ത്തക അടിസ്ഥാനരഹിതമായ, സ്വന്തം പുസ്തകത്തിന്റെ വില്‍പ്പന കൂട്ടാന്‍ ലക്ഷ്യമിട്ട് ഇത്തരത്തിലുള്ള ട്വീറ്റുകള്‍ നടത്തില്ലെന്നും മറ്റൊരു വാദം ശക്തമായുണ്ട്.


Related Articles
Next Story
Videos
Share it