

വിവിധതരം പ്രകൃതി വിഭവങ്ങളുടെ ഖനനം, സംസ്കരണം, പര്യവേഷണം തുടങ്ങിയ പ്രവർത്തനങ്ങളിൽ ശ്രദ്ധയൂന്നിയിട്ടുള്ള ഇന്ത്യയിലെ വമ്പൻ കമ്മോഡിറ്റി കമ്പനിയായ വേദാന്ത ലിമിറ്റഡിന്റെ (BSE: 500295, NSE: VEDL) പുനഃസംഘടന അവസാനഘട്ടത്തിലേക്ക്. വേദാന്ത കമ്പനിയെ വിഭജിച്ച് അഞ്ച് സ്വതന്ത്ര ലിസ്റ്റഡ് കമ്പനികളാക്കി മാറ്റുമ്പോൾ, നിലവിലുള്ള വേദാന്ത ഓഹരിയുടെ വിപണി വില അതനുസരിച്ച് ക്രമീകരിക്കുന്നതിനുള്ള നടപടികൾ നാളെ (ഏപ്രിൽ 30) അരങ്ങേറുന്നതായിരിക്കും. കമ്പനി വിഭജിക്കുമ്പോൾ പുതിയ 4 ഓഹരികൾ നിക്ഷേപകർക്ക് കൈമാറുന്നതിനുള്ള അർഹത നിശ്ചയിക്കപ്പെടുന്ന റെക്കോഡ് തീയതിയായി മേയ് ഒന്ന് ആണ് വേദാന്ത നേതൃത്വം തീരുമാനിച്ചിരുന്നത്.
എന്നാൽ മേയ് ഒന്നിന് ഇന്ത്യൻ വിപണി അവധി ആയതിനാൽ, മറ്റ് നാല് കമ്പനികൾ വിഭജിക്കപ്പെട്ടതിനുശേഷം മിച്ചംവരുന്ന വേദാന്ത ഓഹരിയുടെ വിപണി വില തിട്ടപ്പെടുത്താനുള്ള എക്സ്-ഡിമെർജർ തീയതിയായി ഏപ്രിൽ 30 മാറുകയായിരുന്നു. വ്യാഴാഴ്ച രാവിലെ 9.15 മുതൽ 9.45 വരെ നീണ്ടുനിൽക്കുന്ന പ്രത്യേക പ്രീ-ഓപ്പൺ സെഷനിലൂടെയാകും 'മിച്ചമുള്ള' വേദാന്ത ഓഹരിയുടെ വിപണി വില ക്രമീകരിക്കപ്പെടുക. പുതിയ 4 സ്വതന്ത്ര കമ്പനികളുടെ കീഴിലേക്ക് മാറ്റപ്പെടുന്ന ആസ്തികൾ തട്ടിക്കിഴിക്കുമ്പോൾ, 300-325 രൂപ നിലവാരത്തിനിടയിലാകും വേദാന്ത ഓഹരിയുടെ വ്യാപാരം പുനരാരംഭിക്കാൻ സാധ്യതയെന്നാണ് പ്രമുഖ ആഭ്യന്തര ബ്രോക്കറേജ് സ്ഥാപനമായ ഐ.സി.ഐ.സി.ഐ സെക്യൂരിറ്റീസിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
അർഹതയുള്ള നിക്ഷേപകർക്ക്, നിലവിലെ ഓരോ വേദാന്ത ലിമിറ്റഡ് ഓഹരിക്കും പുതുതായി രൂപീകരിക്കുന്ന 4 ലിസ്റ്റഡ് കമ്പനികളുടെയും ഓരോ ഓഹരികൾ വീതം സൗജന്യമായി ലഭിക്കുന്നതായിരിക്കും. അതായത് നിലവിൽ ഒരു വേദാന്ത ഓഹരി കൈവശമുള്ളവർക്ക്, ഡിമെർജർ നടപടി പൂർത്തിയാകുമ്പോൾ ആകെ 5 വ്യത്യസ്ത ലിസ്റ്റഡ് കമ്പനികളുടെ ഓഹരി ഉടമയാകുമെന്ന് സാരം. റെക്കോഡ് തീയതിക്കുശേഷം വരുന്ന 4 മുതൽ 8 ആഴ്ചകൾക്കുള്ളിൽ പുതിയ 4 കമ്പനികളുടെയും ഓഹരികൾ വിപണിയിൽ ലിസ്റ്റ് ചെയ്യുന്നതായിരിക്കും.
വേദാന്ത അലുമിനിയം — ലോകോത്തര നിലവാരമുള്ള അലുമിനിയം ഉൽപ്പാദനം.
വേദാന്ത ഓയിൽ & ഗ്യാസ് — കെയ്ൻ ഇന്ത്യയുടെ കീഴിലുള്ള എണ്ണ-വാതക പര്യവേഷണം.
വേദാന്ത പവർ — ഊർജ്ജ ഉൽപ്പാദന മേഖല.
വേദാന്ത സ്റ്റീൽ ആൻഡ് ഫെറസ് മെറ്റീരിയൽസ് — ഇരുമ്പ്, ഉരുക്ക് ബിസിനസ്.
വേദാന്ത ലിമിറ്റഡ് — നിലവിലെ കമ്പനിയിൽ ഹിന്ദുസ്ഥാൻ സിങ്ക്, സെമികണ്ടക്ടർ, കോപ്പർ ബിസിനസ്സുകൾ എന്നിവ നിലനിൽക്കും.
അതേസമയം മേയ് പകുതിയോടെ ഡിമെർജർ നടപടികൾ പൂർത്തിയാക്കി പുതിയ 4 ഓഹരികളും നിക്ഷേപകരുടെ അക്കൗണ്ടിൽ ക്രെഡിറ്റ് ചെയ്യുമെന്ന് വേദാന്ത കമ്പനിയുടെ സി.എഫ്.ഒ പ്രഖ്യാപിച്ചിട്ടുണ്ട്. എന്നിരുന്നാലും മേയ് അവസാനത്തോടെയോ ജൂൺ ആദ്യത്തോടെയോ മാത്രമേ മറ്റ് നാല് കമ്പനികളുടെ ഓഹരികൾ ക്രെഡിറ്റ് ചെയ്യപ്പെട്ട്, എൻ.എസ്.ഇ, ബി.എസ്.ഇ തുടങ്ങിയ സ്റ്റോക്ക് എക്സ്ചേഞ്ചുകളിൽ ലിസ്റ്റിംഗ് നടക്കാൻ സാധ്യതയുള്ളൂ എന്നാണ് മാർക്കറ്റ് അനലിസ്റ്റുകൾ മുൻകാല ഡിമെർജർ ചരിത്രങ്ങളുടെ പശ്ചാത്തലത്തിൽ സൂചിപ്പിച്ചത്.
"വേദാന്ത ഗ്രൂപ്പിന്റെ കടബാധ്യതകൾ ഓരോ കമ്പനികൾക്കുമായി വിഭജിച്ചു നൽകുന്നതിലൂടെ മൊത്തത്തിലുള്ള സാമ്പത്തിക ബാധ്യത കുറയ്ക്കാനും കമ്പനികളുടെ വളർച്ചയ്ക്ക് ആവശ്യമായ പുതിയ നിക്ഷേപങ്ങൾ കണ്ടെത്താനും ഇനി എളുപ്പമാകും. ഇന്ത്യയിലെ അടിസ്ഥാന സൗകര്യ വികസന മേഖലയുടെ മുന്നേറ്റം വേദാന്തയുടെ അലുമിനിയം, സ്റ്റീൽ ബിസിനസ്സുകൾക്ക് ഗുണകരമാണ്. എന്നാൽ ലോഹങ്ങളുടെ വിലയിലുണ്ടാകുന്ന ആഗോള വിപണിയിലെ മാറ്റങ്ങൾ കമ്പനിയുടെ ലാഭക്ഷമതയെ നേരിട്ട് ബാധിക്കുകയും ചെയ്യാം. വേദാന്ത എപ്പോഴും ഉയർന്ന ഡിവിഡന്റ് നൽകുന്ന കമ്പനിയാണ്. വിഭജനത്തിന് ശേഷവും ഓരോ കമ്പനികളും ലാഭത്തിന്റെ ഒരു വിഹിതം നിക്ഷേപകർക്ക് നൽകുന്നത് തുടരാനാണ് സാധ്യത," എന്ന് സെബി അംഗീകൃത റിസർച്ച് അനലിസ്റ്റ് ആയ സനൽ പി (Reg No: INH000022880) പറഞ്ഞു.
"ഒരു 'ഹോൾഡിംഗ് കമ്പനി' എന്ന നിലയിൽ നിന്ന് മാറി, ഓരോ ബിസിനസ്സും സ്വതന്ത്രമാകുന്നതോടെ അവയുടെ യഥാർത്ഥ മൂല്യം വിപണിയിൽ വെളിവാകും (Value Unlocking) എന്ന മെച്ചവുമുണ്ട്. ഈയൊരു പശ്ചാത്തലത്തിൽ ദീർഘകാല നിക്ഷേപകർക്ക് വേദാന്ത കമ്പനിയുടെ വിഭജനം വലിയൊരു അവസരമാണ് നൽകുന്നത്. അഞ്ച് കമ്പനികളുടെ ഉടമസ്ഥാവകാശം ലഭിക്കുന്നത് പോർട്ട്‌ഫോളിയോ വൈവിധ്യവൽക്കരിക്കാൻ സഹായിക്കും. എന്നാൽ ഹ്രസ്വകാല ലാഭം ലക്ഷ്യമിടുന്നവർ വിഭജന പ്രക്രിയയിലെ സങ്കീർണ്ണതകളും ലിസ്റ്റിംഗ് സമയവും കൂടി കണക്കിലെടുത്ത് വേണം നിക്ഷേപം നടത്താൻ," സനൽ പി പറഞ്ഞു.
(Disclaimer: പഠനാവശ്യം മുന്‍നിര്‍ത്തി പങ്കുവെക്കുന്ന ഈ വിവരങ്ങള്‍ നിക്ഷേപ തീരുമാനങ്ങള്‍ക്കുള്ള ശുപാര്‍ശയല്ല. ഓഹരി നിക്ഷേപം വിപണിയുടെ ലാഭനഷ്ട സാധ്യതകള്‍ക്ക് വിധേയമായതിനാല്‍ നിക്ഷേപത്തിന് മുമ്പ് സ്വന്തം നിലയില്‍ കമ്പനിയെ കുറിച്ച് കൂടുതല്‍ പഠിക്കുകയോ, സെബി (SEBI) അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ ചെയ്യേണ്ടതുണ്ട്.)
Read DhanamOnline in English
Subscribe to Dhanam Magazine