

ഐ.ടി ഓഹരികളിലെ ഇടിവ് നിക്ഷേപകരെ ആശങ്കപ്പെടുത്തുന്നുണ്ടെങ്കിലും, ചില ബ്രോക്കറേജ് സ്ഥാപനങ്ങള്‍ ഇത് നിക്ഷേപത്തിനുള്ള അപൂര്‍വ അവസരമായി കാണുന്നു. 2026ല്‍ ഇതുവരെ ഏകദേശം 21% ഇടിഞ്ഞ ഇന്ത്യന്‍ ഐടി ഓഹരികള്‍ ഇപ്പോള്‍ ആകര്‍ഷകമായ മൂല്യനിര്‍ണയത്തിലേക്ക് (valuation) എത്തിയെന്നാണ് നുവാമ വെല്‍ത്ത് മാനേജ്‌മെന്റിന്റെ വിലയിരുത്തല്‍. കോഫോര്‍ജ് (Coforge), ഇന്‍ഫോസിസ് (Infosys), ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ് (TCS) തുടങ്ങിയ കമ്പനികളുടെ ഓഹരികള്‍ ദീര്‍ഘകാല നിക്ഷേപത്തിനായി ശ്രദ്ധിക്കാവുന്നതാണെന്നാണ് ബ്രോക്കറേജ് സ്ഥാപനം പറയുന്നത്.
കഴിഞ്ഞ ഏതാനും മാസങ്ങളായി ഇന്ത്യന്‍ ഐടി മേഖലയിലെ ഓഹരികള്‍ ശക്തമായ സമ്മര്‍ദ്ദത്തിലാണ്. ആഗോള സാമ്പത്തിക അനിശ്ചിതത്വം, ടെക്നോളജി ചെലവില്‍ കമ്പനികളുടെ നിയന്ത്രണം, ജനറേറ്റീവ് എഐയുടെ സ്വാധീനം, യുഎസ്-യൂറോപ്പ് മേഖലകളിലെ ഡിമാന്‍ഡ് മന്ദഗതി തുടങ്ങിയ വിഷയങ്ങള്‍ ഐ.ടി ഓഹരികളുടെ മൂല്യനിര്‍ണയത്തെ ബാധിക്കുകയും വിപണിയില്‍ വില്‍പന സമ്മര്‍ദ്ദം വര്‍ധിക്കുകയും ചെയ്തു. എന്നാല്‍ നുവാമയുടെ വിലയിരുത്തല്‍ പ്രകാരം, ഇപ്പോഴത്തെ ഇടിവ് മൂലം ഐടി ഓഹരികള്‍ ദീര്‍ഘകാല ശരാശരി മൂല്യത്തേക്കാള്‍ താഴെ എത്തിയിട്ടുണ്ട്. വലിയ ഐടി കമ്പനികളുടെ ഓഹരികള്‍ കഴിഞ്ഞ 15 വര്‍ഷത്തെ ശരാശരി മതിപ്പു വിലയേക്കാള്‍ മതിപ്പിനേക്കാള്‍ താഴെ. ദീര്‍ഘകാല നിക്ഷേപകര്‍ക്ക് പ്രവേശിക്കാന്‍ നല്ല അവസരം.
ഐടി മേഖലയിലെ മിഡ്ക്യാപ് കമ്പനികളില്‍ കോഫോര്‍ജിനെ ഏറ്റവും ആകര്‍ഷകമായ ഓഹരിയായി നുവാമ വിലയിരുത്തുന്നു. ഓഹരി വിലയില്‍ ഉണ്ടായ ഇടിവ് അത്രയേറെ ശക്തം. കമ്പനിയുടെ വലിയ ഡീലുകള്‍, സ്ഥിരതയുള്ള വളര്‍ച്ച, ഡിജിറ്റല്‍ സേവനങ്ങളിലെ ശക്തമായ സാന്നിധ്യം എന്നിവയെ അടിസ്ഥാനമാക്കിയാണ് ഈ വിലയിരുത്തല്‍. ഇന്‍ഫോസിസ്, ടി.സി.എസ് എന്നിവയും ദീര്‍ഘകാല നിക്ഷേപത്തിനായി ശ്രദ്ധിക്കാം. ആഗോള ഔട്ട്സോഴ്സിംഗ് മോഡല്‍ ഇപ്പോഴും ശക്തമാണെന്നും ഡിജിറ്റല്‍ ട്രാന്‍സ്ഫോര്‍മേഷന്‍, ക്ലൗഡ്, എഐ സേവനങ്ങള്‍ എന്നിവയിലൂടെ ഐടി കമ്പനികള്‍ക്ക് ഭാവിയില്‍ പുതിയ അവസരങ്ങള്‍ ഉണ്ടാകുമെന്നും വിദഗ്ധര്‍ ചൂണ്ടിക്കാട്ടുന്നു.
ഐടി മേഖലയില്‍ നിക്ഷേപകരെ ആശങ്കപ്പെടുത്തുന്ന പ്രധാന വിഷയമാണ് ജനറേറ്റീവ് എഐ. എഐ പരമ്പരാഗത ഔട്ട്സോഴ്സിംഗ് ബിസിനസിനെ ബാധിക്കുമോ എന്ന ആശങ്കയുണ്ടെങ്കിലും, പല വിദഗ്ധരും ഇതിനെ പുതിയ സേവനാവസരങ്ങളിലേക്ക് തുറക്കുന്ന വാതില്‍ എന്ന നിലയിലാണ് കാണുന്നത്. ഡിജിറ്റല്‍ ട്രാന്‍സ്ഫര്‍മേഷന്‍, ഓട്ടോമേഷന്‍, എഐ ഇന്റഗ്രേഷന്‍ തുടങ്ങിയ മേഖലകളില്‍ ഐടി കമ്പനികള്‍ക്ക് കൂടുതല്‍ പ്രോജക്ടുകള്‍ ലഭിക്കാന്‍ സാധ്യതയുണ്ടെന്നാണ് വിലയിരുത്തല്‍.
ഐടി മേഖലയിലെ ഭാവി നീക്കം വിലയിരുത്തുമ്പോള്‍ നിക്ഷേപകര്‍ ശ്രദ്ധിക്കേണ്ട പ്രധാന ഘടകങ്ങള്‍ ഇവയാണ്: യുഎസ്, യൂറോപ്പ് മേഖലയിലെ ഐടി ചെലവിന്റെ ട്രെന്‍ഡ്. വലിയ ഡീലുകള്‍. എഐ സേവനങ്ങളിലേക്കുള്ള കമ്പനികളുടെ മാറ്റം, കറന്‍സി വിനിമയത്തിലെ മാറ്റങ്ങള്‍.
അറിയിപ്പ്: പഠനാവശ്യം മുന്‍നിര്‍ത്തിയുള്ള ഈ കുറിപ്പ് നിക്ഷേപ നിര്‍ദേശമായി കാണരുത്. ഓഹരി വിപണിയിലെ ഏതു നിക്ഷേപത്തിനും മുമ്പ് വിദഗ്ധരുടെ അഭിപ്രായം തേടുക.
Read DhanamOnline in English
Subscribe to Dhanam Magazine