ഐ.ടി. ഓഹരികള്‍ക്ക് നവോന്മേഷം, 5% കടന്ന് ഇന്‍ഫോസിസ്, എന്താണ് കാരണം?

AI പ്രോജക്ടുകള്‍ പുതിയ വളര്‍ച്ചാ ഘടകമായി ഉയര്‍ന്നുവരുന്നുവെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. എങ്കിലും, എ.ഐ വരുമാനം വലിയ തോതില്‍ പ്രതിഫലിക്കാന്‍ സമയം എടുക്കുമെന്ന സൂചനകളും മാനേജ്മെന്റ് നല്‍കുന്നുണ്ട്
three people working on a computer infosys logo
canva, Facebook / infosys
Published on

ഇന്ത്യന്‍ ഓഹരി വിപണിക്ക് ഇന്ന് പുതിയ ആവേശം. സൂചികകള്‍ പച്ചയില്‍. ഐടി മേഖലയില്‍ ആത്മവിശ്വാസം കൂടി. ഫിനാന്‍ഷ്യല്‍ ഓഹരികളിലെ വാങ്ങല്‍ ശക്തമായി. ഹൈലൈറ്റ് ഐടി ഓഹരികള്‍ തന്നെ. ഇന്‍ഫോസിസ് കുതിച്ചത് അഞ്ചു ശതമാനത്തിലേറെ.

ഇന്‍ഫോസിസിന്റെ ശക്തമായ ഔട്ട്ലുക്ക് ഐടി മേഖലയിലെ മനോഭാവം മാറ്റിയിരിക്കുകയാണ്. വരുമാനം സംബന്ധിച്ച ശുഭപ്രതീക്ഷ ഇന്‍ഫോസിസ് പങ്കുവെച്ചത് ആഗോള സാമ്പത്തിക അനിശ്ചിതത്വങ്ങള്‍ക്കിടയിലും ക്ലയന്റ് ചെലവുകള്‍ സ്ഥിരത പുലര്‍ത്തുന്നുവെന്ന സൂചനയാണ് നല്‍കുന്നത്. ഇത് ഐടി മേഖലയിലെ ഡിമാന്‍ഡ് ഇടിവിനെക്കുറിച്ചുള്ള ആശങ്ക കുറച്ചു. ഏറ്റവും മോശം ഘട്ടം പിന്നിട്ടുവെന്ന കാഴ്ചപ്പാട് ശക്തമായി. ടി.സി.എസ്, എച്ച്.സി.എല്‍ ടെക് എന്നിവയുടെ ക്വാര്‍ട്ടര്‍ ഫലങ്ങള്‍ അനലിസ്റ്റുകളുടെ വിലയിരുത്തലിനോട് ചേര്‍ന്നതാണ്. വളര്‍ച്ച മന്ദഗതിയിലായാലും, ലാഭത്തില്‍ വലിയ തിരിച്ചടി ഉണ്ടായിട്ടില്ല എന്നതാണത്.

ഈ സീസണില്‍ വ്യക്തമായി കാണുന്ന ഒരു ട്രെന്‍ഡ് - ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് (AI) അധിഷ്ഠിത ഡീലുകളില്‍ നിന്നുള്ള വരുമാനമാണ്. AI പ്രോജക്ടുകള്‍ പുതിയ വളര്‍ച്ചാ ഘടകമായി ഉയര്‍ന്നുവരുന്നുവെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍. എങ്കിലും, എ.ഐ വരുമാനം വലിയ തോതില്‍ പ്രതിഫലിക്കാന്‍ സമയം എടുക്കുമെന്ന സൂചനകളും മാനേജ്മെന്റ് നല്‍കുന്നുണ്ട്.

വില ഇപ്പോള്‍ ആകര്‍ഷകം

ഇന്നത്തെ പോസിറ്റീവ് ചലനങ്ങള്‍ക്കിടയിലും, നിഫ്റ്റി ഐ.ടി കഴിഞ്ഞ ഒരു വര്‍ഷത്തിനിടെ ഏകദേശം 10% ഇടിവിലാണ്. ഇതോടെ ഐടി ഓഹരികളുടെ വില കൂടുതല്‍ ആകര്‍ഷകമായി. ദീര്‍ഘകാല നിക്ഷേപകര്‍ ഐ.ടി ഓഹരികളിലേക്ക് മടങ്ങിവരുന്നതിന് ഇതാണ് പ്രധാന കാരണം.

പുതിയ ലേബര്‍ കോഡുകള്‍ മൂലം മാര്‍ജിനുകളില്‍ വലിയ തിരിച്ചടി ഉണ്ടാകുമെന്ന ആശങ്കയും ഇപ്പോള്‍ കുറഞ്ഞിട്ടുണ്ട്. ചെലവിന്റെ ആഘാതം ഘട്ടംഘട്ടമായി മാത്രമേ പ്രതിഫലിക്കുകയുള്ളുവെന്നാണ് കമ്പനികളുടെ വിലയിരുത്തല്‍.

ഇന്ന് മാര്‍ക്കറ്റ് ക്ലോസിന് ശേഷം വിപ്രോ, ടെക് മഹീന്ദ്ര എന്നീ കമ്പനികളുടെ ഫലങ്ങളാണ് പുറത്തുവരുന്നത്. ഡിമാന്‍ഡ് ട്രെന്‍ഡുകളെക്കുറിച്ചും AI ഡീലുകളെക്കുറിച്ചുമുള്ള മാനേജ്മെന്റ് വിലയിരുത്തല്‍ അടുത്ത ട്രേഡിംഗ് സെഷനിലെ ഓഹരി ചലനങ്ങളെ നിര്‍ണയിക്കും.

മൊത്തത്തിലുള്ള വിപണി ചിത്രം

ഐടിക്ക് പുറമെ, ഫിനാന്‍ഷ്യല്‍ ഓഹരികളും വിപണിയെ പിന്തുണയ്ക്കുകയാണ്. ഇന്ന് എച്ച്.ഡി.എഫ്.സി ലൈഫ് ഇന്‍ഷുറന്‍സ് ഓഹരികളില്‍ ഏകദേശം 24.1 ലക്ഷം ഓഹരികള്‍ ബ്ലോക്ക് ഡീലിലൂടെ കൈമാറി. മൊത്തത്തില്‍, വിപണിയിലെ മനോഭാവം ഇപ്പോള്‍ പോസിറ്റീവാണ്. എങ്കിലും, നിക്ഷേപകര്‍ ഇപ്പോഴും സൂക്ഷ്മത പാലിച്ചാണ് നീങ്ങുന്നത്. ഓഹരി കേന്ദ്രീകൃതമായ സമീപനവും, ഡാറ്റ അടിസ്ഥാനത്തിലുള്ള തീരുമാനങ്ങളും തന്നെയാകും അടുത്ത ദിവസങ്ങളിലും വിപണിയെ നയിക്കുക.

Read DhanamOnline in English

Subscribe to Dhanam Magazine

Related Stories

No stories found.
logo
DhanamOnline
dhanamonline.com