വിപണിമൂല്യത്തില്‍ എച്ച്.ഡി.എഫ്.സിയെ പിന്തള്ളി ഐ.ടി.സി ഏഴാം സ്ഥാനത്ത്

ഇന്ത്യന്‍ ഓഹരി വിപണിയില്‍ ലിസ്റ്റ് ചെയ്യപ്പെട്ട കമ്പനികളില്‍ ഏറ്റവും മൂല്യമുള്ളവയുടെ പട്ടികയില്‍ എച്ച്.ഡി.എഫ്.സിയെ പിന്തള്ളി ഏഴാംസ്ഥാനം നേടി ഐ.ടി.സി. ഏപ്രില്‍ 21 വരെയുള്ള കണക്കുപ്രകാരം 5.04 ലക്ഷം കോടി രൂപയുമായാണ് എഫ്.എം.സി.ജി., ഹോട്ടല്‍, സോഫ്റ്റ്‌വെയര്‍ തുടങ്ങി നിരവധി ബിസിനസ് ശൃംഖലകളുള്ള ഐ.ടി.സിയുടെ ഈ നേട്ടം. 5.03 ലക്ഷം കോടി രൂപയാണ് എച്ച്.ഡി.എഫ്.സിയുടെ വിപണിമൂല്യം.

കഴിഞ്ഞ ഒരുവര്‍ഷത്തിനിടെ 55 ശതമാനം ഉയര്‍ച്ചയാണ് ഐ.ടി.സി ഓഹരികളിലുണ്ടായിട്ടുള്ളത്. ഓഹരിവില റെക്കോഡ് 405.70 രൂപയിലെത്തിയതും കമ്പനിക്ക് നേട്ടമായി.
11-ാമത്തെ കമ്പനി
ലിസ്റ്റ്ഡ് കമ്പനികളില്‍ 5 ലക്ഷം കോടി രൂപ വിപണിമൂല്യം കവിയുന്ന 11-ാമത്തെ കമ്പനിയാണ് ഐ.ടി.സി. റിലയന്‍സ് ഇന്‍ഡസ്ട്രീസ്, ടി.സി.എസ്., എച്ച്.ഡി.എഫ്.സി ബാങ്ക്, എച്ച്.ഡി.എഫ്.സി, എസ്.ബി.ഐ., ഇന്‍ഫോസിസ്, ഐ.സി.ഐ.സി.ഐ ബാങ്ക്, എച്ച്.യു.എല്‍. എല്‍.ഐ.സി., ഭാരതി എയര്‍ടെല്‍ എന്നിവയാണ് നേരത്തേ ഈ നേട്ടം സ്വന്തമാക്കിയിട്ടുള്ള കമ്പനികള്‍.
മുന്നില്‍ റിലയന്‍സ്
വിപണി മൂല്യത്തില്‍ ഒന്നാംസ്ഥാനത്ത് റിലയന്‍സ് ഇന്‍ഡസ്ട്രീസാണ്. 15.86 ലക്ഷം കോടി രൂപയാണ് കഴിഞ്ഞ ആഴ്ചയിലെ വ്യാപാരാന്ത്യപ്രകാരം റിലയന്‍സിന്റെ മൂല്യം. ടി.സി.എസ് (11.43 ലക്ഷം കോടി രൂപ), എച്ച്.ഡി.എഫ്.സി ബാങ്ക് (9.31 ലക്ഷം കോടി രൂപ), ഐ.സി.ഐ.സി.ഐ ബാങ്ക് (6.23 ലക്ഷം കോടി രൂപ), എച്ച്.യു.എല്‍ (5.86 ലക്ഷം കോടി രൂപ), ഇന്‍ഫോസിസ് (5.08 ലക്ഷം കോടി രൂപ) എന്നിവയാണ് യഥാക്രമം തൊട്ടുപിന്നാലെയുള്ളത്.
Related Articles
Next Story
Videos
Share it