വേണ്ടി വന്നത് അഞ്ച് വര്‍ഷങ്ങള്‍, നാല് ട്രില്യണ്‍ വിപണി മൂല്യം തിരിച്ചുപിടിച്ച് ഐടിസി

അഞ്ച് വര്‍ഷങ്ങളുടെ കാത്തിരിപ്പിന് ശേഷം നാല് ട്രില്യണ്‍ വിപണി മൂല്യം തിരിച്ചുപിടിച്ച് ഏറ്റവും വലിയ സിഗരറ്റ് നിര്‍മ്മാതാക്കളും ഇന്ത്യയിലെ രണ്ടാമത്തെ വലിയ ഫാസ്റ്റ് മൂവിംഗ് കണ്‍സ്യൂമര്‍ ഗുഡ്‌സ് (എഫ്എംസിജി) കമ്പനിയുമായ ഐടിസി. ഇന്ന് 1.70 ശതമാനം നേട്ടത്തോടെ 323.00 രൂപയിലെത്തിയ കമ്പനിയുടെ വിപണി മൂല്യം 4.00 ട്രില്യണ്‍ രൂപയാണ്. കഴിഞ്ഞ ഒരുമാസത്തിനിടെ അഞ്ച് ശതമാനത്തിന്റെയും ആറ് മാസത്തിനിടെ 50 ശതമാനത്തിന്റെ ഉയര്‍ച്ചയും ആ കമ്പനി നിക്ഷേപകര്‍ക്ക് സമ്മാനിച്ചിട്ടുണ്ട്.

നേരത്തെ 2017 ജൂലൈ മൂന്നിനായിരുന്നു ഐടിസി ഏറ്റവും ഉയര്‍ന്ന വിപണി മൂല്യത്തിലെത്തിയത്. 4.16 ട്രില്യണ്‍ രൂപ. ഇതേ ദിവസം 353 രൂപ എന്ന എക്കാലത്തെയും ഉയര്‍ന്ന നിരക്കിലെത്തിയിരുന്നു. എന്നാല്‍ പിന്നീട് ഇടിവിലേക്ക് വീണ ഓഹരിക്ക് സമീപകാലത്താണ് തിരിച്ചുകയറാന്‍ സാധിച്ചത്. 75 ശതമാനത്തിലധികം വിപണി പങ്കാളിത്തമുള്ള ഇന്ത്യയിലെ മുന്‍നിര സിഗരറ്റ് നിര്‍മാതാക്കളാണ് ഐടിസി.

നടപ്പുസാമ്പത്തിക വര്‍ഷം ഒന്നാം പാദത്തില്‍ മികച്ച പ്രവര്‍ത്തനഫലം നേടാനായതാണ് ഐടിസിയുടെ ഓഹരി വില ഉയരാന്‍ കാരണം. ജൂണ്‍ പാദത്തില്‍ സിഗരറ്റില്‍നിന്നുള്ള വരുമാനം 29 ശതമാനം ഉയര്‍ന്ന് 6,608 കോടി രൂപയിലെത്തിയിരുന്നു. സെഗ്മെന്റുകളില്‍, എഫ്എംസിജി വരുമാനം 4,451 കോടി രൂപയായി, മുന്‍വര്‍ഷത്തെ കാലയളവിനേക്കാള്‍ 19.5 ശതമാനം വര്‍ധന. ഹോട്ടലുകളുടെ വരുമാനം കഴിഞ്ഞകാലയളവിലെ 128 കോടിയില്‍നിന്ന് 332.8 ശതമാനം വര്‍ധിച്ച് 554 കോടി രൂപയായി. പേപ്പര്‍ സെഗ്മെന്റ് വരുമാനം 1,583 കോടിയില്‍ നിന്ന് 2,267 കോടി രൂപയായി, 43.2 ശതമാനത്തിന്റെ വര്‍ധന. ഇത് തുടരുമെന്നാണ് വിദഗ്ധര്‍ വിലയിരുത്തുന്നത്.

സിഗററ്റ് വിപണിയില്‍ അവര്‍ നായകരാണെന്നതിന് പുറമെ എഫ്എംസിജി ഉല്‍പ്പന്നങ്ങളുടെ നീണ്ടശ്രേണിയിലൂടെ ഇന്ത്യയിലെ ഓരോ കുടുംബത്തിലെയും അവിഭാജ്യഘടകമാണ് ഐടിസി. ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്ലോണ്‍, ക്ലാസ്മേറ്റ്സ് എന്നിവയാണ് ഐടിസിയുടെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. SUUTI (Specified Undertaking of the Unit Trtsu of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ട്.

Related Articles
Next Story
Videos
Share it