കാത്തിരിപ്പിന്റെ ഫലം; ഒരു മാസത്തിനിടെ ഓഹരിവില ഉയര്‍ന്നത് 10 ശതമാനം, ടോപ് പത്തില്‍ തിരിച്ചുകയറി ITC

ഒരു മാസത്തിനിടെ ഓഹരി വില 10 ശതമാനത്തോളം ഉയര്‍ന്നതിന് പിന്നാലെ വിപണി മൂലധനത്തിലെ ആദ്യപത്ത് കമ്പനികളുടെ പട്ടികയില്‍ വീണ്ടും ഇടംപിടിച്ച് ഐടിസി. ഒരു മാസത്തിനിടെ ഓഹരിവില 10.57 ശതമാനം ഉയര്‍ന്ന ഐടിസി 291.25 രൂപ എന്ന നിലയിലാണ് ഇന്ന് വിപണിയില്‍ വ്യാപാരം നടത്തുന്നത്. കഴിഞ്ഞദിവസം ഈ ഓഹരി 52 ആഴ്ചക്കിടയിലെ ഏറ്റവും ഉയര്‍ന്ന വിലയായ 296.35 രൂപ എന്ന നിലയിലുമെത്തിയിരുന്നു.

കഴിഞ്ഞ ആറ് മാസത്തിനിടെ 31 ശതമാനത്തിന്റെ നേട്ടമാണ് ഐടിസിയുടെ ഓഹരിവിലയിലുണ്ടായത്. ഒരു വര്‍ഷത്തിനിടെ 43 ശതമാനത്തിന്റെ കുതിപ്പും ഈ ഓഹരി കണ്ടു. ഓഹരി വില ഉയര്‍ന്നതോടെയാണ് വിപണി മൂലധനത്തില്‍ ഐടിസി മുന്നേറിയത്. നിലവില്‍ 3.60 ലക്ഷം കോടി രൂപയാണ് ഈ കമ്പനിയുടെ വിപണി മൂല്യം.

വിപണി മൂലധനത്തില്‍ റിലയന്‍സ് ഇന്‍ഡസ്ട്രീസാണ് ഒന്നാമതുള്ളത്. ടിസിഎസ്, എച്ച്ഡിഎഫ്‌സി ബാങ്ക്, ഇന്‍ഫോസിസ് എന്നിവയാണ് യഥാക്രമം രണ്ടും മൂന്നും നാലും സ്ഥാനങ്ങളിലുള്ളത്. 10ാം സ്ഥാനത്തുള്ള ഐടിസിക്ക് മുന്നില്‍ എച്ച്ഡിഎഫ്‌സിയും തൊട്ടുപിറകെ ഭാരതി എയര്‍ടെല്ലുമാണുള്ളത്.

കോവിഡ് കാരണം കഴിഞ്ഞ രണ്ട് വര്‍ഷത്തിനിടയില്‍ ഏറ്റവും മോശമായി ബാധിച്ച ബിസിനസുകളിലൊന്നായ കമ്പനിയുടെ സിഗരറ്റ് ബിസിനസില്‍ ശക്തമായ തിരിച്ചുവരവാണ് കഴിഞ്ഞപാദത്തില്‍ കമ്പനി റിപ്പോര്‍ട്ട് ചെയ്തത്. കൂടാതെ, യാത്രാ നിയന്ത്രണങ്ങള്‍ ലഘൂകരിച്ചതും ഉത്സവ/വിവാഹ സീസണിന്റെ ആരംഭവും ഹോട്ടല്‍ ബിസിനസിന് ഗുണകരമായി.

ആശിര്‍വാദ്. സണ്‍ഫീസ്റ്റ്, യിപ്പീ, ബിംഗോ, ബി നാച്വറല്‍, ഫിയമ, എന്‍ഗേജ്, സാവ്്‌ലോണ്‍, ക്ലാസ്‌മേറ്റ്‌സ് എന്നിവയാണ് ഐടിസിക്ക് കീഴിലെ പ്രധാന ബ്രാന്‍ഡുകള്‍. ഇതിന് പുറമേ ഇന്ത്യയിലെ ഏറ്റവും വലിയ രണ്ടാമത്തെ ഹോട്ടല്‍ ശൃംഖലയുടെ ഉടമസ്ഥതയും നിയന്ത്രണവും അവരുടെ കൈയിലാണ്. രണ്ടരലക്ഷം കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം. SUUTI (Specified Undertaking of the Unit Trust of India) യുടെ ഓഹരി വില്‍പ്പന സംബന്ധിച്ച് വ്യക്തത വരികയോ കമ്പനിയുടെ ഡീമെര്‍ജര്‍ (വിഭജനം) സംബന്ധിച്ച തീരുമാനം വരികയോ ചെയ്താല്‍ ഓഹരി പുതിയ ഉയരങ്ങളിലേക്ക് എത്താനിടയുണ്ട്.

Related Articles
Next Story
Videos
Share it