ITC
Photo : ITC / Website

സിഗരറ്റ് നികുതിയില്‍ പുകഞ്ഞ് ഐ.ടി.സി; ഓഹരി ഒരു വര്‍ഷത്തെ ഏറ്റവും താഴ്ന്ന നിലയില്‍; നിക്ഷേപകര്‍ എന്തു ചെയ്യണം?

തുടര്‍ച്ചയായ ഒമ്പത് വ്യാപാര സെഷനുകളില്‍ ഏകദേശം 17 ശതമാനം ഇടിഞ്ഞ ഓഹരി, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി
Published on

ഇന്ത്യയിലെ പ്രമുഖ കോര്‍പ്പറേറ്റ് ഗ്രൂപ്പുകളിലൊന്നായ ഐടിസി ലിമിറ്റഡിന്റെ ഓഹരി വിലയില്‍ കനത്ത ഇടിവ് തുടരുന്നു. തുടര്‍ച്ചയായ ഒമ്പത് വ്യാപാര സെഷനുകളില്‍ ഏകദേശം 17 ശതമാനം ഇടിഞ്ഞ ഓഹരി, 52 ആഴ്ചയിലെ ഏറ്റവും താഴ്ന്ന നിലയിലേക്ക് കൂപ്പുകുത്തി. കേന്ദ്ര സര്‍ക്കാര്‍ സിഗരറ്റുകള്‍ക്കു മേല്‍ പ്രഖ്യാപിച്ച എക്‌സൈസ് നികുതി വര്‍ധനവാണ് ഈ ഇടിവിന് പ്രധാന കാരണമായി വിപണി വിലയിരുത്തുന്നത്.

ജനുവരി 13ന് ഐടിസി ഓഹരി 334-339 നിരക്കിലാണ് വ്യാപാരം നടന്നത്. ഇത് കഴിഞ്ഞ ഒരു വര്‍ഷത്തിനിടയിലെ ഏറ്റവും താഴ്ന്ന നിരക്കാണ്. 52 ആഴ്ചയിലെ ഉയര്‍ന്ന നിലയായ 471.5ല്‍ നിന്നുള്ള ഇടിവ് നിക്ഷേപകരെ ഗൗരവമായ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. ഇതോടെ കമ്പനിയുടെ വിപണി മൂല്യത്തില്‍ പതിനായിരക്കണക്കിന് കോടി രൂപയുടെ ഇടിവാണ് രേഖപ്പെടുത്തിയിരിക്കുന്നത്.

ലാഭത്തെ നേരിട്ട് ബാധിക്കുമെന്ന ആശങ്ക

സിഗരറ്റ് ബിസിനസില്‍ നിന്നാണ് ഐടിസിക്ക് ലാഭത്തിന്റെ വലിയ പങ്ക് ലഭിക്കുന്നത്. ഈ സാഹചര്യത്തില്‍ എക്‌സൈസ് നികുതി വര്‍ധനവ് ലാഭത്തെ നേരിട്ട് ബാധിക്കുമെന്ന ആശങ്കയാണ് ഓഹരി വിലയെ സമ്മര്‍ദ്ദത്തിലാക്കുന്നത്. ഇതിന്റെ പശ്ചാത്തലത്തില്‍ നിരവധി ബ്രോക്കറേജുകള്‍ ഐടിസിയെ കുറിച്ചുള്ള തങ്ങളുടെ ശുപാര്‍ശ പുനര്‍നിശ്ചയിച്ചു.

നുവാമ ബ്രോക്കറേജ് 'ബൈ'യില്‍ നിന്ന് 'ഹോള്‍ഡ്' ആയി താഴ്ത്തി. ഓഹരിയുടെ പുതിയ ടാര്‍ഗറ്റ് വില 415 മുതല്‍ 534 വരെയായി പുതുക്കുകയും ചെയ്തു. നികുതി വര്‍ധനവിന് പിന്നാലെ അടുത്ത കാലയളവിലെ വരുമാന കണക്കുകള്‍ അനിശ്ചിതമാണെന്ന വിലയിരുത്തലാണ് ഈ മാറ്റത്തിന് പിന്നില്‍.

വിപണി വിദഗ്ധരുടെ അഭിപ്രായത്തില്‍, ഐടിസിയുടെ ഓഹരി ഇടിവിന് പിന്നില്‍ നയപരമായ റിസ്‌കുകളും വിപണിയിലെ പൊതുവായ അനിശ്ചിതത്വവുമാണ്. എന്നാല്‍ സിഗരറ്റുകള്‍ക്കപ്പുറം എഫ്എംസിജി, ഹോട്ടല്‍, പേപ്പര്‍ബോര്‍ഡ്, അഗ്രി ബിസിനസ് തുടങ്ങിയ മേഖലകളിലേക്കുള്ള ഐടിസിയുടെ വ്യാപനം ദീര്‍ഘകാലത്ത് കമ്പനിക്ക് ഒരു സുരക്ഷിത കവചമാകാമെന്നും ചിലര്‍ ചൂണ്ടിക്കാട്ടുന്നു.

സമീപനം നിലവില്‍ രണ്ടു വിധത്തിലാണ്

നിക്ഷേപകരുടെ സമീപനം നിലവില്‍ രണ്ടു വിധത്തിലാണ്. ശക്തമായ ബ്രാന്‍ഡ് മൂല്യവും സ്ഥിരമായ ഡിവിഡന്റ് ചരിത്രവുമുള്ള ഒരു ബ്ലൂ-ചിപ്പ് ഓഹരിയില്‍ ഉണ്ടായ ഈ ഇടിവിനെ വാങ്ങല്‍ അവസരമായി ഒരു വിഭാഗം കാണുന്നു. നികുതി ആഘാതത്തിന്റെ യഥാര്‍ഥ ഫലം ലാഭത്തില്‍ വ്യക്തമായിത്തീരുംവരെ ജാഗ്രത പാലിക്കണമെന്ന ഉപദേശമാണ് മറ്റൊരു വിഭാഗത്തിന്റേത്‌.

സ്ഥിരതയും മൂല്യവുമുള്ള ഓഹരിയെന്ന പ്രതിച്ഛായ മങ്ങി ഇടക്കാല അസ്ഥിരതയും നയപരമായ അനിശ്ചിതത്വവും നിറഞ്ഞ ഘട്ടത്തിലൂടെയാണ് ഇപ്പോള്‍ ഐടിസി കടന്നുപോകുന്നത്.

മുന്നറിയിപ്പ്: ഈ കുറിപ്പ് പഠനാവശ്യം മുന്‍നിര്‍ത്തി മാത്രം. നിക്ഷേപ സംബന്ധമായ ശുപാര്‍ശയല്ല.

Read DhanamOnline in English

Subscribe to Dhanam Magazine

logo
DhanamOnline
dhanamonline.com