ഇക്‌സിഗോ ഐ.പി.ഒയ്ക്ക് മികച്ച പ്രതികരണം: നിക്ഷേപത്തിന് അനുയോജ്യമോ?

ഓണ്‍ലൈന്‍ ട്രാവല്‍ ഏജന്‍സിയായ ഇക്‌സിഗോയുടെ മാതൃകമ്പനിയായ ട്രാവന്യൂസ് ടെക്‌നോളജിയുടെ പ്രാരംഭ ഓഹരി വില്‍പ്പന (Initial Public Offer/IPO) ഇന്നലെ ആരംഭിച്ചു. ജൂണ്‍ 12 വരെയാണ് ഐ.പി.ഒയ്ക്ക് അപേക്ഷിക്കാവുന്നത്. രണ്ടാം ദിവസം നാല് മണി വരെ 7.74 മടങ്ങ് അപേക്ഷയാണ് ഐ.പി.ഒയ്ക്ക് ലഭിച്ചത്. റീറ്റെയില്‍ നിക്ഷേപകര്‍ക്ക് നീക്കിവച്ചിരുന്നത് 17.11 മടങ്ങ് ഓവര്‍ സബ്‌സ്‌ക്രൈബ്ഡ് ആയി.

ഐ.പി.ഒ വഴി 740.17 കോടി രൂപയാണ് കമ്പനി സമാഹരിക്കുന്നത്. 120 കോടി രൂപയുടെ പുതിയ ഓഹരികളുടെ വില്‍പ്പനയും 620.10 കോടി രൂപയുടെ ഓഫര്‍ ഫോര്‍ സെയിലും (ഒ.എഫ്.എസ്) ഉള്‍പ്പെട്ടതാണ് ഐ.പി.ഒ. പ്രമോട്ടര്‍മാരുടെ ഓഹരികളാണ് ഒ.എഫ്.എസ് വഴി വില്‍ക്കുന്നത്.

ഇക്‌സിഗോയുടെ ഇഷ്യു വില നിശ്ചയിച്ചിരിക്കുന്നത് 88-93 രൂപയാണ്. ഒരു ലോട്ടാണ് മിനിമം നിക്ഷേപം. തുടര്‍ന്ന് ഇതിന്റെ ഗുണിതങ്ങളായും നിക്ഷേപിക്കാം. ഒരു രൂപ മുഖവിലയുള്ള 161 ഓഹരികള്‍ ഉള്‍പ്പെട്ടതാണ് ഒരു ലോട്ട്. ജൂണ്‍ 18ന് ഓഹരി സ്‌റ്റോക്ക് എക്‌സ്‌ചേഞ്ചുകളില്‍ ലിസ്റ്റ് ചെയ്‌തേക്കും.

ഗ്രേ മാർക്കറ്റിൽ ഡിമാൻഡ്

നിലവില്‍ 25 ശതമാനം വരെ പ്രീമിയത്തിലാണ് ഓഹരി ഗ്രേ മാര്‍ക്കറ്റില്‍ വിപണനം ചെയ്യുന്നത്. ഇഷ്യു വിലയേക്കാള്‍ 24 രൂപ പ്രീമിയത്തിലാണ് വ്യാപാരം നടക്കുന്നതെന്നാണ് സൂചനകള്‍. ഔദ്യോഗിക വിപണിക്ക് പുറത്തുള്ള ഓഹരി വില്‍പ്പനയാണ് ഗ്രേ മാര്‍ക്കറ്റ് എന്നറയിപ്പെടുന്നത്. ഓഹരിയുടെ ലിസ്റ്റിംഗ് വിലയെ കുറിച്ച് സൂചന നല്‍കുന്നതാണ് ഗ്രേ മാര്‍ക്കറ്റ് വില.

രാജ്യത്ത് അതിവേഗം വളരുന്ന ട്രാവല്‍ ഏജന്‍സികളിലൊന്നാണ് ഇക്‌സിഗോ. കഴിഞ്ഞ സാമ്പത്തിക വര്‍ഷം ഏപ്രില്‍ മുതല്‍ ഡിസംബര്‍ വരെയുള്ള ഒന്‍പത് മാസക്കാലയളവില്‍ 497 കോടി രൂപയാണ് കമ്പനിയുടെ വരുമാനം. ഇക്കാലയളവില്‍ ലാഭം 65.7 കോടി രൂപയുമാണ്. ഓഹരിയുടെ ഐ.പി.ഒയിലെ ഉയര്‍ന്ന വില അനുസരിച്ച് 3,603 കോടി രൂപയാണ് കമ്പനിയുടെ വിപണി മൂല്യം.

ഐ.പി.ഒയില്‍ നിക്ഷേപിക്കണോ?

മെഹ്ത ഇക്വിറ്റീസിന്റെ റിസര്‍ച്ച് അനലിസ്റ്റ് രാജന്‍ ഷിന്‍ഡെ ഐ.പി.ഒയ്ക്ക് 'സബ്‌സ്‌ക്രൈബ് വിത്ത് റിസ്‌ക്' എന്ന റേറ്റിംഗ് ആണ് നല്‍കിയിരിക്കുന്നത്. 2021-22, 2022-23 സാമ്പത്തിക വര്‍ഷങ്ങളില്‍ വരുമാന വളര്‍ച്ചയില്‍ മികച്ചു നില്‍ക്കാന്‍ കമ്പനിക്ക് സാധിച്ചതായി അദ്ദേഹം വിലയിരുത്തുന്നു.

റെയില്‍ ബുക്കിംഗുകളിലെ ഇക്‌സിഗോയുടെ ശക്തമായ സാന്നിധ്യവും കണ്‍ഫോം ടിക്കറ്റ്, ഇക്‌സിഗോ എന്നിവയുടെ ഉയർന്ന വിപണി വിഹിതവും കണക്കിലെടുക്കുമ്പോള്‍ ട്രാവല്‍ രംഗത്ത് കമ്പനി മികച്ച നിലയിലാണ്. എന്നാല്‍ കമ്പനിയുടെ വാല്വേഷന്‍ ഉയര്‍ന്നതാണെന്ന് നിക്ഷേപകര്‍ മനസിലാക്കണമെന്ന് അദ്ദേഹം പറയുന്നു. ആനന്ദ് റാഠി, കനറ ബാങ്ക് സെക്യൂരിറ്റീസ് എന്നീ ബ്രോക്കറേജുകളും ദീര്‍ഘകാല ലക്ഷ്യത്തോടെ നിക്ഷേപിക്കാമെന്ന് നിര്‍ദേശിച്ചിട്ടുണ്ട്.

Dhanam News Desk
Dhanam News Desk  

Related Articles

Next Story

Videos

Share it