

എച്ച്.ഡി.എഫ്.സി ബാങ്ക് ഓഹരികള്‍ക്ക് 'ബൈ' ശിപാര്‍ശ നല്‍കി ബ്രോക്കറേജ് സ്ഥാപനമായ ജെഫ്രീസ്. 1,890 രൂപ ലക്ഷ്യമിട്ട് ഇപ്പോള്‍ ഓഹരി വാങ്ങാനാണ് നിര്‍ദേശം. അതായത് നിലവിലെ വിലയേക്കാള്‍ 12 ശതമാനം ഉയര്‍ച്ചയാണ് പ്രവചിക്കുന്നത്.
ബാങ്കിന്റെ ലോണ്‍ ടു ഡെപ്പോസിറ്റ് റേഷ്യോ ( LDR) അടുത്ത മൂന്ന് വര്‍ഷത്തിനുള്ളില്‍ 85-90 ശതമാനമാക്കാനാണ് ബാങ്ക് ലക്ഷ്യമിടുന്നത്. ഇത് സാധ്യമാണെന്ന് ജെഫ്രീസ് വിശ്വസിക്കുന്നു. നിക്ഷേപത്തില്‍ 15 ശതമാനം സംയോജിത വാര്‍ഷിക വളര്‍ച്ചയും വായ്പകളില്‍ 11 ശതമാനം വാര്‍ഷിക വളര്‍ച്ചയും നേടിയാല്‍ ഈ ലക്ഷ്യം കൈവരിക്കാനായേക്കുമെന്നാണ് കണക്കുകൂട്ടല്‍.
ലോണ്‍-ടു-ഡെപ്പോസിറ്റ് അനുപാതം (LDR) എന്നത് ഒരു ബാങ്കിന്റെ മൊത്തം വായ്പകളെ അതിന്റെ മൊത്തം നിക്ഷേപങ്ങളുമായി താരതമ്യം ചെയ്യുന്നതാണ്. ഒരു ബാങ്കിന്റെ പണലഭ്യത, ഫണ്ടിംഗ് തന്ത്രം, നഷ്ടസാധ്യത എന്നിവ വിലയിരുത്തുന്നതിന് ഇത് ഉപയോഗിക്കുന്നു.
ഇതുകൂടാതെ എച്ച്.ഡി.എഫ്.സി ബാങ്ക് ശാഖാ ശൃംഖല വിപുലപ്പെടുത്തുന്നത് നിക്ഷേപത്തിലും വായ്പകളിലും വളര്‍ച്ചയുണ്ടാക്കാം. ബാങ്കിന്റെ വായ്പാ വളര്‍ച്ച ഈ സെക്ടറിന്റെ ശരാശരിയിലോ താഴെയോ തുടരുമെന്നാണ് പ്രവചിക്കപ്പെടുന്നത്. എന്നിരുന്നാലും, ബാങ്കിന് അതിന്റെ ഫണ്ടിംഗ് ചെലവ് കുറയ്ക്കാന്‍ അവസരമുണ്ട്, ഇത് ബാങ്കിന്റെ അറ്റ പലിശ മാര്‍ജിന്‍ (എന്‍.ഐ.എം) വര്‍ദ്ധിപ്പിക്കുമെന്ന് ജെഫറീസ് കണക്കാക്കുന്നു.
മുന്‍ഗണനാ മേഖലയിലെ വായ്പ ആവശ്യകതകള്‍ പാലിക്കുന്നത് ലാഭത്തെ കാര്യമായി ബാധിക്കുമെന്ന് പ്രതീക്ഷിക്കുന്നില്ലെന്ന് ബ്രോക്കറേജ് അഭിപ്രായപ്പെട്ടു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ എസ്റ്റിമേറ്റ് 4-6 ശതമാനം കണ്ട് ജെഫറീസ് വെട്ടിച്ചുരുക്കി, വായ്പാ വളര്‍ച്ച മന്ദഗതിയിലാണ്. എന്നിരുന്നാലും, സുരക്ഷിതമല്ലാത്ത വായ്പകള്‍ ബാങ്ക് ശ്രദ്ധാപൂര്‍വം കൈകാര്യം ചെയ്യുന്നത് ക്രെഡിറ്റ് ചെലവുകള്‍ നിയന്ത്രിക്കാന്‍ സഹായിക്കുമെന്ന് പ്രതീക്ഷിക്കുന്നു, ലാഭക്ഷമത താരതമ്യേന സ്ഥിരതയോടെ തുടരുന്നുവെന്ന് ഉറപ്പാക്കുന്നു.
എച്ച്.ഡി.എഫ്.സി ബാങ്കിന്റെ 2025 സാമ്പത്തിക വര്‍ഷത്തെ രണ്ടാം പാദത്തിലെ പ്രവര്‍ത്തനഫലം ഒക്ടോബര്‍ 19ന് പുറത്തു വരും. കമ്പനി ഈ മാസമാദ്യം പങ്കുവച്ച ബിസിനസ് അപ്‌ഡേറ്റ് പ്രകാരം നിക്ഷേപ വളര്‍ച്ച വായ്പാ വളര്‍ച്ചയെ മറികടന്നതായാണ് വ്യക്തമാകുന്നത്.
കഴിഞ്ഞ വര്‍ഷം എച്ച്.ഡി.എഫ്.സിയുമായി ലയിച്ചതിനു ശേഷം എച്ച്.ഡി.എഫ്.സി ബാങ്കിന്റെ വായ്പകള്‍ നിക്ഷേപങ്ങളേക്കാള്‍ കൂടുതലാണ്. ഇത് ബാങ്കിന്റെ എല്‍.ഡി.ആര്‍ 110 ശതമാനമാക്കി. ഇതുമൂലമുള്ള ലിക്വിഡിറ്റി പ്രശ്‌നം പരിഹരിക്കുന്നതിന് ബാങ്ക് കൂടുതല്‍ നിക്ഷേപം സമാഹരിക്കുന്നതിലേക്ക് ശ്രദ്ധ തിരിച്ചിട്ടുണ്ട്.
ജെഫ്രീസിന്റെ ബൈ റേറ്റിംഗ് ലഭിച്ചതിനു ശേഷം ഇന്ന് ഓഹരികള്‍ ഇടിവിലാണ് വ്യാപാരം നടത്തുന്നത്. ഈ വര്‍ഷം ഇതു വരെ ഓഹരിയുടെ വിലയില്‍ അര ശതമാനത്തിലധികം ഇടിവുണ്ടായിട്ടുണ്ട്. ഇക്കാലയളവില്‍ നിഫ്റ്റി 15 ശതമാനത്തോളം നേട്ടമുണ്ടാക്കിയിട്ടുണ്ട്. കഴിഞ്ഞ ഒരു വര്‍ഷക്കാലയളവില്‍ ഓഹരിക്ക് 10 ശതമാനം നേട്ടമുണ്ടാക്കാനായി. നിഫ്റ്റിയുടെ 27 ശതമാനം വളര്‍ച്ചയുമായി നോക്കുമ്പോള്‍ ഇത് കുറവാണ്.
(Equity investing is subject to market risk. Always do your own research or consult a financial expert before investing)
Read DhanamOnline in English
Subscribe to Dhanam Magazine