

രാജ്യം ഉറ്റുനോക്കുന്ന 2026-27 സാമ്പത്തിക വർഷത്തേക്കുള്ള പൊതുബജറ്റ് അവതരണത്തിന് ഇനി മണിക്കൂറുകൾ മാത്രമാണ് അവശേഷിക്കുന്നത്. ഓപ്പറേഷൻ സിന്ദൂറിന്റെ പശ്ചാത്തലത്തിൽ പ്രതിരോധ മേഖല കേന്ദ്രീകരിച്ചുള്ള സർക്കാരിന്റെ മൂലധന ചെലവിടൽ വർധിക്കാമെങ്കിലും ധനമന്ത്രി നിർമല സീതാരാമൻ സാമ്പത്തിക അച്ചടക്കത്തിനും തെരഞ്ഞെടുത്ത മേഖലകളിൽ ഉപഭോഗം വർധിപ്പിക്കുന്നകിനും ഊന്നൽ നൽകുമെന്നാണ് വിദേശ ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ പുതിയ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിച്ചത്.
ഇത്തവണത്തെ പൊതുബജറ്റിൽ കൂടുതൽ വിഹിതവും പദ്ധതികളും പ്രതീക്ഷിക്കുന്ന നാല് സെക്ടറുകളും അവിടെ നേട്ടമുണ്ടാക്കാൻ സാധ്യതയുള്ള ഏതാനും ഓഹരികളെയും ജെഫറീസ് ബജറ്റിന് മുന്നോടിയായി പുറത്തിറക്കിയ റിപ്പോർട്ടിൽ ചൂണ്ടിക്കാട്ടിയിട്ടുണ്ട്. ഇതിന്റെ കൂടുതൽ വിശദാംശം ചുവടെ ചേർക്കുന്നു.
കർഷകർക്കുള്ള സൗരോർജ പമ്പുകൾക്കായുള്ള പിഎം-കുസും (PM-KUSUM) കേന്ദ്ര സർക്കാർ പദ്ധതിക്കായുള്ള ബജറ്റ് വിഹിതത്തിൽ ഇത്തവണ നാല് മടങ്ങായി വർധിക്കുമെന്നാണ് പ്രതീക്ഷ. 2025-26 സാമ്പത്തിക വർഷത്തിലേക്ക് 2,600 കോടി രൂപ നീക്കിവെച്ച സ്ഥാനത്ത്, ഇത്തവണത്തെ പദ്ധതിക്കുള്ള ബജറ്റ് വിഹിതം 10,000 കോടി രൂപയായി വർധിക്കുമെന്നാണ് വിലയിരുത്തൽ.
സൗരോർജ പമ്പ് നിർമാതാക്കളായ എംവി ഫോട്ടോവോൾട്ടിക് പവർ (Emmvee Photovoltaic Power), പ്രീമിയർ എനർജീസ്, വാരീ റിന്യൂവബിൾസ് തുടങ്ങിയ ഓഹരികൾക്ക് ഇത് നേട്ടം സമ്മാനിക്കാമെന്നും ജെഫറീസിന്റെ റിസർച്ച് റിപ്പോർട്ടിൽ സൂചിപ്പിക്കുന്നു. അതേസമയം പുരപ്പുറ സൗരോർജ പദ്ധതിയായ പിഎം സൂര്യഘർ പദ്ധതിക്കായുള്ള വിഹിതം ഇത്തവണയും 20,000 കോടി രൂപയായിരിക്കുമെന്നാണ് ബ്രോക്കറേജ് സ്ഥാപനത്തിന്റെ വിലയിരുത്തൽ.
ഇന്ത്യയിൽ സ്ഥാപിക്കുന്ന ഗ്ലോബൽ കപ്പാസിറ്റി സെന്ററുകൾക്കും (GCC) ഡേറ്റ സെന്ററുകൾക്കും നികുതി ഇളവുകൾ അടക്കമുള്ള ആനുകൂല്യങ്ങളും നയപരമായ പിന്തുണയും ഇത്തവണത്തെ പൊതുബജറ്റിൽ പ്രതീക്ഷിക്കാമെന്നാണ് ജെഫറീസിന്റെ വിലയിരുത്തൽ. ഓഫീസുകൾ നിർമിക്കുന്ന റിയൽ എസ്റ്റേറ്റ് ഇൻവെസ്റ്റ്മെന്റ് ട്രസ്റ്റുകൾക്ക് (REITs) ഗുണകരമാകും. ഇത് മൈൻഡ്സ്പേസ് ബിസിനസ് പാർക്ക്സ് ആർഐഇടി, എംബസി ഓഫീസ് പാർക്ക്സ് ആർഇഐടി എന്നിവരും സെന്റർ നിർമാണ മേഖലയിലുള്ള ലോധ ഡെവലപ്പേഴ്സിനും നേട്ടമേകാം.
അതുപോലെ ഗ്ലോബൽ കപ്പാസിറ്റി സെന്റർ നിർമാണ മേഖലയിൽ ഗണ്യമായ സാന്നിധ്യമുള്ള വീവർക്ക് ഇന്ത്യ മാനേജ്മെന്റ്, ഡിഎൽഎഫ്, പ്രസ്റ്റീജ് എസ്റ്റേറ്റ് പ്രോജക്ട്സ് പോലെയുള്ള റിയൽ എസ്റ്റേറ്റ് ഡെവലപ്പർമാർക്കും നേട്ടം സമ്മാനിക്കാം. സമാനമായി മെട്രോ നഗരങ്ങളിലെ ഉയർന്ന മൂല്യമുള്ള വീടുകളെ കൂടി സർക്കാരിന്റെ പലിശ സബ്സിഡി സ്കീമിലേക്ക് (CLSS) കൊണ്ടുവരുന്ന രീതിയിൽ അഫോഡബിൾ ഹൗസിങ്ങിന്റെ നിർവചനം പരിഷ്കരിക്കാനും സാധ്യതയുണ്ട്. അങ്ങനെയെങ്കിൽ ഹോം ഫസ്റ്റ് ഫിനാൻസ് കമ്പനി പോലുള്ള ധനകാര്യ സ്ഥാപനങ്ങൾക്കും ലോധ ഡെവലപ്പേഴ്സ്, സൺടെക് റിയാൽറ്റി പോലുള്ള ഭവന നിർമാണ കമ്പനികൾക്കും ഗുണകരമാകാമെന്ന് ജെഫറീസിന്റെ റിപ്പോർട്ടിൽ പറയുന്നു.
മെഡിക്കൽ ടൂറിസത്തെ രാജ്യത്തെ അറിയപ്പെടാത്ത കൂടുതൽ പ്രദേശങ്ങളിലേക്ക് കൂടി എത്തിക്കുന്നതിനുള്ള പ്രോത്സാഹനം പകരുന്ന നടപടികൾ ഇത്തവണത്തെ പൊതുബജറ്റിൽ പ്രതീക്ഷിക്കാം. അതുപോലെ വലിയ ഹോസ്പിറ്റാലിറ്റി ഇവന്റുകൾ സംഘടിപ്പിക്കാനുള്ള ടൂറിസം മേഖലയിലെ അടിസ്ഥാന സൗകര്യ വികസനത്തിനായി വൻ നിക്ഷേപവും പ്രഖ്യാപിച്ചേക്കാം എന്നും ജെഫറീസ് സൂചിപ്പിച്ചു. ഇത് ട്രാവൽ, ഹോട്ടൽ ഓഹരികൾക്ക് പൊതുവേ നേട്ടമാകും.
ഹോട്ടലിന് ഇൻഫ്രാസ്ട്രക്ചർ പദവി നൽകുന്നതും ഏവിയേഷൻ രംഗത്തെ ഉഡാൻ (UDAN) പദ്ധതി വിപുലീകരിക്കുന്ന പ്രഖ്യാപനങ്ങൾ ഉണ്ടായാലും ഇത്തരം ഓഹരികൾക്ക് ഗുണകരമാകും. അതുപോലെ പുതിയ വിമാനത്താവളങ്ങളുടെ സ്വകാര്യവത്കരണം പോലുള്ള നടപടികൾ സ്വീകരിക്കുന്നുണ്ടെങ്കിൽ അത് ജിഎംആർ എയർപോർട്ട്സ്, അദാനി എന്റർപ്രൈസസ് തുടങ്ങിയ ഓഹരികളും നേട്ടം കൊയ്യാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ റിസർച്ച് റിപ്പോർട്ടിൽ പറയുന്നു.
രാജ്യത്തിന്റെ സുരക്ഷിതത്വം ഉറപ്പാക്കുന്ന പദ്ധതികൾക്കും സേനകളുടെ നവീകരണത്തിനുമായി പ്രതിരോധ (Defence) മേഖലയിലേക്കുള്ള സർക്കാരിന്റെ മൂലധന ചെലവിടൽ വർധിക്കുമെന്നാണ് ജെഫറീസിന്റെ റിപ്പോർട്ടിൽ സൂചിപ്പിക്കുന്നത്. 2026-27 സാമ്പത്തിക വർഷത്തേക്കുള്ള ബജറ്റിൽ പ്രതിരോധ മേഖലയ്ക്കുള്ള വിഹിതം 12 ശതമാനം വർധനയോടെ 12.5 ലക്ഷം കോടി രൂപയാകുമെന്നാണ് പൊതുവേയുള്ള പ്രതീക്ഷ.
അതേസമയം പ്രതിരോധം ഒഴികെയുള്ള മേഖലകളിൽ സർക്കാരിന്റെ മൂലധന ചെലവിടലിന്റെ വർധന 5 മുതൽ 10 ശതമാനം വരെ ആയിരിക്കാമെന്നും ബ്രോക്കറേജ് സ്ഥാപനത്തിന്റെ ബജറ്റിന് മുന്നോടിയായുള്ള റിസർച്ച് റിപ്പോർട്ടിൽ പറയുന്നു. അങ്ങനെയെങ്കിൽ പൊതുമേഖലയിൽ നിന്നുള്ള ഡിഫൻസ് കമ്പനികളുടെ ഓഹരികൾക്ക് നേട്ടം ലഭിക്കാമെന്നും ജെഫറീസ് സൂചിപ്പിച്ചു.
മേൽസൂചിപ്പിച്ച വിവരം പഠനാവശ്യാർത്ഥം പങ്കുവെച്ചതാണ്. ബ്രോക്കറേജ് സ്ഥാപനമായ ജെഫറീസിന്റെ റിപ്പോർട്ടിനെ അടിസ്ഥാനമാക്കി തയ്യാറാക്കിയതാണ്. നിക്ഷേപ സംബന്ധമായ തീരുമാനം എടുക്കുന്നതിനുള്ള ശുപാർശയോ നിർദേശമോ അല്ല. ഓഹരി നിക്ഷേപം വിപണിയുടെ നഷ്ടസാധ്യതകൾക്ക് വിധേയമാണ്. ഓഹരി നിക്ഷേപത്തിന് മുൻപ് സ്വന്തം നിലയിൽ കമ്പനിയെ കുറിച്ച് കൂടുതൽ പഠിക്കുകയോ അല്ലെങ്കിൽ സെബി അംഗീകൃത സാമ്പത്തിക വിദഗ്ധരുടെ സേവനം തേടുകയോ നിങ്ങൾക്ക് ചെയ്യാവുന്നതാണ്.
Read DhanamOnline in English
Subscribe to Dhanam Magazine