പുതിയ ഹോള്‍മാര്‍ക്ക്: സാവകാശം തേടി സ്വര്‍ണ വ്യാപാരികള്‍ സമരത്തിലേക്ക്

സ്വര്‍ണാഭരണങ്ങള്‍ക്ക് ആറക്ക ഹോള്‍മാര്‍ക്ക് യുണീക് ഐഡന്റിഫിക്കേഷന്‍ നമ്പര്‍ (എച്ച്.യു.ഐ.ഡി) ആറുമാസത്തെ സാവകാശം കൂടി അനുവദിക്കണമെന്ന് ഓള്‍ കേരള ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ (എ.കെ.ജി.എസ്.എം.എ) സംസ്ഥാന ഭാരവാഹികളുടെ യോഗം ആവശ്യപ്പെട്ടു. ആവശ്യം അംഗീകരിച്ചില്ലെങ്കില്‍ അനിശ്ചിതകാല സമരത്തിലേക്ക് കടക്കുമെന്നും ഭാരവാഹികള്‍ വ്യക്തമാക്കി.

ഏപ്രില്‍ ഒന്നിന് കരിദിനമാചരിക്കും. ഏപ്രില്‍ മൂന്നിന് കൊച്ചിയിലെ ബ്യൂറോ ഓഫ് ഇന്ത്യന്‍ സ്റ്റാന്‍ഡേര്‍ഡ്‌സ് (ബി.ഐ.എസ്) ഓഫീസിന് മുന്നിലും 5ന് കേന്ദ്രസര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും ധര്‍ണ നടത്തും.
എന്താണ് എച്ച്.യു.ഐ.ഡി?

ഉപഭോക്താവിന് പരിശുദ്ധമായ സ്വര്‍ണം ഉറപ്പാക്കുകയാണ് എച്ച്.യു.ഐ.ഡി നടപ്പാക്കുന്നതിലൂടെ കേന്ദ്രവും ബി.ഐ.എസും ലക്ഷ്യമിടുന്നത്. നിലവിലെ നാലക്ക എച്ച്.യു.ഐ.ഡിയില്‍ ബി.ഐ.എസ് ലോഗോ, ആഭരണത്തിന്റെ പരിശുദ്ധിനിരക്ക്, ജുവലറിയുടെ (കട) പേര്, ഹോള്‍മാര്‍ക്കിംഗ് കേന്ദ്രത്തിന്റെ പേര് എന്നിവയാണുള്ളത്.

പുതിയ എച്ച്.യു.ഐ.ഡി

പുതിയ എച്ച്.യു.ഐ.ഡിയില്‍ ബി.ഐ.എസ് ലോഗോ, ആഭരണത്തിന്റെ പരിശുദ്ധിനിരക്ക് എന്നിവയ്‌ക്കൊപ്പം ആറക്ക ആല്‍ഫാന്യൂമറിക് മുദ്രയുമുണ്ടാകും. ഈ മുദ്ര ഉപയോഗിക്ക് ഉപഭോക്താവിന് തന്നെ ആഭരണത്തിന്റെ പരിശുദ്ധിയടക്കമുള്ള വിവരങ്ങള്‍ അറിയാനാകും. ഇതിനായി ബി.ഐ.എസ് കെയര്‍ ആപ്പ് ഡൗണ്‍ലോഡ് ചെയ്ത് ഉപയോഗിച്ചാല്‍ മതിയാകും.

വിപണിയില്‍ വന്‍ പ്രതിസന്ധി
നിലവില്‍ കേരളത്തിലെ സ്വര്‍ണാഭരണ ശാലകളിലുള്ള ആഭരണങ്ങളില്‍ 50 ശതമാനത്തിലേറെയും പഴയ നാലക്ക എച്ച്.യു.ഐ.ഡി മുദ്രയുള്ളവയാണ്. ഇവ പൂര്‍ണമായും ഏപ്രില്‍ ഒന്നിനകം ആറക്ക എച്ച്.യു.ഐ.ഡിയിലേക്ക് മാറ്റുക പ്രായോഗികമല്ല. ഏപ്രില്‍ ഒന്നുമുതല്‍ ആറക്ക എച്ച്.യു.ഐ.ഡിയുള്ള ആഭരണങ്ങള്‍ മാത്രമേ വില്‍ക്കാവൂ എന്നാണ് കേന്ദ്ര നിര്‍ദേശം. ഈ സാഹചര്യത്തിലാണ് ആറുമാസം കൂടി സാവകാശം സ്വര്‍ണവ്യാപാരികള്‍ ആവശ്യപ്പെടുന്നത്.
വ്യാപാരികളുടെ ആവശ്യം അംഗീകരിക്കപ്പെട്ടില്ലെങ്കില്‍ കടകളില്‍ നിന്ന് നാലക്ക മുദ്രയുള്ള ആഭരണങ്ങളെല്ലാം മാറ്റേണ്ടിവരും. ഇത് വിപണിയില്‍ വന്‍ പ്രതിസന്ധി സൃഷ്ടിക്കുമെന്ന് എ.കെ.ജി.എസ്.എം.എ സംസ്ഥാന ട്രഷറര്‍ അഡ്വ.എസ്. അബ്ദുല്‍ നാസര്‍ ചൂണ്ടിക്കാട്ടുന്നു.
മുന്നില്‍ രണ്ട് വഴികള്‍
നാലക്ക, ആറക്ക എച്ച്.യു.ഐ.ഡി മുദ്രകളുള്ള ആഭരണങ്ങള്‍ തമ്മില്‍ നിലവാരത്തില്‍ വ്യത്യാസമില്ലെന്നിരിക്കേ നാലക്ക എച്ച്.യു.ഐ.ഡി പതിച്ച ആഭരണങ്ങള്‍ തുടര്‍ന്നും വില്‍ക്കാന്‍ സാവകാശം അനുവദിക്കണമെന്നാണ് വ്യാപാരികളുടെ മുഖ്യ ആവശ്യം. ഇത് നിലനിറുത്തിക്കൊണ്ട് തന്നെ പുതിയ ആറക്ക എച്ച്.യു.ഐ.ഡിയിലേക്ക് മാറാന്‍ സമയം അനുവദിക്കുക.
കേരളത്തില്‍ 105 ഹോള്‍മാര്‍ക്കിംഗ് സെന്ററുകളാണുള്ളത്. ഇടുക്കി ഒഴികെ 13 ജില്ലകളിലും സെന്ററുകളുണ്ട്. ഓരോ 100 ആഭരണങ്ങളും പുതിയ എച്ച്.യു.ഐ.ഡിയിലേക്ക് മാറാന്‍ മൂന്ന് മണിക്കൂറെങ്കിലും വേണം. മാത്രമല്ല, പഴയ എച്ച്.യു.ഐ.ഡി മായ്ച്ച് പുതിയത് പതിക്കുമ്പോള്‍ 5 മില്ലിഗ്രാം വരെ നഷ്ടവുമുണ്ടാകുന്നുണ്ടെന്ന് വ്യാപാരികള്‍ പറയുന്നു. ഇത് സാമ്പത്തികനഷ്ടമുണ്ടാക്കുന്നു. അതിനാലാണ്, പഴയ നാലക്ക എച്ച്.യു.ഐ.ഡിയുള്ള ആഭരണങ്ങളുടെ വില്‍പന തുടരാന്‍ അനുവദിക്കണമെന്ന ആവശ്യം.
Related Articles
Next Story
Videos
Share it